ഇങ്ങനെ ഒരു സംഗതി, വാഗ്ദാനലംഘനത്തിനു പ്രതിപക്ഷ എം എൽ എയെ ഭരണകക്ഷി ജനകീയവിചാരണ ചെയ്യുക എവിടെയെങ്കിലും മുൻപ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. എന്നാൽ ഞങ്ങൾ എറണാകുളം ജില്ലയിലെ വൈപ്പിൻ അസംബ്ലിനിയോജകമണ്ഡലത്തിലെ സമ്മതിദായകർ അങ്ങനെ ഒരു സൗഭാഗ്യത്തിനു അർഹരായിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനു പ്രതിപക്ഷ എം എൽ എ ആയ സഖാവ്
S Sarma MLA -യ്ക്കെതിരെ ഭരണകക്ഷിയായ കോൺഗ്രസ്സിന്റെ വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു.
ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതു സംബന്ധിച്ച പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ പറഞ്ഞിട്ടുള്ള വാഗ്ദാനലംഘനങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം
1. ബസ്സുകളുടെ നഗരപ്രവേശം
2. തീരദേശഹൈവേ
3. വൈപ്പിൻ ദ്വീപിലെ ഗവണ്മെന്റ് കോളേജ്
4. കടൽഭിത്തി നിർമ്മാണം
5. ചെറായി വൈദ്യുതസബ്സ്റ്റേഷൻ
ഈ അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും കാര്യങ്ങൾ ഐക്യജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എങ്കിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം സംസ്ഥാനം ഭരിച്ച കക്ഷി എന്ന നിലയിൽ എന്തെല്ലാം ചെയ്തു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരു സ്ഥലത്തിന്റെ വികസനം ആ മണ്ഡലത്തിലെ എം എൽ എയുടെ മാത്രം ഉത്തരവാദിത്വം അല്ലല്ലൊ. ഭരണകക്ഷിയായ കോൺഗ്രസ്സിനും ഇതിൽ ചില ഉത്തരവാദിത്വങ്ങൾ ഇല്ലെ? അതൊ കഴിഞ്ഞ അഞ്ചുവർഷക്കലത്തെ ഭരണത്തിൽ വൈപ്പിൻ മണ്ഡലത്തിലെ മേല്പറഞ്ഞ വികസനകാര്യങ്ങൾ മറന്നതിലുള്ള മുൻകൂർ ജാമ്യം ആണോ ഈ പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന സംശയവും ഉണ്ട്. ഇനി ഈവിഷയങ്ങൾ ഓരോന്നും അല്പം വിശദമായി പരിശോധിക്കാം എന്ന് തോന്നുന്നു.
1. ബസ്സുകളുടെ നഗരപ്രവേശനം
ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് ദശകം ഒന്നിലധികം കഴിഞ്ഞു എങ്കിലും ഇതുവരെ ഗോശ്രീപാലങ്ങൾ കൊണ്ടുള്ള പൂർണ്ണമായ പ്രയോജനം വൈപ്പിൻ മണ്ഡലത്തിലെ പൊതുഗതാഗതരംഗത്തെ ആശ്രയിക്കുന്നവർക്ക് ലഭിച്ചിട്ടില്ല എന്നത് ഒരു വാസ്തവമാണ്. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ വൈപ്പിനിൽ പൂർണ്ണമായും സ്വകാര്യ ബസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗോശ്രീപാലങ്ങൾ വഴിയുള്ള ബസ് സർവ്വീസ് ആരംഭിച്ചപ്പോൾ ആദ്യമായി നാമമാത്രമായ കെ എസ് ആർ ടി സി ബസ്സുകൾക്കാണ് എറണാകുളം ജെട്ടി വരെ സർവ്വീസ് നടത്താൻ അനുവാദം ഉണ്ടായിരുന്നത്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകൾ 2004 മുതൽ ഇപ്പോഴും
ഹൈക്കോടതി പരിസരത്ത് സർവ്വീസ് അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ വൈപ്പിനിൽ നിന്നുള്ള നല്ലൊരുശതമാനം യാത്രക്കാരും ഹൈക്കോടതി പരിസരത്ത് ഇറങ്ങി മറ്റു ബസ്സുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തിനു പ്രധാനതടസ്സം കൊച്ചി സിറ്റി സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സ് മുതലാളിമാരും കൊച്ചി ട്രാഫിക് പോലീസും ആണ്. ഇവരുടെ ശക്തമായ എതിർപ്പാണ് സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തിനു വിഘാതമായി നിൽക്കുന്നത്.
എന്നാൽ 20 തിരു-കൊച്ചി ബസ്സുകൾക്ക് വൈപ്പിനിൽ നിന്നും നഗരത്തിന്റെ വിവിധഭഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ എറണാകുളം ആർ ടി എ അനുമതി നൽകിയിരുന്നു. അങ്ങനെ 2011 ഫെബ്രുവരി 6ന് അന്നത്തെ ഗതാഗത മന്ത്രി ശ്രീ ജോസ് തെറ്റയിൽ വൈപ്പിനിലേയ്ക്കുള്ള
തിരു-കൊച്ചി ബസ്സ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ഈ തീരുമാനത്തെ വൈപ്പിനിലെ സ്വകാര്യബസ്സുടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ഹൈക്കോടതി ഈ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനു ശേഷം 2013 മാർച്ച് മാസത്തിൽ ഹൈക്കൊടതിയിൽ
ജസ്റ്റിസ് ചിദംബരേഷിന്റെ ബഞ്ച് എറണാകുളം ആർ ടി എയുടെ തീരുമാനം ശരിവെച്ചുകൊണ്ട് പി ബി ഒ എ ഉൾപ്പടെയുള്ള സ്വകാര്യബസ്സുടമാ സംഘടനകളുടെ ഹർജി തള്ളി. സ്വകാര്യബസ്സുകൾക്ക് കൂടി നഗരപ്രവേശം സാദ്ധ്യമാക്കുന്ന കാര്യം പരിഗണിക്കുകയും ചെയ്യണം എന്ന് ആ ഉത്തരവിൽ പറയുകയും ചെയ്തിരുന്നു.
ഇതാണ് ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സംബന്ധിക്കുന്ന സംക്ഷിപ്തം. ഇതിൽ 2013-ൽ 23 തിരുകൊച്ചി ബസ്സുകൾക്കാണ് കെ എസ് ആർ ടി സിയ്ക്ക് ഈ റൂട്ടിൽ അനുമതി ലഭിച്ചത്. എസ് ശർമ്മയെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സിനോട് എനിക്ക് ചോദിക്കാനുള്ള ഈ 23 തിരു-കൊച്ചി ബസ്സുകളിൽ ഇപ്പോൾ സർവ്വീസ് നടത്തുന്ന എത്ര ബസ്സുകൾ ഉണ്ടെന്നതാണ്. ഈ വിഷയത്തിൽ
രണ്ടുതവണ കെ എസ് ആർ ടി സിയിൽ നിന്നും വിവരവകാശനിയമം വഴി സമ്പാദിച്ച രേഖകൾ എന്റെ പക്കൽ ഉണ്ട്. തിരു-കൊച്ചി സർവ്വീസുകൾ ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്നതല്ലാതെ പുതുതായീ എത്ര സർവീസുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ കൊണ്ടുവന്നു. കൊച്ചി നഗരസഭയും കേരളവും കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും യു ഡി എഫ് ആണ്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കുന്നതിന് എന്തു നടപടിയാണ് കോൺഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്? വൈപ്പിനിൽ നിന്നും വന്നെത്തുന്ന ആയിരക്കണക്കിനു യാത്രക്കാർക്ക് ഒരു ബസ് ഷെൽട്ടർ, മൂത്രമൊഴിക്കാനുള്ള ടോയ്ലെറ്റുകൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കോൺഗ്രസ്സ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനും, കോൺഗ്രസ്സുകാരനായ വേണുഗോപാൽ ചെയർമാനായ വൈപ്പിൻ ഉൾപ്പടെയുള്ള ഗോശ്രീദ്വീപുകളുടെ വികസനപദ്ധതികൾ ആവിഷ്കരിക്കാൻ ചുമതലപ്പെട്ട ജിഡയ്ക്കും സാധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ സ്ഥിതി എന്താണ് 2004-ൽ ഹൈക്കോടതി പരിസരത്തുനിന്നും ബസ്സിൽ കയറാൻ വൈപ്പിനിലെ യാത്രക്കാർക്ക് സാധിച്ചിരുന്നു എങ്കിൽ ഇപ്പോൾ പിന്നേയും പുറകോട്ട് സി എം എഫ് ആർ ഐ പരിസരത്തു നിന്നു വേണം സർവ്വീസ് ആരംഭിക്കാൻ എന്നല്ലെ
Kochi City Police പറയുന്നത്. ആയിരക്കണക്കിനു വൈപ്പിൻ നിവാസികളെ ദുരിതത്തിലാക്കുന്ന ഈ നടപടിയ്ക്കെതിരെ എന്തു നടപടിയാണ് കോൺഗ്രസ്സ് സ്വീകരിച്ചത്? വൈപ്പിനിൽ നിന്നുള്ള യാത്രക്കാർ മഴക്കാലത്ത്
ഹൈക്കോടതി ജങ്ഷനിലെ വെള്ളക്കെട്ടിൽ അല്ലെ നിത്യവും വന്നിറങ്ങുന്നത്? ഈ വെള്ളക്കെട്ടിനു ഒരു പരിഹാരം കാണാൻ കഴിഞ്ഞ അഞ്ചുവർഷം കൊച്ചി നഗരം ഭരിച്ച കോൺഗ്രസ്സ് എന്തു ചെയ്തു? കൊച്ചി നഗരത്തിൽ വൈപ്പിൻ നിവാസികൾ അനുഭവിക്കുന്ന കഷ്ടതകൾ
മനോരമയുടെ ഈ റിപ്പോർട്ടിൽ വിശദമായുണ്ട്. ഇതിനു മറുപടി നൽകേണ്ടത് കൊച്ചി നഗരം ഭരിച്ച ഭരിക്കുന്ന കോൺഗ്രസ്സ് ആണ്.
2. തീരദേശ ഹൈവേ
കഴിഞ്ഞ കുറേ വർഷങ്ങളായി ഓരോ തിരഞ്ഞെടുപ്പ് കാലത്തും വൈപ്പിനിൽ സ്ഥിരം കേൾക്കുന്ന പല്ലവിയാണ് തീരദേശ ഹൈവേ. ഒരിക്കൽ സർവേയും നടത്തി. പിന്നീട് ഈ പദ്ധതിയ്ക്ക് എന്ത് സംഭിച്ചു എന്ന് കോൺഗ്രസ്സ് തന്നെ പറയണം. എന്റെ പരിമിതമായ അറിവിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ് തീർദേശ ഹൈവേയ്ക്ക് വിഘാതം എന്നാണ് മനസ്സിലാക്കുന്നത്. തീർദേശപരിപാലന നിയമം, കണ്ടൽക്കാടുകളുടെ സംരക്ഷണം എന്നിവ തീരദേശഹൈവേയുടെ നിർമ്മാണത്തിൽ വിഘാതമായി നിൽക്കുന്നു എന്ന് മനസ്സിലാക്കുന്നു. തീരദേശഹൈവേയെപ്പറ്റി വാചാലമാകുന്ന കോൺഗ്രസ്സ് വിനോദസഞ്ചാരമേഖലയായ വൈപ്പിനിലെ വിവിധ ബീച്ച് റോഡുകളുടെ അവസ്ഥകൂടി മനസ്സിലാക്കുമെന്ന് കരുതുന്നു. കോൺഗ്രസ്സ് ഭരിച്ചിരുന്ന പല പഞ്ചായത്തുകളിലേയും ബീച്ച് റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. തീരദേശ ഹൈവേ വന്നില്ലെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വാഗ്ദാനം ചെയ്ത മെട്രോ ചെറായി വരെ നീട്ടുന്ന കാര്യം ഞങ്ങളുടെ എം പി ആയ
K. V. Thomas മാസ്റ്റർ നടപ്പിലാക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്.
3. വൈപ്പിൻ ദ്വീപിലെ ഗവണ്മെന്റ് കോളേജ്
വാഗ്ദാന ലംഘനങ്ങളിൽ ഏറ്റവും തമാശയായി തോന്നിയ ഒരു ആരോപണം ഇതാണ്. വൈപ്പിനിൽ ഒർ ഗവണ്മെന്റ് കോളേജ് വേണം എന്നതിൽ തർക്കമൊന്നുമില്ല. മാല്യങ്കരപാലവും ഗോശ്രീപാലവും വരുന്നതിനു മുൻപേ തന്നെ വൈപ്പിൻ നിവാസികളുടെ ഒരു ആഗ്രഹമായിരുന്നു വൈപ്പിനിൽ ഒരു ഗവണ്മെന്റ് കോളേജ് എന്നത്. നിരവധി സ്ക്കൂളുകൾ, ഹയർ സെക്കന്ററി സ്കൂളുകൾ ഉള്ള വൈപ്പിനിൽ ഗവണ്മെന്റ് കോളേജ് ആവശ്യം തന്നെയാണ്. എന്നാൽ അത് കൊണ്ടുവരത്തതിനു പ്രതിപക്ഷ എം എൽ എയെ പഴിചാരുന്നത് കണ്ടാൽ ചിരിക്കാതെ എന്തുചെയ്യാൻ. പ്രിയ കോൺഗ്രസ്സുകാരാ നമുക്ക നമ്മുടെ തൊട്ടടുത്ത മണ്ഡലമായ പറവൂരിനെ കുറിച്ച് ചിന്തിക്കാം. വൈപ്പിൻ ദ്വീപുകാരെ പോലെ തന്നെ ഒരു കോളേജിനായി ദശാബ്ദങ്ങളായി മുറവിളികൂട്ടുന്നവരാണ് പറവൂരുകാരും. അവിടെ കോൺഗ്രസ്സിന്റെ സ്വന്തം ഉപാദ്ധ്യക്ഷൻ, ഹരിത എം എൽ എ എല്ലാം ആയ ശ്രീ
V D Satheesan ആണ് കഴിഞ്ഞ് 15 വർഷമായി വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ 10 വർഷവും അദ്ദേഹം ഭരണകക്ഷി എം എൽ എആയിരുന്നു. അങ്ങനെയുള്ള ശ്രീ സതീശൻ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് പ്രതിപക്ഷ എം എൽ എ ആയ സഖാവ് എസ് ശർമ്മ വൈപ്പിനിൽ നടപ്പാക്കിയില്ല എന്ന് പറയുന്നത്. ചിരിക്കുക അല്ലാതെ തരമില്ല.
പൊതുഗതാഗതരംഗത്തെ ശർമ്മയുടെ വാഗ്ദാനലംഘനത്തെ കുറിച്ച് പറയുമ്പോൽ പറവൂരിനെ കുറിച്ചും / പറവൂർ എം എൽ എയെ കുറിച്ചും രണ്ട് വാക്ക് പറയാതെ പോയാൽ അത് ശരിയാവില്ലല്ലൊ. പറവൂരിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമെല്ലാം ധാരാളം സ്തീ പുരുഷന്മാർ കാക്കനാട്ടെ വ്യവസായ മേഖലയിലും, ഐ ടി സ്ഥാപനങ്ങളിലും എല്ലാം ജോലിചെയ്യുന്നുണ്ട്. അതുപോലെ കളമശ്ശേരി പോളിടെക്നിക്, സെന്റ് പോൾസ് കോളേജ്, ഭാരതമാത കോളേജ്, രാജഗിരി എന്നിങ്ങനെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഇവർക്കെല്ലാം ഏറ്റവും ഉപകാരപ്പെടുന്ന പാതയാണ് പറവൂർ - കൂനമ്മാവ് - വരാപ്പുഴ - കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീ പോർട്ട് എയർ പോർട്ട് റോഡ് വഴി - കാക്കനാട്. തെറ്റില്ലാതെ ഒരു മണിക്കർ കൊണ്ട് പറവൂരിൽ നിന്നും കാക്കനാട് എത്താം. ഈ റൂട്ടിൽ നിലവിൽ രാവിലേയും വൈകീട്ടും രണ്ട് സർവ്വീസുകൾ മാത്രമാണ് ഉള്ളത്. രാവിലെ 8:50നും 9:10നും പറവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും. അതുപോലെ വൈകീട്ട് 5:10നു 5:20നു കാക്കനാട്ട് നിന്നും. ഇതെല്ലാം ലൊ ഫ്ലോർ നോൺ എസി ബസ്സുകൾ ആണ്.
നല്ല തിരിക്കുള്ള ഈ റൂട്ടിൽ കൂടുതൽ ബസ് സർവ്വീസ് തുടങ്ങണം എന്ന് പറവൂർ എം എൽ എ കൂടീയായ ശ്രീ
V D Satheesan അവർകളോട് നിരവധി നിവേദനങ്ങൾ വഴി ഞാൻ ഉൾപ്പടെ പലരും അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ഞാൻ അയച്ച
ഒരു കത്ത് ഇവിടെ വായിക്കാം. നിലവിലെ ലൊഫ്ലോർ ബസ്സുകൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് യാത്രാസൗജന്യം ലഭിക്കുന്ന ഓർഡിനറി സർവ്വീസ് തുടങ്ങണം എന്നും അഭ്യർത്ഥിച്ചിരുന്നു. ബസ്സില്ലാത്തതിനാൽ കൂടുതൽ സർവ്വീസ് നടത്താൻ നിർവ്വാഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കോൺഗ്രസ്സുകാരനായ
Thiruvanchoor Radhakrishnan ഗതാഗത മന്ത്രിയായ നാട്ടിൽ കോൺഗ്രസ്സ് ഉപാദ്ധ്യകഷൻ എം എൽ എ ആയ മണ്ഡലത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിപക്ഷ എം എൽ എയുടെ മണ്ഡലത്തിലെ കാര്യം പ്രത്യേകം പറയണോ?
ഇനിയും ഉണ്ട് പറവൂർ - വരാപ്പുഴ - ഇടപ്പള്ളി - വൈറ്റില റൂട്ടിലെ ഫെയർ സ്റ്റേജ് പ്രശ്നം. പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഭരണകക്ഷിക്കാരൻ കൂടിയായിട്ടും പറവൂർ എം എൽ എയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വായിക്കാൻ താല്പര്യമുള്ളവർക്ക്
ഇവിടെ വിശദമായി എഴുതിയിട്ടുണ്ട് വായിക്കാം.
4. കടൽഭിത്തി നിർമ്മാണം
ഇതേക്കുറിച്ച് വിശദമായി പറയുന്നില്ല. ഇവിടെ 26 കിലോമീറ്റർ നീളം വരുന്ന കടലോരവാസികളായ വൈപ്പിൻ ജനതയ്ക്ക് വിവിധ സർക്കാരുകൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് കൃത്യമായി അറിയാം. രണ്ട് ദശാബ്ദം മുൻപ് സുനാമിയുടെ ദുരിതം ശരിയായി അനുഭവിച്ചവർ ആണ് വൈപ്പിൻ ജനത. സുനാമി ദുരിതാശ്വാസപദ്ധതിയിൽ പെടുത്തിയാണെങ്കിൽ പോലും കടഭിത്തി നിർമ്മാണം സാദ്ധ്യമാക്കാമായിരുന്നു,സുനാമി ഫണ്ട് ഏതെല്ലാം രീതിയിൽ ആണ് വകമാറ്റിച്ചിലവൊഴിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലൊ. പാലയിൽ വരെ സുനാമി ദുരിതാശ്വാസം വിതരണം ചെയ്ത് മാതൃകയായവരാണ് കോൺഗ്രസ്സ് ഭരണകൂടം. കടൽഭിത്തി നിർമ്മിച്ച വൈപ്പിൻ കരയുടെ തീരപ്രദേശം സംരക്ഷിക്കുന്നതിനുള്ള
Oommen Chandy സർക്കാരിന്റെ ശ്രമങ്ങൾക്ക് ഏതുവിധമാണ് വൈപ്പിൻ എം എൽ എ തടസ്സം സൃഷ്ടിച്ചതെന്ന് ജനുവരി 14-ലെ യോഗത്തിൽ വിശദമാക്കപ്പെടുമെന്ന് കരുതുന്നു.
5. ചെറായി വൈദ്യുത സബ്സ്റ്റേഷൻ
ചെറായിയിൽ വൈദ്യുത സബ്സ്റ്റേഷൻ വേണമെന്നത് ന്യായമായ ആവശ്യമാണ്. ഈ വിഷയം ഇടതുപക്ഷം മാത്രമല്ല കോൺഗ്രസ്സും തങ്ങളുടെ പ്രകടനപത്രികയിൽ വിഭാവനം ചെയ്തതാണ്. പള്ളിപ്പുറത്ത് നിരവധി ഐസ് ഫാക്റ്ററികൾ പ്രവർത്തിക്കുന്നുണ്ട്, അതുപോലെ കയർ കയറുത്പന്നങ്ങൾ ഉണ്ടാക്കുന്ന സഹകരണ സംഘങ്ങളും ഉണ്ട്. ഇവിടെയെല്ലാം രൂക്ഷമായ വോൾട്ടേജ് ക്ഷാമം ഉണ്ട്. നിലവിൽ മന്നത്തുനിന്നും വരുന്ന 11 കെ വി ഫീഡർ ആണ് ചെറായിയിൽ നിന്നും പള്ളിപ്പുറം ഭാഗത്ത് വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്നത്. അതിനു പുറമെ മാലിപ്പുറത്തുനിന്നും വരുന്ന ചെറായി ഫീഡറും. നിർമ്മാണപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായ ചെറായി സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള ഫീഡർ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് സബ്സ്റ്റേഷന്റെ മുന്നോട്ടുള്ള നിർമ്മാണപുരോഗതിയ്ക്ക് വിഘാതമായി നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫീഡർ വലിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് സർക്കാരാണ്. അതിനു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു ഡി എഫ് ഗവണ്മെന്റ് എടുത്ത നടപടികൾ ജനുവരി 14നു നടക്കുന്ന പ്രതിഷേധത്തിൽ വ്യക്തമാക്കുമെന്ന് കരുതുന്നു.
എന്തായാലും ജനുവരി 14 നു പള്ളത്താംകുളങ്ങരയിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ മേല്പറഞ്ഞ അഞ്ചു കാര്യങ്ങളിൽ എം എൽ എയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകൾക്കും അവഗണനകൾക്കും ഒപ്പം സർക്കാരിന്റെ ഭാഗത്തു നിന്നും ഈ വിഷയങ്ങളിൽ ഉണ്ടായ അനുകൂലമായ നടപടികൾ കൂടി വിശദീകരിക്കപ്പെടും എന്ന് കരുതുന്നു. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനോ അനുഭാവിയോ അല്ല. എന്നാലും തിരഞ്ഞെടുപ്പ സമയത്ത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ചില ശ്രമങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ പ്രതികരിച്ച ചില വിഷയങ്ങൾ ഇവിടെ കുറിച്ചു എന്ന് മാത്രം. ഈ നോട്ടീസിൽ പേരുള്ള പലരും കുടുംബസുഹൃത്തുക്കളൊ വ്യക്തിപരമായി അറിയാവുന്നവരോ ഒക്കെ ആണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ സമയത്ത് ഈ വിഷയങ്ങളിൽ ഉള്ള നിലപാട് പലരേയും
രേഖാമൂലം തന്നെ അറിയിച്ചതുമാണ്. വൈപ്പിനിലെ ഒരു നിവാസി എന്ന നിലയിൽ സാധാരണക്കാരായ വൈപ്പിൻ നിവാസികൾ ഒട്ടനവധിപ്രശ്നങ്ങൾ ഇനിയും ഉണ്ട്. ഇവിടെ കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി മുന്നോട്ട് വെച്ച വിഷയങ്ങളിൽ എന്റെ പ്രതികരണം രേഖപ്പെടുത്തി എന്ന് മാത്രം. വായിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും സസന്തോഷം സ്വാഗതം ചെയ്യുന്നു.