മൂലമ്പിള്ളി ഗൂഗിൾ മാപ്പ് |
മൂലമ്പിള്ളി മലയാളികൾ ഒരു പക്ഷെ ഈ സ്ഥലനാമം അത്രപെട്ടന്ന് മറന്നുകാണും എന്ന് ഞാൻ കരുതുന്നില്ല. മൂലമ്പിള്ളി ഒരു ചെറിയ ദ്വീപാണ്. എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തിൽ പെടുന്ന ദ്വീപ്. ഈ ദ്വീപ് ഒരു കാലത്ത് കളിമൺ പാത്രങ്ങൾക്ക് പേരുകേട്ടതായിരുന്നു എങ്കിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപ് കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത് വികസനത്തിനുവേണ്ടി നടന്ന് കുടിയൊഴിപ്പിക്കലിന്റെ പേരിൽ ആണ്. എറണാകുളത്തു തന്നെ വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന്റെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിന്റെ പേരിൽ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നിരവധി സമരങ്ങൾക്കാണ് മൂലമ്പിള്ളി സാക്ഷ്യം വഹിച്ചത്. ഒടുവിൽ എറണാകുളം ജില്ലാകളക്ടർ ആയിരുന്ന മുഹമ്മദ് ഹനീഷിന്റെ ഉത്തരവിൽ ജില്ലാഭരണകൂടം 2008 ഫെബ്രുവരി 6ന് മൂലമ്പിള്ളിയിലെ നിരവധി നിവാാസികളെ തങ്ങളുടെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവരുടെ വീടുകളിൽ നിന്നും പുറത്താക്കി. തുടർന്ന് അവരുടെ വീടുകൾ ഇടിച്ചു നിരത്തി. അന്ന് തികച്ചും ഞെട്ടലോടെയാണ് കേരളത്തിലെ മനുഷ്യത്വം ഉള്ളവർ വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ആ ദൃശ്യങ്ങൾ കണ്ടത്. വയോവൃദ്ധരെ വീടിനു വെളിയിലാക്കി, അന്നത്തേയ്ക്ക് വെച്ച ആഹാരസാധനങ്ങൾ വലിച്ചെറിഞ്ഞു, വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ വരെ നശിപ്പിച്ചു. തികച്ചും കാടത്തമായ നടപടി. സർക്കാർ സ്പേൺസർചെയ്ത ഗുണ്ടായിസം അതാണ് അന്ന് മൂലമ്പള്ളിയിൽ നടന്ന്. മൂലമ്പള്ളിയെ കേരളത്തിലെ സിങ്കൂർ എന്നാണ് പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഹാശ്വേതാ ദേവി വിശേഷിപ്പിച്ചത്.
മൂലമ്പള്ളിയിൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് സഖാവ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ എൽ ഡി എഫ് സർക്കാരാണ്. എന്നാൽ മൂലമ്പള്ളിയിൽ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും സഖാവ് വി എസ് അച്യുതാനന്ദൻ കൈകഴുകുകയായിരുന്നു. തന്റെ അറിവോടെ അല്ല ഈ സംഭവങ്ങൾ നടന്നതെന്ന് അദ്ദേഹം പറയുന്നു. താൻ കേരളത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം കേട്ട് 'മൂത്രമൊഴിക്കാൻ മുട്ടിയ എറണാകുളം ജില്ലകളക്ടർ' അടുത്തുചാടി നടത്തിയ നടപടി ആയിരുന്നു മൂലമ്പള്ളിയിലേതെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കുടിയൊഴിക്കപ്പെട്ടവർക്ക് പല പുനരധിവാസപാക്കേജുകളും പ്രഖ്യാപിക്കപ്പെട്ടു. അച്യുതാനന്ദൻ സർക്കാരിനു വേണ്ടി അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ ഒപ്പുവെച്ച പുനരധിവാസ നടപടികൾ അച്യുതാനന്ദൻ പടിയിറങ്ങുന്നതുവരെ ഒന്നും നടപ്പിലായില്ല.
തുടർന്നു നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കലും അവരുടെ പുനരധിവാസവും ആയിരുന്നു. മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കൽ യു ഡി എഫ് രാഷ്ട്രീയ ആയുധവുമാക്കി. തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വന്നു. മൂലമ്പള്ളിക്കാർക്കായുള്ള പ്രഖ്യാപനങ്ങളിൽ കുറവൊന്നും ഉണ്ടായില്ല. തന്റെ പ്രധാനപ്പെട്ട നടപടികളിൽ ഒന്ന് മൂലമ്പിള്ളി പുനഃരധിവസം ആണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ ഔദ്യോഗീക വെബ്സൈറ്റിൽ പറയുന്നുണ്ട്.
മൂലമ്പിള്ളിയിൽ നിന്നും 316 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ട് ഇന്ന് 6 വർഷത്തിൽ അധികം പിന്നിടുന്നു. വിവിധ രാഷ്ട്രീയകക്ഷികൾ ഇവർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ ഇന്നത്തെ (05/07/2014) മലയാളമനോരമ പത്രത്തിന്റെ മെട്രോ എഡീഷൻ നോക്കിയാൽ മതി. 316 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതിൽ ഇതുവരെ വീടുവെച്ച് താമസിക്കാനായത് 35 കുടുംബങ്ങൾക്ക് മാത്രം. രണ്ട് സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങളിൽ പലതും കടലാസിൽ മാത്രം ഒതുങ്ങുന്നു. പുനരധിവാസത്തിനായി സർക്കാർ നൽകിയിരിക്കുന്ന സ്ഥലത്തിന് ഭൂരിപക്ഷം പേർക്കും കിട്ടിയിരിക്കുന്നത് പുറമ്പോക്ക് പട്ടയമാണ്. ഇത് 25 വർഷത്തേയ്ക്ക് വായ്പക്കായി ഈടുവെയ്ക്കാൻ പോലും സാധിക്കില്ല. മൂലമ്പള്ളിയിൽ സകലതും നഷ്ടപ്പെട്ട് വഴിയാധാരമായവർ വായ്പയെടുക്കാതെ എങ്ങനെ വീടുവെയ്ക്കും, വായ്പയ്ക് അവർ എന്ത് ഈടുനൽകും.
05/07/2014-ലെ മലയാളമനോരം മെട്രോ വാർത്ത |
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തിരഞ്ഞെടുത്തത് 7 സ്ഥലങ്ങൾ ആണ്. ഇതിൽ ആറും പുഴയോരം നികത്തിയെടുത്തത്. ഇവിടെ വാസയോഗ്യമായ രീതിയിൽ നികത്തി വെള്ളവും വൈദ്യുതിയും ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരളഹൈക്കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. മൂലമ്പള്ളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ചർച്ചചെയ്ത് 2011 ജൂൺ 6ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളിചേർത്ത യോഗത്തിന്റെ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പുനരധിവാസം നിരീക്ഷിക്കുന്നതിന് (monitoring) ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഒരു സമിതിയുടെ രൂപീകരണം ആയിരുന്നു. ഈ സമിതിയിൽ റവന്യു, ജല അതോറിറ്റി, കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികളും മൂലമ്പിള്ളി കൊ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസീസ് കളത്തുങ്കൽ, ചെയർമാൻ സി ആർ നീലകണ്ഠൻ എന്നിവർ അംഗങ്ങളും ആണ്. ഒരോ മാസവും ഈ കമ്മറ്റി യോഗം ചേർന്ന് മൂലമ്പിള്ളിയിലെ പുനരധിവാസത്തിന്റെ പുരോഗതി സംബന്ധിക്കുന്ന റിപ്പോർട്ട് റവന്യു മന്ത്രിയ്ക്ക് നൽകണം എന്നായിരുന്നു തീരുമാനം. ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ഒരുവർഷമായിട്ട് ഈ സമതി യോഗം ചേർന്നിട്ടില്ല എന്നതാണെന്ന് മനോരമ റിപ്പോർട്ട് പറയുന്നു. സർക്കാർ പുനരധിവാസത്തിനായി കണ്ടെത്തിയ 7 സ്ഥലങ്ങളിലേയും അവിടെ പുനരധിവസിപ്പിക്കാൻ തീരുമാനിക്കപ്പെട്ട 304 കുടുംബങ്ങളുടേയും പുനരധിവാസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ റിപ്പോർട്ടിൽ പറയുന്നുണ്ട്. അത് താഴെ ചേർക്കുന്നു.
വടുതല (ചേരാനല്ലൂർ) 22/93: രണ്ടാമത്തെ വലിയ പുനരധിവാസ ഭൂമി. 93 കുടുംബങ്ങൾക്കായി 4.22 ഏക്കർ സ്ഥലം അനുവദിച്ചിരിക്കുന്നു. ഇതിൽ വീടുവെച്ച് താമസമാക്കിയത് 22 പേർ മാത്രം. വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്രയേറെ കുടുംബങ്ങൾക്കുള്ള ഡ്രെയിനേജ് സംവിധാനം പര്യാപ്തമല്ല. റോഡിന്റെ കാര്യം പരിതാപകരം. ഒരു പ്ലോട്ട് ഇപ്പോഴും പൂർണ്ണമായും വെള്ളത്തിന്റെ അടിയിൽ ആണ്. കായലോരത്തെ ഭൂമിയിൽ വെള്ളം കയറാതിരിക്കാൻ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തികെട്ടാൻ തീരുമാനിച്ച് 4 വർഷം മുൻപ് 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. സംരക്ഷണഭിത്തി ഇപ്പോഴും കടലാസിൽ മാത്രം.
തൈക്കാവ്കുളം (ചേരാനെല്ലൂർ) 0/6: 6 കുടുംബങ്ങൾക്കായി 30 സെന്റ് ഭൂമിയാണ് ഇവിടെ കണ്ടെത്തിയത്. പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമികളിൽ ഏറ്റവും മികച്ചതും തീരദേശപരിപാലനനിയമത്തിന്റെ പരിധിയിൽ വരാത്തതുമായ ഭൂമി ഇതാണ്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന തർക്കം കോടതിയിൽ ആയതിനാൽ ഭൂമി അനുവദിച്ചുകിട്ടിയതിൽ ആർക്കും ഇവിടെ വീട് പണിയാൻ സാധിച്ചിട്ടില്ല.
തുതിയൂർ (കാക്കനാട്)2/160: കാക്കനാട് വ്യവസായമേഖലയ്ക്ക് സമീപം കടമ്പ്രയാറിന്റെ തീരത്ത് രണ്ട് പുനരധിവാസഭൂമികൾ ആണ് ഉള്ളത്. ഇതിൽ ഇന്ദിരാനഗർ കോളനിയോട് ചേർന്നുള്ള 7.57 ഏക്കർ ഭൂമിയാണ് ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം. 104 കുടുംബങ്ങൾക്ക് ഇവിടെ പുനരധിവാസം അനുവദിച്ചെങ്കിലും ഇതുവരെ ഇവിടെ വീട് വെച്ച് മാറിയത് ഒരു കുടുംബം മാത്രം. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര ഒരുക്കിയിട്ടില്ല. തുതിയൂരിൽ തന്നെ കരുണാകരപിള്ള റോഡിനോട് ചേർന്നുള്ള 2.41 ഏക്കർ ഭൂമിയിൽ ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്നും കുടിയൊഴിപ്പിച്ച 56 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു അതിലും ഒരാൾ മാത്രമാണ് വീട് വെച്ചത്. പട്ടയം അനുസരിച്ച് 4 സെന്റ് ഭൂമിയാണ് അനുവദിച്ചത് എങ്കിലും അളന്നുവന്നപ്പോൾ മൂന്നേമുക്കാൽ സെന്റ് ഭൂമി മാത്രമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. ഈ പോരായ്മ പരിഹരിക്കപ്പെടാത്തതിനാൽ ഇവിടത്തെ വീടുകളുടെ പ്ലാനിനും അംഗീകാരം ലഭിച്ചിട്ടില്ല.
കോതാട് (കടമക്കുടി) 3/15: 15 കുടുംബങ്ങൾക്കായി ഒരേക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. മണ്ണിട്ട് നികത്തി റോഡ് വെള്ളം വൈദ്യുതി എന്നിവ എത്തിച്ചു എങ്കിലും ഇതുവരെ വീട് വെച്ചു താമസിച്ചത് മൂന്ന് കുടുംബങ്ങൾ മാത്രം.
പൊന്നാരിമംഗലം (മുളവുകാട്) 0/14: 14 കുടുംബങ്ങൾക്ക് 90 സെന്റ് ഭൂമിയാണ് ഇവിടെ അനുവദിച്ചത്. എന്നാൽ തീരദേശപരിപാലന നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് ആർക്കും ഇതുവരെ ഇവിടെ വീടുവെയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ട് മാസം മുൻപ് മാത്രമാണ് ഇവിടെ തീരദേശപരിപാലനനിയമത്തിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് തീരുമാനം ഉണ്ടായത്. മുളവുകാട് പോഞ്ഞിക്കരയിൽ ഒരാൾക്ക് അനുവദിച്ച നാലുസെന്റ ഭൂമിയിൽ നേരത്തെ തന്നെ വീട് പണികഴിഞ്ഞ് താമസിച്ചു.
കോരാമ്പാടം (കടമക്കുടി) 3/4: ഇവിടെ 13 സെന്റിൽ മൂന്നു കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചതിൽ രണ്ട് കുടുംബങ്ങൾ വീടുവെച്ചും ഒരാൾ കുടിൽ കെട്ടിയും താമസിക്കുന്നു. അതിനു സമീപത്ത് ഒരാൾക്ക് 6 സെന്റ് സ്ഥലം നല്കിയെങ്കിലും ആ സ്ഥലം പൂർണ്ണമായും വെള്ളക്കെട്ടിലാണ്.
മൂലമ്പള്ളി (കടമക്കുടി) 4/13: വിവാദമായ മൂലമ്പള്ളി കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട 22 കുടുംബങ്ങളിൽ 13 കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ നടന്ന സ്ഥലത്തുനിന്നും അര കിലോമീറ്റർ മാറി കണ്ടെയ്നർ റോഡിനോട് ചേർന്നുള്ള 1.2ഏക്കർ കായൽ പുറമ്പോക്ക് ഭൂമി അനുവദിച്ചത്. ഇതിൽ ഇതുവരെ വീടെവെച്ച് താമസമായത് 4 കുടുംബങ്ങൾ മാത്രം.ബാക്കി സ്ഥലം കാടുപിടിച്ചു കിടക്കുന്നു. വെള്ളവും വൈദ്യുതി കണക്ഷനും റോഡും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഹൈവേകൾ 45 മീറ്റർ വീതിയിൽ വേണം എന്ന ചർച്ചകൾ ഓൺലൈൻ വേദികളിൽ നടക്കുമ്പോൾ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് വാദിക്കുന്നവരെ വിമർശിക്കുന്നവർക്ക് മുകളിലെ കണക്കുകൾ സമർപ്പിക്കുന്നു. വികസനം ആവശ്യമാണ്. അതിന് ജനങ്ങൾ തയ്യാറാവണം. പക്ഷെ മഹാഭൂരിപക്ഷത്തിന്റെ നന്മയ്ക്കും ഗുണത്തിനും വേണ്ടി ഒരു ചെറിയ വിഭാഗം ത്യാഗം ചെയ്യേണ്ടിവരുമ്പോൾ ആ വിഭാഗത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരുകൾ തയ്യാറാവണം. മൂലമ്പള്ളിയിൽ ഓരോ കുടുംബത്തിനും അഞ്ചു സെന്റ് എന്ന് പറഞ്ഞിട്ട് നൽകിയത് പുറമ്പോക്ക് പട്ടയം ആണ്. അതും 25 വർഷത്തേയ്ക്ക് വായ്പയ്ക്കായി പോലും ഈട്വെയ്ക്കാൻ പറ്റാത്ത പട്ടയം. വായ്പ എടുത്തല്ലാതെ അവർക്ക് വീട് പണിയാൻ സാധിക്കില്ല. അതിനുള്ള പണം എങ്ങനെ അവർ കണ്ടെത്തും. വീട് പണിയുന്നതുവരെ വാടകയ്ക്ക് താമസിക്കാൻ സർക്കാർ പണം നൽകും എന്നൊരു പ്രഖ്യാപനം ആ സമയത്ത് കേട്ടിരുന്നു. അതിന്റെ സ്ഥിതി എന്തായി എന്നറിയില്ല. അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വിദ്യാർത്ഥികളായ മക്കളുടെ വിദ്യാഭ്യാസം അതെങ്ങനെ മുന്നോട്ട് പോയിരിക്കും. കൈക്കുഞ്ഞുങ്ങളുമായി ഒരു ദിവസം കൊണ്ട് വീട് വിട്ടിറങ്ങേണ്ടിവന്നവർ അവരുടെ ദുരവസ്ഥ. പ്രായമായവർ തങ്ങൾ ജനിച്ചുവളർന്ന മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട ദുഃഖത്തിൽ ശിഷ്ടജീവിതം തീർത്തിരിക്കും. വികസനത്തിന്റെ പേരിൽ വഴിയാധാരമാക്കപ്പെട്ടവർ വേറെയും എറണാകുളം നഗരത്തിൽ തന്നെയുണ്ട്. പേരണ്ടൂർ - തേവരകനാലിന്റെ വശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് ഒരു ലോഡ്ജിന്റെ രണ്ട് മുറികൾ വീതം ലഭിച്ച് വർഷങ്ങളായി അതിൽ കഴിഞ്ഞുവരുന്ന കുടുംബങ്ങൾ. ഇങ്ങനെ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമാകുന്നവരുടെ കണ്ണീരണിയിക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.
കേരളം ഒരു പക്ഷെ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ടാവും. ഇത്തരം വികസനങ്ങൾക്ക് പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാതെ സർക്കാരുകൾക്ക് മുൻപോട്ട് പോകാൻ സാധിക്കില്ല. സർക്കാരുകൾ വാക്കുപാലിക്കില്ല എന്നതിന്റെ നല്ല ഉദാഹരണമാണ് മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ.
മൂലമ്പള്ളി സമരത്തിന്റെ ചില ഭാഗങ്ങൾ, സാമൂഹ്യ സാംസ്കാരികനായകന്മാരുടെ പ്രതികരണങ്ങൾ, കുടിയൊഴിപ്പിക്കലിന്റെ ദൃശ്യങ്ങൾ എന്നിവ മുകളിലെ യുട്യൂബ് വീഡിയോയിൽ കാണാം. വികസനത്തിന്റെ പാതയിലെ കറുത്ത ഏടാണ് മൂലമ്പള്ളി എന്നതിൽ തർക്കമില്ല. മൂലമ്പള്ളികൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനമാത്രമാണുള്ളത്. ഒപ്പം വല്ലാർപാടം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എത്രയും വേഗത്തിൽ പൂർത്തിയാകട്ടെ എന്നും ആഗ്രഹിക്കുന്നു.
(മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മലയാളമനോരമ മെട്രോ (കൊച്ചി എഡിഷനിൽ) 05/07/2014-ൽ അനീഷ് നായർ തയ്യാറക്കിയ ലേഖനത്തെയും ഇന്റെനെറ്റിൽ നിന്നും ലഭ്യമായ മറ്റു വിവരങ്ങളേയും ആസ്പദമാക്കിയാണ് മുകളിൽ കൊടുത്തിട്ടുള്ള ബ്ലോഗ് എഴുതിയത്.)