Thursday, January 30, 2014

കാത്തിരിക്കുന്ന ദുരന്തം

        കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് പലപ്പോഴും നമ്മൾ വിശേഷിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ തലവാചകം എന്നതിൽ ഉപരി വലിയ പ്രാധാന്യം ഒന്നും ഈ എഴുത്തിൽ തോന്നാറില്ല. എന്നാൽ ഈ മാസം ഉണ്ടായ ചില സംഭവങ്ങൾ - ഒഴിവയിപ്പോയ വലിയ ദുരന്തങ്ങൾ - ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം അന്വർത്ഥമാണെന്ന് തോന്നൽ ഉണ്ടാക്കുന്നു. ജനുവരി മാസത്തിൽ കേരളം രക്ഷപ്പെട്ടത് മൂന്ന് വലിയ ദുരന്തങ്ങളിൽ നിന്നാണ്. ജനുവരി 7, 14, 29 തീയതികളിൽ എൽ പി ജി ബുള്ളറ്റ് ടാങ്കർ അപകടങ്ങൾ തലനാരിഴ വ്യത്യാസത്തിൽ ആണ് ഒഴിഞ്ഞു പോയത്.
അങ്കമാലിയിൽ ലീക്ക് ഉണ്ടായ ടാങ്കർ അഗ്നിശമനസേന
വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കുന്നു
ചിത്രത്തിനു കടപ്പാട്: The Hindu

          ഈ വർഷം ആദ്യത്തെ  എൽ പി ജി അപകടം എന്ന് വിശേഷിപ്പൈക്കാവുന്നത് ജനുവരി 7ന് അങ്കമാലിയിൽ ഉണ്ടായതാണ്. നിറയെ ഗ്യാസുമായി പോയിരുന്ന ബുള്ളറ്റ് ടാങ്കറിന്റെ വാൽവ് തകരാറിൽ അവുകയും ഗ്യാസ് ലീക്ക് ചെയ്യുകയും ചെയ്തു. തീപിടിക്കുന്നതുമുൻപേ പിന്നാലെ വന്ന വാഹനത്തിലെ ആളുകൾ അപകടം അറിയിച്ചതിനാൽ ടാങ്കറിന്റെ ഡ്രൈവർ വാഹനം ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കുകയും ഫയർഫ്ഴ്സും പോലീസും നാട്ടുകരും സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായി അപകടം ഒഴിവായി. പിന്നീട് ഉണ്ടായ അപകടം ജനുവരി 14ന് കണ്ണൂരിലെ കല്ല്യാശേരിയിൽ ആണ്. അന്ന് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് തീപിടിക്കുകയാരുന്നു. അവിടേയും സമീപവാസികളൂടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും അവസരോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി. എങ്കിലും 36 മണിക്കൂറിലധികം നീണ്ട തീവ്രപരിശമത്തിനൊടുവിലാണ് തീഅണയ്ക്കാൻ സാധിച്ചത്. മുന്നാമത്തേത് ഇന്നു (29/01/2014) രാവിലെ ഹരിപ്പാട്ട് ഉണ്ടായ അപകടം. ടാങ്കർ റോഡിൽ നിന്നും മാറി അഞ്ചടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇവിടേയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. 
കരുനാഗപ്പിള്ളിയ്ക്കടുത്ത് പുത്തൻതെരുവിൽ ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu
             ടാങ്കർ അപകടത്തിന്റെഭീകരത കേരളം ഒരു പക്ഷെ ആദ്യമായി അറിയുന്നത് 2009 ഡിസംബർ 31ന് കരുനഗപ്പള്ളിയിലെ പുത്തൻതെരുവ് എന്ന സ്ഥലത്ത് ടാങ്കർ ലോറി മറിഞ്ഞ് തീപിടിച്ചപ്പോൾ ആയിരിക്കണം. അന്ന് അഗ്നിശമനസേനാവിഭാഗത്തിലെ ആളുകൾ ഉൾപ്പടെ 7 ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. തീപിടിച്ച് പൊട്ടിത്തെറിക്കാവുന്ന ടാങ്കർ ലോറി റോഡിൽ കിടക്കുമ്പോൾ എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുകയാരുന്നു കേരളം. പിന്നീട് കേരളം കണ്ട ദുരന്തം 2012 ആഗസ്ത് 27ന് കണ്ണൂരിലെ ചാല ദുരന്തം ആണ്. രാത്രി ടാങ്ക്ർ മറിഞ്ഞ് പെട്ടിത്തെറിച്ച് ഒരു പ്രദേശം ആകെ അഗ്നിനാളങ്ങൾ വിഴുങ്ങിയപ്പോൾ ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പടെ 20 ജീവനുകൾ നഷ്ടപ്പെട്ടു.
ചാല ദുരന്തത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ടാങ്കർ കടപ്പാട് മാതൃഭൂമി
             ചാല ദുരന്തം ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം ദുരന്തം നേരിടേണ്ട രീതികളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. പാചകവാതകം കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കറുകളുടെ നീക്കത്തിന് സർക്കാർ ചിലകർശനവ്യവസ്ഥകൾ മുന്നോട്ട് വെച്ചു. അത് കൃത്യമായി പാലിക്കപ്പെടും എന്ന ഉറപ്പ് എണ്ണക്കമ്പനികളിൽ നിന്നും ടാങ്കർ ഉടമകളിൽ നിന്നും ഉണ്ടായി. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച OISD (Oil Indusrty Safety Directorate) അതിന്റെ റിപ്പോർട്ടിൽ ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. അവ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ട ചുമതല വിവിധ സർക്കാർ ഏജൻസികൾക്കാണ്. ബുള്ളറ്റ് കാരിയർ എന്നറിയപ്പെടുന്ന പാചകവാതക ടാങ്കറുകളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാകണമെന്നതാണ് അതിലെ ഒരു വ്യവസ്ഥ. പലപ്പോഴും ലംഘിക്കപ്പെടുന്നതും ഈ വ്യവസ്ഥതന്നെ. എന്നാൽ ആ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്നാണ് ഇന്നത്തെ ഹരിപ്പാട് അപകടം വ്യക്തമാക്കുന്നത്.
കരുനാഗപ്പള്ളിയിൽ (പുത്തെൻതെരുവ്) കത്തിയമർന്ന ടാങ്കർ
ചിത്രത്തിനു കടപ്പാട് www.veethi.com
             2009 ഡിസംബറിലെ പുത്തൻതെരുവ് അപകടത്തിനു ശേഷം 3 വർഷമായിട്ടും ആലോചനതുടങ്ങിയ പലകാര്യങ്ങളും എങ്ങും എത്തിയില്ല. ഇന്ന് ഹരിപ്പാടിനു സമീപം ടാങ്കർ ലോറി മറിഞ്ഞിട്ട് ഇതെഴുതുമ്പോൾ 24 മണിക്കൂർ തികയാൻ അധികസമയം ബാക്കിയില്ല. വെളുപ്പിന് മൂന്നു മണിയ്ക്ക് അപകടം നടന്നിട്ട് മറിഞ്ഞ ടാങ്കറിലെ ഗ്യാസ് മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിനുള്ള സംവിധാനം എറണാകുളത്തുനിന്നും അപകടസ്ഥലത്ത് എത്തുന്നത് 8 മണിക്കൂർ കഴിഞ്ഞാണ്. ഇപ്പോഴും ടാങ്കർ ഉയർത്തിമാറ്റുന്നതിനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചിട്ടില്ല. കേരളത്തിൽ മൂന്ന് എൽ പി ജി ബോട്ടിലിങ് പ്ലാന്റുകൾ ആണുള്ളത് ചേളാരി, നടക്കാവ്, പാരിപ്പിള്ളി എന്നിവിടങ്ങളിലാണ് ഈ പ്ലാന്റുകൾ. കേരളത്തിനു വെളിയിൽ മംഗലാപുരത്തുനിന്നും തമിഴ്നാട്ടിൽ നിന്നും ബൾക്ക് കാരിയർ എന്നറിയപ്പെടുന്ന ടാങ്കറുകളിലാണ് പാചകവാതകം എത്തിക്കുന്നത്. ദീർഘദൂരം ഒരേ ഡ്രൈവർ തന്നെ വണ്ടി ഓടിക്കുന്നതും, റോഡിന്റെ ശോചനീയാവസ്ഥയും, ശരിയായ സിഗ്നൽ ബോർഡുകളുടെ അഭാവവും, കണ്ടെയ്നർ ലോറികളുടെ കാലപ്പഴക്കവും എല്ലാം അപകടകാരണങ്ങളായി വിലയിരുത്തപ്പെടുന്നു. 
ഹരിപ്പാട് ഇന്ന് 29/01/2013 ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് മാധ്യമം
             നിലവിലെ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നവയാണ് ഇപ്പോൾ ഉണ്ടാകുന്ന പല ദുരന്തങ്ങളും. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിൽ ഒരു സംവാദം (അകം പുറം 28/01/2014) ഈ വിഷയത്തിൽ ഉണ്ടായിരുന്നു. അതിൽ പങ്കെടുത്തുകൊണ്ട് ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞ ചിലകാര്യങ്ങൾ ഗൗരവതരമായ ചർച്ചയും നടപടികളും ഈ വിഷയത്തിൽ വേണം എന്ന് ഉറപ്പിക്കുന്നതാണ്. ചാലയിലും കല്യാശേരിയിലും ഉണ്ടായതുപോലുള്ള അപകടങ്ങൾ തിരക്കേറിയ ഏതെങ്കിലും നഗരത്തിലോ ഹൈവേയിലോ സംഭവിച്ചാൽ ഉണ്ടാകുന്ന ആൾ നാശവും വസ്തുനാശവും പ്രവചനാതീതമാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്ങും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി. കേരളത്തിൽ ഓടുന്ന 90% അധികവും (ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞതനുസരിച്ചാണെങ്കിൽ കേരളത്തിൽ ഒരു കോട്ടയം സ്വദേശിയായ വ്യക്തിക്ക് മാത്രമാണ് ബുള്ളറ്റ് ടാങ്കർ ഉള്ളത്) അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടാങ്കറുകളാണ്. ഇവയിൽ പലതും പത്തുവർഷത്തിൽ അധികം പഴക്കമുള്ളതും, കൃത്യമായ സുരക്ഷാപരിശോധനകൾ നടത്താതെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നവയും ആണ്. ഇവയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ നടപടി എടുക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവ കേരളത്തിലേയ്ക്കുള്ള ഓട്ടം നിറുത്തുന്നു. ഇതുമൂലം കേരളത്തിൽ പാചകവാതകക്ഷാമം ഉണ്ടാകുകയും തുടർന്നുള്ള സമ്മർദ്ദങ്ങൾ പരിശോധന നിറുത്തിവെയ്ക്കാൻ വകുപ്പിനെ നിർബന്ധത്തിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സന്ധിചെയ്യുന്നത് ഒരു വലിയ അപകടവുമായാണ്. അപകടമുണ്ടായാൽ തന്നെ അതിനെ നേരിടുന്നതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഒന്നും നമുക്കില്ല എന്നതും അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
 
2011 ജനുവരി 1ന് മലപ്പുറം ജില്ലയിൽ താഴെക്കാട് ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu

        മേല്പറഞ്ഞതുപോലെ ഈ മാസം മൂന്നപകടങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി. അതുപോലെ മുൻകാലങ്ങളിലും ചെറുതും വലുതുമായ നിരവധി ടാങ്കർ അപകടങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അതൊന്നും പുത്തെൻതെരുവിലും ചാലയിലും ഉണ്ടായതുപോലുള്ള ദുരന്തങ്ങളിൽ കലാശിച്ചില്ല. പക്ഷെ എല്ലാത്തവണയും അങ്ങനെ ആകണം എന്നില്ല. ഇനി ഒരു ദുരന്തമുണ്ടാകുമ്പോൾ പണ്ട് പറഞ്ഞതെല്ലാം വീണ്ടും പറയും. പിന്നെ എല്ലാം പഴയപടി. അടുത്ത ഒരു ദുരന്തത്തിനായി കാത്തിരിക്കാം.
(കേരളത്തിൽ സമീപകാലത്തുണ്ടായ ഗ്യാസ് ടാങ്കർ അപകടങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി എഴുതിയത്)