Attuparambath KL-46F-6660 (08/08/2014) |
ഇത് ഇന്ന് ഉച്ചയ്ക്ക് പറവൂരിൽ (വടക്കൻ പറവൂർ, എറണാകുളം ജില്ല) നിന്നും ഇടപ്പള്ളി വരെ ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ (ആർ സി നമ്പർ KL-46F-6660) യാത്രചെയ്ത ടിക്കറ്റ് ആണ്. എറണാകുളം ആർ ടി എ അംഗീകരിച്ച നിരക്ക് പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പള്ളി വരെ 17രൂപയാണ്. പറവൂരിൽ നിന്നും ഇടപ്പള്ളിവരെയുള്ള ദൂരം 17 കിലോമീറ്റർ ആണെന്നും ഏറ്റവും പുതിയ നിരക്കനുസരിച്ച് (20/05/2014-ൽ പുതുക്കിയ നിരക്ക്) ഒരു കിലോമീറ്റർ ഓർഡിനറി ബസ്സിൽ യാത്രചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക 64 പൈസയാണെന്നും ഓർക്കുന്നത് നല്ലതായിരിക്കും. അതായത് 17 കിലോമീറ്റർ സംഞ്ചരിക്കുന്നതിന് 11രൂപ (17 X 0.64 = 10.88 & round off). അപ്പോൾ ഈ നിരക്ക് തന്നെ എത്ര അശാസ്ത്രീയമാണെന്ന് വ്യക്തം. എന്നാൽ ഈ നിരക്കും തൃശൂർ കേന്ദ്രമായുള്ള ചില സ്വകാര്യബസ്സ് മുതലാളിമാർ അംഗീകരിച്ചിട്ടില്ല. അവരെ സംബന്ധിച്ച് മഞ്ഞുമ്മൽ കവല എന്ന ഫെയർസ്റ്റേജ് എടുത്ത് മാറ്റിയ (അശാസ്‌ത്രീയമായ ഫെയർ സ്റ്റേജ് സമ്പ്രദായത്തെക്കുറിച്ച് നിരന്തരമായ പരാതികൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ആണ് എറണാകുളം ആർ ടി എ ഇങ്ങനെയൊരു തീരുമാനം എടുത്തത്) എറണാകുളം ആർ ടി എയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ ഇന്നു ഞാൻ യാത്രചെയ്ത ആറ്റുപറമ്പത്തിലെ കണ്ടക്‌ടറുമായി തർക്കിച്ചു. അദ്ദേഹം പറഞ്ഞത് എറണാകുളം ആർ ടി എയുടെ തീരുമാനത്തിനെതിരെ മുതലാളിമാർ കേസിനുപോയെന്നും മുതലാളിമാർക്ക് അനുകൂലമായ വിധി ഉണ്ടായി എന്നുമാണ്. എന്നാൽ അതൊന്നറിയണമല്ലൊ. ബസ്സിൽ വച്ചുതന്നെ എറണാകുളം ആർ ടി ഒയെ വിളിച്ചു. എന്തോ അദ്ദേഹം തിരക്കിലായിരുന്നു എന്ന് തോന്നുന്നു. ഫോൺ റിങ്ങ് ചെയ്തതല്ലാതെ അറ്റന്റ് ചെയ്തില്ല. നിരാശതോന്നി എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു കാര്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞത് അങ്ങനെ ഒരു കോടതിവിധി ഉണ്ടായിട്ടില്ല എന്നാണ്. ഇത്തരം പരാതി ഉണ്ടെന്നും ഇതിന്മേൽ തൃശൂർ ആർ ടി ഒയാണ് നടപടി എടുക്കേണ്ടത് എന്നുമാണ്. ഈ വിഷയത്തിൽ വകുപ്പുതലത്തിലുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയം ഞാൻ 20/05/2014-ൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ ഉന്നയിച്ചിരുന്നു. അന്നും എനിക്ക് കിട്ടിയ മറുപടി ഇതുതന്നെയാണ്. അന്വേഷണം നടപടികൾ എന്നിവ നടക്കുന്നു. സർക്കാരുകാര്യം അല്ലെ നടപടി ഉണ്ടാകുമായിരിക്കും. അങ്ങനെ പ്രതീക്ഷിക്കാം.
Attuparambath KL-46A-3006 (19/05/2014) |
കഴിഞ്ഞ തവണത്തേതിൽ നിന്നും കൂടുതൽ ആസൂത്രിതമാണോ ബസ്സുടമകളുടെ നടപടി എന്നും സംശയിക്കുന്നു. കഴിഞ്ഞതവണ ടിക്കറ്റിലെ തീയതിയും സമയവും കൃത്യമായിരുന്നു. ഇത്തവണ ഒരുപാടു പഴയതീയതിയാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 21/09/2009 സമയവും തെറ്റ്. ആരും പരാതിയും കൊണ്ട് പോകതിരിക്കാനാണോ എന്നറിയില്ല. അതും കണ്ടക്ടറോട് ചോദിച്ചു അതൊന്നും അവർ ശ്രദ്ധിക്കാറില്ലത്രെ.
ഇനി എന്റെ സംശയങ്ങൾ. എറണാകുളം ആർ ടി എ എന്നത് എറണാകുളം ജില്ലാകളക്‌ടറും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണറും, എറണാകുളം റൂറൽ പോലീസ് സൂപ്രണ്ടും അടങ്ങുന്ന സമിതയാണ്. അദ്ധ്യക്ഷൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാകളക്ടർ. ഇങ്ങനെ ഒരു സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇത്രയും കാലതാമസം ഉണ്ടാകുമോ? ഈ തീരുമാനം എടുത്തവിവരം തൊട്ടടുത്ത തൃശൂർ ആർ ടി എ മീറ്റിങ്ങിൽ അവതരിപ്പിച്ച് അംഗീകരികപ്പെടേണ്ടതുമാണ്. ആറുമാസമായിട്ടും ഈ വിവരം തൃശൂർ ആർ ടി എയിൽ അവതരിപ്പിക്കാനും അംഗീകരിക്കാനും കഴിഞ്ഞിട്ടില്ലെ? അതൊ ജനങ്ങളെ വിഢികളാക്കുന്നതാണോ? മാതൃഭൂമി ഈ വിഷയത്തിൽ 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സ്വകാര്യബസ്സ് മുതലാളിമാർ 12 ലക്ഷത്തോളം രൂപയാണ് യാത്രക്കാരിൽ നിന്നും അമിതമായി ഈടാക്കുന്നത്. ഇനിയെങ്കിലും അടിയന്തിരമായ നടപടി മോട്ടോർവാഹനവകുപ്പിന്റേയും ജില്ലാ പോലീസ് മോധാവികളുടേയും പക്കൽ നിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ വിഷയത്തിൽ താഴെ പരാമർശിക്കുന്ന് ലിങ്കുകളും താല്പര്യമുള്ളവർക്ക് നോക്കാവുന്നതാണ്.
- പറവൂർ - വരാപ്പുഴ - ഇടപ്പള്ളി -വൈറ്റില റൂട്ടിൽ അമിതമായ ചാർജ്ജ് ഈടാക്കുന്ന സ്വകാര്യബസ്സുകളെക്കുറിച്ച് മാതൃഭൂമി 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 20/05/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 08/08/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം