കെ എസ് ആർ ടി സി ബസ്സുകൾക്ക് (തിരു-കൊച്ചി) സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ പെർമിറ്റ് അനുവദിച്ചതിനെതിരെ സ്വകാര്യബസ്സുടമകൾ നൽകിയ ഹർജി തള്ളിയ 2013 മാർച്ച് മാസം 23ലെ ഹൈക്കോടതി ഉത്തരവ് വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് ഞങ്ങൾ വൈപ്പിൻ നിവാസികൾ കണ്ടത്. എന്നാൽ ഇന്ന് എന്താണ് അവസ്ഥ? 12/08/2013-ൽ ഞാൻ നൽകിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി ചീഫ് ട്രാഫിക് മാനേജർ (കെ എസ് ആർ ടി സി, തിരുവനന്തപുരം) മറുപടി നൽകിയിരുന്നു. എന്നാൽ ഇതേ വിഷയത്തിൽ കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും കിട്ടിയ മറുപടി 11 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ്. അനുവദിക്കപ്പെട്ടതിൽ 50% പോലും ഓടിക്കുന്നില്ല എന്നർത്ഥം. ആറ് മാസത്തിനിടയിൽ 9 ബസ്സുകൾ നിറുത്തി. ഓടുന്ന 11 ബസ്സുകളിൽ തന്നെ ആർ ടി എ അനുവദിച്ച പല ട്രിപ്പുകളും ഓടിക്കുന്നുമില്ല. വൈപ്പിനിലെ ഗതാഗതപ്രശ്നം അംഗീകരിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷ് തന്റെ വിധിന്യായം അവതരിപ്പിക്കുന്നത്. ബസ്സുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ അതിനു തയ്യാറുള്ളവർക്ക് പെർമിറ്റ് അനുവദിക്കുമോ?
സ്വകാര്യബസ്സുകൾക്കും നഗരപ്രവേശനത്തിന് അർഹതയുണ്ടെന്ന് അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വൈപ്പിൻകരയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തെ എറണാകുളം സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുടമാസംഘം എതിർക്കുകയാണ്. അതിനൊപ്പം ട്രാഫിക് പോലീസും ഈ നീക്കത്തെ എതിർക്കുന്നു. വൈപ്പിനിൽ നിന്നുള്ള ബസ്സുകൾക്കും നഗരപ്രവേശനം അനുവദിച്ചാൽ അത് നഗരത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്ന് അവർ പറയുന്നു. ഗോശ്രീ പാലങ്ങൾ വഴി നഗരവുമായി വൈപ്പിൻ ദ്വീപിനെ ബന്ധിപ്പിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. നായനാർ സർക്കാരിന്റെ കാലഘട്ടത്തിൽ ആണ് (പാലം ഔദ്യോഗീകമായി തുറന്നത് 2004 ജൂൺ 5ന് ആണ്). ഇപ്പോൾ ഒരു ദശകം പൂർത്തിയാകുന്നു. ഇനിയെങ്കിലും അധികാരികൾ ഈ വിഷയത്തിൽ അലംഭാവം കാട്ടരുതെന്നാണ് അപേക്ഷ.
സർവ്വീസ് തുടർന്നും നടത്താൻ കെ എസ് ആർ ടി സി യ്ക്ക് സാധിക്കുന്നില്ലെങ്കിൽ സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്ന കാര്യം ആർ ടി എ പരിഗണിക്കണം. കെ എസ് ആർ ടി സിയുടെ കഴിവുകേടിന് പതിനായിരക്കണക്കിനു വരുന്ന ദ്വീപ് നിവാസികളെ ബലിയാടാക്കരുത്.