Saturday, February 14, 2015

ഡീസൽ വിലയും ബസ്സ് ചാർജ്ജും

കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും ആനുപാതികമായി ബസ്സ് ചാർജ്ജ് കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ച (ന്യൂസ് അവർ, 12/02/2015) ആണ് താഴെയുള്ള വീഡിയോ
ഈ വിഷയത്തിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു

സാധാരണജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്ത് ഏഷ്യാനെറ്റിനു നന്ദി. ബസ്സ് ചാർജ്ജ് വർദ്ധന സംബന്ധിക്കുന്ന വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒറ്റക്കെട്ടാണ്. കെ എസ് ആർ ടി സിയുടെ പേരു പറഞ്ഞാണ് ബസ്സ് ചാർജ്ജ് പലപ്പോഴും സർക്കാർ വർദ്ധിപ്പിക്കുന്നത്. അതിന്റെ ഗുണം ഉണ്ടാകുന്നത് സ്വകാര്യ ബസ്സുടമകൾക്കും. ഡിജോ കാപ്പനെ പോലുള്ളവരുടെ പരിശ്രമങ്ങൾ മാത്രമാണ് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. എന്റെ അനുഭവത്തിൽ മറ്റൊരു കൊള്ള അശാസ്ത്രീയമായ ഫെയർ സ്റ്റേജ് സംവിധാനം ആണ്. കിലോമീറ്റരിനു 64 പൈസ എന്ന നിരക്ക് നിശ്ചയിച്ചിട്ടുള്ള നാട്ടിൽ വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പിള്ളി വരെയുള്ള 17 കിലോമീറ്റർ യാത്രചെയ്യാൻ 18രൂപ ഓർഡിനറി ബസ്സിൽ ടിക്കെറ്റെടുക്കേണ്ട ഗതികേടിലാണ് (http://goo.gl/P0Gtiw) നാട്ടുകാർ. പല സംഘടനകളും റസിഡൻസ് അസ്സോസിയേഷനും പരാതിപ്പെട്ടതനൂസരിച്ച് എറണാകുളം ആർ ടി എ ഒരു പോയിന്റ് എടുത്തുകളഞ്ഞ് ബസ്സ് ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചു എങ്കിലും ബസ്സുടമകൾ അതിനെതിരെ ഹൈക്കോടതിയിൽ പോയി. ഇത്തരം കേസുകളിൽ എങ്ങനെയാണ് ബസ്സുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്. ആരാണ് ബസ്സുടമകൾക്ക് വേണ്ടി തോറ്റുകൊടുക്കുന്നത്? വടക്കൻ പറവൂർ - വൈറ്റില റൂട്ടിൽ നിലവിലുള്ള ഫെയർ സ്റ്റേജുകൾ ഏതെന്ന എന്റെ ചോദ്യത്തിനു വിവരാവകാശനിയമപ്രകാരം എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ 03/09/2014-ൽ നൽകിയ നൽകിയ മറുപടിയിൽ (http://goo.gl/MbZL0P) പറയുന്നത് ഫെയർ സ്റ്റേജ് പോയിന്റുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും പ്രസ്തുത വിഷയം അന്വേഷിക്കാൻ എറണാകുളം മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് എന്നെ അറിയിക്കാം എന്നുമാണ്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ വ്യക്തമായ മറുപടി എനിക്ക് തന്നിട്ടില്ല. ഒരു റൂട്ടുലെ ഫെയർ പോയിന്റുകളും അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കും ബസ്സിൽ പ്രദർശിപ്പിക്കണം എന്നാണ് നിയമം. എത്ര ബസ്സുകളിൽ ഫെയർ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബസ്സുകൾക്കെതിരെ നടപടി ഉണ്ടാകാത്തത്? ഇതെല്ലാം ഒരു കൊള്ളസംഘമാണ് എന്നതാണ് എന്റെ ഉത്തരം. 

എറണാകുളത്ത് വാതിലുകൾ ഇല്ലാത്ത സ്വകാര്യബസ്സുകളിൽ നിന്നും ആളുകൾ വീണ്ട് ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കൂടിയ അവസരത്തിൽ എറണാകുളം ആർ ടി എ എല്ലാ ബസ്സുകൾക്കും വാതിലുകൾ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ബസ്സുടമകൾ ഈ ഉത്തരവിനെതിരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടിയെ സമീപിക്കുകയും എറണാകുളം ആർ ടി എയുടെ ഉത്തർന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടി സ്റ്റെ ചെയ്യുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എറണാകുളം ആർ ടി എ സർക്കാരിനോട് അനുവാദം അഭ്യർത്ഥിച്ചിട്ടും ഇതുവരെ നൽകിയിട്ടില്ലെന്നാണ് എന്റെ അറിവ്.

സ്വകാര്യ ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടാലും അതു നൽകാൻ പലപ്പോഴും ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ തയ്യാറാവില്ല. ലഭ്യമല്ല, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു, സമയക്രമം സൂക്ഷിക്കുന്ന പതിവില്ല ഇങ്ങനെയുള്ള മറുപടികൾ (http://goo.gl/vXIuGD) ആണ് പലപ്പോഴും ലഭിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവിടം ഭരിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരല്ല, ബസ്സ് മുതലാളിമാർക്ക് ഒത്താശചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥരും ആണ് ഇവിടെ ഉള്ളതെന്നാണ്. അതിനാൽ സർക്കാർ വിചാരിച്ച് ഇവിടെ ജനങ്ങൾക്ക് ഡീസൽ വിലയിടിവുകൊണ്ടുള്ള ഗുണം ലഭിക്കും എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ഡിജോ കാപ്പനെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ മാത്രമാണ് ഇത്തരം ജനോപകാരപ്രദമായ നടപടികൾക്ക് സഹായകമാവൂ. അദ്ദേഹം പറഞ്ഞത് പോലെ ജനം ചൂലെടുക്കണം എന്നാലെ ഈ നാട്ടിലെ രാഷ്ട്രിയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പാഠം പഠിക്കൂ.

Monday, February 02, 2015

സഖാവ് എം വി ജയരാജനും കോടതിയലക്ഷ്യവും

ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഒന്നാണല്ലൊ സഖാവ് എം വി ജയരാജനെതിരായ കോടതിയലക്ഷ്യ നടപടികൾ. എന്റെ അഭിപ്രായത്തിൽ സഖാവ് എം വി ജയരാജൻ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന് ഞാൻ പറയും. കാരണം സ്വന്തം പരമാർശത്തിൽ ഉറച്ചു നിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ട് വള്ളത്തിൽ കാലുവെയ്ക്കുന്നതുപോലെ ആയിപ്പോയി ജയരാജന്റെ പ്രവർത്തി. ശുംഭൻ എന്ന വാക്കിന് സ്വയംപ്രകാശിക്കുന്നവൻ എന്ന് അർത്ഥം നൽകി അത് സാധൂകരിക്കാൻ സംസ്കൃതപണ്ഡിതരെ വരെ കോടതിയിൽ എത്തിച്ചു. അങ്ങനെ കേരളഹൈക്കോടതിയേയും സുപ്രീംകോടതിയേയും തെറ്റിദ്ധരിപ്പിക്കാനാണ് ജയരാജൻ ശ്രമിച്ചത്. പാർട്ടി സെക്രട്ടറി പോലും ശുംഭനിശുംന്മാരെ വച്ച് വിശദീകരിക്കാൻ ശ്രമിച്ചതും മറക്കുന്നില്ല. ആദ്യം അദ്ദേഹത്തിന്റെ വിവാദമായ പ്രസംഗം  ഉള്ള രണ്ട് വീഡിയോകൾ കണ്ടു നോക്കാം.

സഖാവ് എം വി ജയരാജന്റെ പ്രസംഗത്തെക്കുറിച്ച് കൈരളി വാർത്ത. ഈ വീഡിയോയിൽ വീഡിയോയിൽ അദ്ദേഹം പറയുന്ന വിവാദമായ ഭാഗം കോടതിവിധികൾ നാടിനും ജനങ്ങൾക്കും എതിരായി മാറുമ്പോൾ കോടതിവിധികൾ തന്നെ പുല്ലായി മാറുകയാണെന്നും അത്തരം വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർക്ക് ഇനിയെത്തുവിലയാണുള്ളതെന്നും, ആ ജഡ്ജിമാരുടെ വിധിവാചകങ്ങൾ കേൾക്കാതെ റോഡരികിൽ ആ വിധിവാക്യങ്ങൾ ലംഘിച്ചുകൊണ്ട്  ഇന്ന് കേരളത്തിൽ എല്ലായിടത്തും ജനങ്ങൾ പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നുവെന്നും ഇനിയെന്തിനാണ് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നതെന്നും ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവെച്ചൊഴിയണം എന്നുമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ വന്ന പ്രസംഗത്തിന്റെ ഭാഗം ഇതാണ്  http://youtu.be/9T6VpEEtqew ഈ വാർത്തയിൽ അദ്ദേഹം ശുംഭന്മാർ എന്ന് വിശേഷിപ്പിക്കുന്നതും കാണാം. ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് "നമ്മുടെ നീതിന്യായപീഠത്തിൽ ഇരുന്നുകൊണ്ട് ഏതാനും ചില ശുംഭന്മാർ പറയുന്നത് മറ്റൊന്നുമല്ല യഥാർത്ഥത്തിൽ പറയുന്നത് അവർ തന്നെ നിയമം നിർമ്മിക്കുന്നു അവർതന്നെ ഉത്തരവുകൾ ഇറക്കുന്നു................. ഇനിയെന്തിന് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നു, ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവച്ചൊഴിയണം" രണ്ട് വീഡിയോകൾ അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ഏകദേശചിത്രം വ്യക്തമാക്കുന്നു.

ഈ പരാമർശങ്ങൾ ആണ് കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് നയിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതിൽ ശുംഭന്മാർ എന്ന പദപ്രയോഗത്തിന് പ്രകാശിക്കുന്നവൻ എന്നർത്ഥമുണ്ടെന്നും ജഡ്ജിമാരെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്നുമെല്ലാം സഖാവ് ജയരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചതായി മാദ്ധ്യമവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. സഖാവ് എം വി ജയരാജനെ കോടതിയലക്ഷ്യകുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടർന്ന്  ഡോക്‌ടർ തോമസ് ഐസക് ദേശാഭിമാനിയിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ജസ്റ്റിസ് മാർക്കാണ്ഡേയ കഡ്ജുവിന്റെ പുസ്തകത്തിലെ ഒരു ഭാഗം പരാമർശിച്ചുകൊണ്ട് ഡോക്‌ടർ തോമസ് ഐസക് ഇങ്ങനെ പറയുന്നു 
"ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു. പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" (YOU FOOLS!) എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന് എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍" 
 ഇതേലേഖനത്തിൽ മറ്റൊരിടത്ത് അദ്ദേഹം നടത്തുന്ന പരാമർശം നോക്കാം

"അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു"
ശുംഭൻ എന്ന വാക്കിന്റെ അർത്ഥം സ്വയം പ്രകാശിക്കുന്നവൻ എന്നല്ല വിഢി എന്നാണെന്ന് സഖാവ് എം വി ജയരാജന്റെ സഹപ്രവർത്തകനും പാർട്ടി നേതാവും ആയ ഡോക്‌ടർ തോമസ് ഐസക് പോലും സമ്മതിക്കുന്നു. പക്ഷെ സഖാവ് ജയരാജനു വേണ്ടി കോടതിയിൽ വാദിച്ചവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.

സഖാവ് എം വി ജയരാജന് നാലാഴ്ചത്തെ തടവു ശിക്ഷ വിധിച്ച സുപ്രീംകോടതിയും ശുംഭൻ എന്ന പദത്തിന് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം അംഗീകരിക്കുന്നില്ല. കോടതിവിധിയിൽ ഇപ്രകാരം പറയുന്നു

"Learned Senior Counsel has not addressed any arguments or given any extenuating explanation with regard to his utterance that if the Judges have any self respect they should step down from their office. We are also unable to accept the meaning sought to be given to the word ‘sumbhan’/ ‘sumbhanmar’ since our inquiries reveal that they are pejorative or insulting epithets/abuses akin to calling a person a fool or idiot. The Appellant indubitably has exercised his freedom of speech insofar as he has dissected the Judgment and argued that it was contrary to law. He may also be excused in saying that Judges live in glass houses, and that the judgment’s worth is less than grass, since this is his perception. But it is not open to the Appellant or any person to employ abusive and pejorative language to the authors of a judgment and call upon them to resign and step down from their office if they have any self respect. The Appellant should have kept in mind the words of Lord Denning, in the Judgment upon which he has relied, that  those that criticise a judgment must remember that from the nature of the Judge’s office, he cannot reply to their criticism. In the case in hand, the Appellant had his remedy in the form of a Special Leave Petition to this Court, which he has exercised albeit without success. The speech was made within a couple of days of the passing of the ad interim injunction; no empirical evidence was referred to by the Appellant, nor has any been presented thereafter, to support his utterance that the Judgment/Order was being opposed by the public at large. Hence we see these parts of the speech as intending to scandalize and lower the dignity of the Court, and as an intentional and calculated obstruction in the administration of justice. This requires to be roundly repulsed and combated"
ഇതിൽ നിന്നും ഒന്ന് വ്യക്തമാണ് ജഡ്ജിമാരെ ശുംഭന്മാർ എന്ന് വിശേഷിപ്പിച്ചതിനു മാത്രമല്ല സഖാവ് എം വി ജയരാജനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്. മറിച്ച് സഖാവ് എം വി ജയരാജൻ നടത്തിയ പ്രസംഗം കോടതിയുടെ അന്തസ്സിനെ ഇടിച്ചുകാട്ടുന്നതും നീതി നടപ്പാക്കുന്നതിനുള്ള ശ്രമത്തെ തടയുന്നതിനുള്ള മനഃപൂർവ്വവും ദുരുദ്ദേശപരവുമായ പ്രവർത്തിയായിക്കണ്ടാണ്.  ജഡ്ജിമാർക്ക് ആത്മാഭിമാനമുണ്ടെങ്കിൽ അവർ രാജിവെച്ചൊഴിയണം എന്ന സഖാവ് എം വി ജയരാജന്റെ പ്രസ്താവനയ്ക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് സാധിച്ചില്ല. കോടതി വിധിയോടുള്ള വിയോജിപ്പ പ്രകടിപ്പിച്ച രീതിയിലും സുപ്രീംകോടതി അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ജഡ്ജിമാർ അവർക്കെതിരായ ആരോപണങ്ങൾക്ക് സ്വയം വിശദീകരണം നൽകാൻ നിർവാഹമില്ലാത്തവരാണെന്ന കാര്യം വിധിന്യായങ്ങളെ വിമർശിക്കുന്നവർ പ്രത്യേകം ഓർക്കണം എന്നും അതിനാൽ അത്തരം വിമർശനം ഉന്നയിക്കുന്നവർ അതിന് നിയമപ്രകാരമുള്ള വേദികളിൽ അവ ഉന്നയിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറയുന്നു. 

Friday, September 12, 2014

പീഡനമാകുന്ന ബസ്സ് യാത്ര

അറക്കാൻ കൊണ്ടുപോകുന്ന മാടുകളെ കയറ്റുന്ന ലോറിയിൽ പോലും കയറ്റാവുന്ന പരമാവധി മാടുകളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് നിയമം ഉണ്ട്, ആ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ ചുരുങ്ങിയപക്ഷം അതിർത്തി ചെക്ക് പോസ്റ്റുകളിലെങ്കിലും സംവിധാനങ്ങൾ ഉണ്ട്. ഇനി അതിർത്തി വിട്ട് ഹൈവേയിലൂടെ പോകുമ്പോൾ മാടുകളെ കൂടുതലായി കെട്ടിയിടുകയോ, തളർച്ച ബാധിച്ച മാടുകളെ കാണുകയോ ചെയ്താൽ ആ വിവരം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളും വാർത്താമാദ്ധ്യമങ്ങളിൽ തിളങ്ങിനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഹൈക്കോടതി ന്യായാധിപന്മാരും ഉണ്ട്. എന്നാൽ ഈ മാടുകളുടെ അവസ്ഥതന്നെയാണ് കേരളത്തിലെ പല പൊതുഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഒരു ശരാശരി മലയാളിയുടേയും. ഇന്നുവരെ അമിതമായി ആളെ വാതിലിൽ വരെ തൂക്കിയിട്ടു കൊണ്ടുപോകുന്ന ഒരു ബസ്സിനെയും തടഞ്ഞു നിറുത്തി ആ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഒരു ഹൈക്കോടതി ന്യായാധിപനും ചോദ്യം ചെയ്തതായി പത്രവാർത്തകളിൽ വായിച്ചിട്ടില്ല, ഒരു മാദ്ധ്യമവും ഇതിനെതിരെ പരമ്പരകൾ തയ്യാറാക്കിയിട്ടില്ല. മാടിന്റെ വിലപോലും മനുഷ്യനില്ലാതായിരിക്കുന്നു എന്ന് കരുതേണ്ടി വരും.


ഈ ചിത്രം കാക്കനാട് - (സീ പോർട്ട് എയർപോർട്ട് റോഡ്) കളമശ്ശേരി - (കണ്ടെയ്നർ റോഡ്) വരാപ്പുഴ - (നാഷണൽ ഹൈവെ-17) പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജൻറം ബസ്സിൽ നിന്നും. വൈകീട്ട് അഞ്ചു മണിയ്ക്ക് ശേഷം ഈ റൂട്ടിൽ ഒരു ജൻറം ബസ്സാണ് സർവ്വീസ് നടത്തുന്നത്. അതും നിറയെ യാത്രക്കാരുമായി. പിന്നിലെ വാതിൽ പലപ്പോഴും അടയ്ക്കാൻ പറ്റാത്ത വിധമാണ് വരാപ്പുഴ വരെ യാത്ര. അങ്ങനെ തങ്ങളുടെ ദുരവസ്ഥ യാത്രക്കാര സ്ഥിരമായി പറവൂർ ജനപ്രതിനിധിയും ഭരണകക്ഷിയായ കോൺഗ്ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവും ആയ Adv.V D Satheesan ഉൾപ്പടെ പല അധികാരികളേയും അറിയിച്ചു. ഒടുവിൽ രണ്ടു മാസം മുൻപ് ഒരു ബസ്സുകൂടി ഈ റൂട്ടിൽ അനുവദിച്ചു. ദോഷം പറയരുതല്ലെ അതും ജൻറം തന്നെ. ജനങ്ങൾ 'സുഖമായി' യാത്രചെയ്യട്ടെ എന്ന് കരുതിയാവും. ദേശസാൽകൃത റൂട്ടായതിനാൽ KSRTC മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസിനു ചില പ്രത്യേകതകൾ ഉണ്ട്. ഞായറാഴ്ചകൾ, സർക്കാർ അവധി ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചകൾ എന്നിങ്ങനെ വിശേഷ ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടാവില്ല. ബാക്കി ദിവസങ്ങളിൽ കൃത്യമായി രണ്ടു ബസ്സും ഓടും എന്നതിനും ഉറപ്പില്ല. ഇന്നും ഒരു ബസ്സുമാത്രമാണ് സർവ്വീസ് നടത്തിയത്. കളമശ്ശേരിയിൽ നിന്നും കയറിയിട്ട് രണ്ടുകാലും നിലത്തുകുത്താം എന്ന അവസ്ഥ വന്നത് വരാപ്പുഴ SNDP Jn കഴിഞ്ഞപ്പോൾ. ആ സമയത്ത് എടുത്ത ചിത്രമാണ്. 

കക്കനാട് മുതൽ പറവൂർ വരെ നല്ലപോലെ യാത്രക്കാരുള്ളതാണ് ഈ റൂട്ട്. രണ്ട് ബസ്സ് സർവ്വീസ് നടത്തിയാലും കാക്കനാട് നിന്നും കയറുന്ന ആളുകൾ എഴുപത്തിയഞ്ചു ശതമാനത്തിലധികം ദൂരം യാത്ര ചെയ്യുന്നവരാണ്. കളമശ്ശേരിയിൽ നിന്നും കയറുന്ന എന്നെപ്പോലുള്ളവർക്ക് സീറ്റ് കിട്ടണമെങ്കിൽ ആകെ ദൂരത്തിന്റെ 75% കഴിയണം എന്നർത്ഥം. എന്നാലും കുഴപ്പമില്ല. നേരെ ചൊവ്വേ നിൽക്കാനെങ്കിലും സാധിച്ചാൽ മതിയായിരുന്നു. ബസ്സിന്റെ പുറകിലെ വാതിൽ വരെയുള്ള സ്ഥലത്ത് എങ്ങനെയെങ്കിലും നിൽക്കാം അതിനും പുറകിൽ നിൽക്കാൻ തീരെ നിർവ്വാഹമില്ല. രാവിലെ ആലുവയിൽ നിന്നും വരുന്ന എ സി ജൻറം ബസ്സിൽ (8 -9 മണിസമയത്ത്) പോലും ഇതേ അവസ്ഥയാണ്. Motor Vehicles Department Kerala ഇപ്പോൾ അമിതമായി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപ്പോൾ സർക്കാർ വണ്ടിയുടെ കാര്യം പറയണോ? കെ എസ് ആർ ടി സി അധികൃതരോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ സംസ്ഥാനത്ത് ലോറികളിൽ കൊണ്ടുപോകുന്ന അറവുമാടുകൾക്ക് കൊടുക്കുന്ന നിയമ പരിരക്ഷയെങ്കിലും ഞങ്ങൾ യാത്രക്കാർക്ക് തരുക. അതുപോലെ മാദ്ധ്യമങ്ങളും ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം. എ സി കാറിൽ പോകുമ്പോൾ അറവുമാടുകളുമായി പോകുന്ന വണ്ടികൾ പോലും തടഞ്ഞുനിറുത്തി പോലീസിനെ വിളിച്ചുവരുത്തി നിയമപരിപാലനം ഉറപ്പാക്കുന്ന ബഹുമാന്യരായ ന്യായാധിപന്മാർക്കും ഈ വിഷയത്തിലും ഇടപെടാവുന്നതാണ്.

ഈ റൂട്ട് ദേശസാൽകൃതമാണെന്ന് നേരത്തെ തന്നെ പറഞ്ഞല്ലൊ. കേരളത്തിലെ പല ദേശസാൽകൃത റൂട്ടുകളിലും സ്വകാര്യ ബസ്സ് റൂട്ടുകളിലും അവസ്ഥ ഇതൊക്കെ തന്നെ.  എന്നാൽ ദേശസാൽകൃത റൂട്ടായ ഇവിടെ മറ്റൊരു കൊള്ളകൂടി ഉണ്ട്. ഇത്രയും തിരക്കുണ്ടെങ്കിലും ആകെയുള്ള സർവ്വീസൂകൾ എല്ലാം ജൻറം ബസ്സുകളാണ്. കൂടുതൽ പണം നൽകി കൂടുതൽ കഷ്ടത അനുഭവിച്ച് യാത്രചെയ്യുക.