Friday, May 30, 2014

നന്നാക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടൂ ഈ വെള്ളാനയെ

"ലാഭകരമല്ലെങ്കിൽ കെ എസ് ആർ ടി സി പൂട്ടിക്കൂടെ?" എന്ന് ചോദിച്ച ഹൈക്കോടതിയ്ക്ക് അഭിവാദ്യങ്ങൾ.

എന്താണ് കെ എസ് ആർ ടി സിയുടെ പ്രാഥമീകമായ കർത്തവ്യം? എന്റെ അറിവിൽ കുറെ ആളുകൾക്ക് ജോലിയും പെൻഷനും കൊടുക്കുക എന്നതല്ല, മറിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാണ്. പക്ഷെ അതിൽ കെ എസ് ആർ ടി സി എത്രമാത്രം വിജയിക്കുന്നു എന്നതിലാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാനിരക്ക് കേരളത്തിൽ ആണെന്ന് പറയുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നഷ്ടത്തിൽ പോകുന്നു. ഇതിന്റെ തലപ്പത്തിരുന്നു ഇറങ്ങുന്ന എല്ലാവരും സമ്മതിക്കുന്ന കാര്യം കെ എസ് ആർ ടി സി യുടെ ദുരവസ്ഥയ്ക്ക് കാരണം കെടുകാര്യസ്ഥത ആണ് എന്നതാണ്. എന്നാൽ തലപ്പത്തിരിക്കുമ്പോൾ അതിനെ നേരെയാക്കാൻ ആർക്കും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നിരക്ക്, ഓടിക്കുന്ന സർവ്വീസുകളിൽ ഉയർന്ന നിരക്കിലുള്ള ഫാസ്റ്റ് പാസെഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, എയർബസ്സ് ഇങ്ങനെ നിരക്ക് കൂടുതലുള്ള സൗജന്യങ്ങൾ കുറവുള്ള സർവ്വീസുകൾ. ഓടിക്കുന്നതാവട്ടെ നിയമങ്ങൾ ലംഘിച്ചും ഫാസ്റ്റിനു മുകളിൽ പെർമിറ്റുഌഅ വണ്ടികൾ ആളുകൾ നിന്നു യാത്രചെയ്യരുതെന്നാണ്. എന്നാൽ സൂപ്പർ ഫാസ്റ്റിൽ പോലും നൂറോളം ആളുകളെ കയറ്റിപോകുന്നു. കാരണം യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ സർവ്വീസുകൾ ഇല്ല. സർവ്വീസ് എന്ന് പറയുമ്പോഴും ലാഭകരമല്ലാത്ത സർവ്വീസുകൾ നിറുത്തലാക്കും എന്ന് ഇടയ്ക്കിടെ മന്ത്രിമാർ പറയും. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാലും അപ്പോഴും ആനവണ്ടിയുടെ സാമ്പത്തികസ്ഥിതി പ്രശ്നം. എറണാകുളത്ത് എല്ലാ ബസ്സുകൾക്കും ഡ്രൈവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന്അ ഡോറുകൾ ഘടിപ്പിക്കണം എന്ന് നിർദ്ദേശം വന്നു. അപ്പോഴും ആനവണ്ടിയെ ഒഴിവാക്കണം. ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ ജി പി എസ് ഘടിപ്പിക്കണം അതിനും ആനവണ്ടിയെ ഒഴിവാക്കണം. അമിതവേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ്ചുമത്തുന്നതിലും ആനവണ്ടിയെ ഒഴിവാക്കണം. അങ്ങനെ ഒരു നിയമവും ആനവണ്ടിയ്ക്ക് ബാധകമല്ല.

ജീവനക്കാരുടെ കാര്യത്തിലും ഉണ്ട് പ്രശ്നം. പലപ്പോഴും ജീവനക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഉള്ള ജീവനക്കാർ മെഡിക്കൽ ലീവെടുത്ത് എം പാനൽ ജീവനക്കാരെ കൊണ്ട് ജോലിചെയ്യിക്കുന്ന അവസ്ഥ. അങ്ങനെയും ചില റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വണ്ടിയുടെ സ്പെയർ പാർട്സുകൾ, ചേസിസ്, ടയർ എന്നിങ്ങനെ പല കരാറുകളിലും അഴിമതിയും കമ്മീഷനും. കെ എസ് ആർ ടി സി നഷ്ടത്തിലാവാൻ ഇങ്ങനെയും പല കാരണങ്ങളും ഉണ്ട്. പക്ഷെ എല്ലാക്കാലവും ഔദ്യോഗികമായി പറയുമ്പോൾ വില്ലൻ ജീവനക്കാരുടെ പെൻഷൻ മാത്രം. അത് സർക്കാർ ഏറ്റെടുത്താൽ കെ എസ് ആർ ടി സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ഇപ്പോൾ തന്നെ കോടികൾ ഈ വെള്ളനായുടെ ജീവൻ പിടിച്ചുനിറുത്താൻ ചിലവിടുന്നുണ്ടല്ലൊ.

കഴിഞ്ഞ സർക്കാർ മറ്റൊരു അപരാധംകൂടി ചെയ്തു. ജെൻറം പദ്ധതിയിൽ കിട്ടിയ വണ്ടികൾ കൂടി ഈ വെള്ളാനയുടെ ചുമതലക്കാരെ ഏല്പിച്ചു. ഫലം എറണാകുളത്തെ പല ദേശസാൽകൃതറൂട്ടിലും ഇപ്പോൾ ഓർഡിനറി ബസ്സുകളേക്കാൾ കൂടുതൽ ഈ പച്ച ലോഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. ഓർഡിനറിയിലും കൂടിയ ചാർജ്ജ് വാങ്ങി അളുകളെ പിഴിയുന്നു. ദേശസാൽകൃതറൂട്ടായതിനാൽ യാത്രക്കാർക്ക് മറ്റ് ഉപാധികളും ഇല്ല. ഞാൻ ജോലിചെയ്യുന്ന കളമശ്ശേരി മേഖലയിൽ കാക്കനാട് നിന്നും സീ പോർട്ട് എയർ പോർട്ട് റോഡ് കളമശ്ശേരി, കണ്ടെയ്നർ റോഡ്, വരാപ്പുഴ വഴി പറവൂർക്ക് വൈകീട്ട് നാല് പച്ചവണ്ടികൾ ആണുള്ളത്. ഒരു ഓർഡിനറി ബസ്സു പോലും ഇല്ല. ഈ ബസ്സുകൾ നിന്നു യാത്രചെയ്യാൻ ഉദ്ദേശിച്ച് ഡിഅസൈൻ ചെയ്തവയല്ല്. എന്നാലും കുത്തിനിറച്ച് ആളുകളെ കയറ്റിയാണ് ഓടിക്കുന്നത്. ഈ പച്ചവണ്ടികൾക്ക് പകരം തിരുകൊച്ചി വണ്ടികൾ ഓടിച്ചാൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്ക് യാത്രചെയ്യാം. പച്ചവണ്ടിയിൽ യാത്രചെയ്യാൻ സാമ്പത്തികമുള്ളവർ അതിൽ പോകട്ടെ. പക്ഷെ ഓടിക്കില്ല ആളുകളെ പിഴിയാൻ പറ്റില്ലല്ലൊ. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ റൂട്ടിലും ഈ പച്ചവണ്ടികളുടെ ബാഹുല്യം ആണ്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഇനി ജൻറം പദ്ധതിയിൽ ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കിട്ടില്ല എന്ന് കേൾക്കുന്നു. ഇപ്പോൾ ഉള്ള വണ്ടികൾ വൈകാതെ കട്ടപ്പുറത്താവും. അങ്ങനെയെങ്കിലും ഈ റൂട്ടുകളിൽ ഓർഡിനറി സർവ്വീസ് വരുമല്ലൊ.  വൈകുന്നേരം കളമശ്ശേരിയിൽ നിന്നും ഈ പച്ചവണ്ടിയിൽ കയറി ഒരു മണിക്കൂർ യാത്രചെയ്ത് പറവൂരിൽ ഇറങ്ങുമ്പോൾ മസ്സുകൊണ്ട് നൂറുവട്ടമെങ്കിലും ശപിക്കും ഈ വകുപ്പിനേയും ജനങ്ങലെ ഇങ്ങനെ ദ്രോഹിക്കുന്നവരേയും. സേവനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഈ വകുപ്പും ഇതിന്റെ തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കുന്നവരും ഒരിക്കലും ഗുണം പിടിക്കില്ല. 

Wednesday, May 28, 2014

നരേന്ദ്ര മോദി സർക്കാരിന് ആശംസകൾ

നീണ്ട മുപ്പതു വർഷങ്ങൾക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു പാർട്ടി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നു. ഇത് ഏറ്റവും സന്തോഷകരമായ കാര്യം തന്നെ. രാഷ്‌ട്രീയപ്പാർട്ടി എന്നനിലയിലും പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കുന്നതിനുള്ള അംഗസംഖ്യ ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉണ്ട്. അതുകൊണ്ട് ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവും എന്ന് കരുതുന്നു. കഴിഞ്ഞ മുപ്പതുവർഷക്കാലം ഇന്ത്യ ഭരിച്ചിരുന്നത് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സർക്കാരുകൾ ആണ്. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ പരാജയപ്പെട്ടു. പലപ്പോഴും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ അധികാരമേറ്റെടുത്തിരിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയുടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അത്തരം പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് കരുതുന്നു. ദേശീയ ജനാധിപത്യ മുന്നണിയും അതിന് നേതൃത്വം നൽകുന്ന ഭാരതീയ ജനതാ പാർട്ടിയും ഒറ്റക്കെട്ടായി ശരിയായ, ശക്തമായ തീരുമാനങ്ങൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശീക കക്ഷികളും സങ്കുചിത മനോഭാവമുള്ള ചെറുകക്ഷികളും ചേർന്നുള്ള കൂട്ടുകക്ഷി ഭരണം ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ദേശീയപാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാർ തന്നെ കേന്ദ്രത്തിൽ ഉണ്ടാകണം എന്നതാണ് എന്നും എന്റെ അഭിപ്രായം. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഉണ്ടായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ശരിയായ തീരുമാനങ്ങളിലൂടെ അഴിമതിരഹിതമായ ഒരു ഭരണം കാഴ്ചവെയ്ക്കാൻ നരേന്ദ്ര മോദി സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇത്രയും ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ആ സർക്കാരിൽ നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തെ പ്രതിനിധാനം ചെയ്യാൻ ആരും ഇല്ലെന്നതിൽ സങ്കടവുമുണ്ട്. 

Thursday, May 08, 2014

മുല്ലപ്പെരിയാർ അന്തിമവിധി

ഏറെ നാളുകളായി കേരളം ആകാംഷയോടെ കാത്തിരുന്ന മുല്ലപ്പെരിയാർ കേസിൽ ഇന്ന് സുപ്രീംകോടതിയുടെ അന്തിമവിധി വന്നിരിക്കുന്നു. അവസാനഘട്ടം വാദം നടക്കുന്ന സമയത്ത് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ ചില പരാമർശങ്ങൾ പ്രതീക്ഷനൽകുന്നതായിരുന്നു എങ്കിലും അന്തിമവിധി അത്തരത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്തതാണ്. ആകെ ആശ്വാസകരം എന്ന് വിദഗ്ദ്ധർ പറയുന്നത് ഡാമിന്റെ മുകളിൽ തമിഴ്നാടിനുണ്ടായിരുന്ന ഏകാധിപത്യം അവസാനിച്ചു എന്നത് മാത്രം. ഇനി ഡാമിന്റെ ജലനിരപ്പ്, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിക്കുന്ന തീരുമാനം എടുക്കുക കേന്ദ്രജലവിഭവകമ്മീഷന്റേയും കേരളത്തിന്റേയും തമിഴ്നാടിന്റേയും ഓരോ പ്രതിനിധികൾ അടങ്ങുന്ന ഒരു മൂന്നംഗസമിതി ആയിരിക്കും. തമിഴ്നാട് ഉന്നയിച്ച പല വാദങ്ങളും അംഗീകരിച്ച സുപ്രീംകോടതി ഈ വിഷയത്തിൽ കേരളം മുന്നോട്ട് വെച്ച ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന എല്ലാ വാദങ്ങളും തള്ളിക്കളയുകയായിരുന്നു. കേരളത്തിന്റെ വാദങ്ങൾ വെറും ആശങ്കകൾ മാത്രമായിരുന്നില്ല. ഡെൽഹി ഐ ഐ ടിയിൽ നിന്നും ഈ രംഗത്തെ വിദഗ്ദ്ധരെ കൊണ്ടുവന്ന് പഠനം നടത്തി, അവരുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ വാദത്തിന്റെ വിവിധഘട്ടങ്ങളിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി വിസ്തരിക്കുകയും  ചെയ്തിരുന്നു. എന്നിട്ടും അന്തിമവിധിയിൽ ഡാമിന്റെ സുരക്ഷസംബന്ധിക്കുന്ന യാതൊരു ആശങ്കയും സുപ്രീംകോടതി സൂചിപ്പിക്കുന്നില്ല. ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയായി നിജപ്പെടുത്തിക്കൊണ്ട് കേരളനിയമസഭ പാസ്സാക്കിയ നിയമം പോലും കോടതിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമായിക്കണ്ട് റദ്ദാക്കുകയാണ് കോടതി ചെയ്തത്. ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂർ രാജാവും തമ്മിൽ 1886 ഒക്‌ടോബർ 29ന് ഒപ്പിട്ട പാട്ടക്കരാർ സ്വാതന്ത്ര്യാനന്തരം കാലഹരണപ്പെട്ടതാണ്. ആ കരാറാണ് 1970 മെയ് 29ന് അച്യുതമേനോൻ സർക്കാർ തിരുവിതാംകൂർ രാജാവ് ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയതിലും ഉദാരമായ വ്യവസ്ഥകളോടെ യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ പുതുക്കി നൽകിയത്. അന്ന് മുതൽ കേരളം ഭരിച്ച വിവിധ സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിച്ച അലംഭാവം കേരളത്തിന്റെ സ്വന്തം നദി എന്ന് നാം പറഞ്ഞിരുന്ന പെരിയാർ ഒരു അന്തർസംസ്ഥാനനദിയായി മാറുന്നതിൽ എത്തി നിൽക്കുന്നു. കേരളം കാര്യകാരണസഹിതം ഉന്നയിച്ച പല വാദങ്ങളും ചെവിക്കൊള്ളാത്ത സുപ്രീംകോടതി വിധി ഏകപക്ഷീയവും പ്രതിഷേധാർഹവും ആണെന്ന് ഞാൻ കരുതുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപ് എഴുതിയ പോസ്റ്റുകൾ ഇവിടെ വായിക്കാം.