Monday, May 11, 2015

പഞ്ചവടിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു

"പഞ്ചവടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു" എന്ന ഈ തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പം തോന്നുണ്ടോ? കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 1984-ലെ മലയാളസിനിമ നിങ്ങളുടെ ഓർമ്മയിൽ വന്നോ? എങ്കിൽ നിങ്ങൾ ആലോചിച്ചത് ശരിയാണ്. കോടികൾ മുടക്കിയ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതായി മാറിയ ഒരു പാലത്തിന്റെ കഥയാണ് ഇത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ഈ വാർത്ത ഞങ്ങൾ വൈപ്പിൻ നിവാസികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ്. നീണ്ടനാളത്തെ യാത്രാദുരിതത്തിന് ഇതോടേ അറുതിയാവും എന്ന് കരുതുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ൽ മലയാളമനോരമയിൽ വന്ന വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
പാലം തുറന്നുകൊടുത്തതായി 10/05/2015-ലെ മലയാളമനോരമയിൽ വന്ന വാർത്ത.

ഇനി ഈ പാലത്തിന്റെ ചരിത്രത്തിലേയ്ക്ക്.   ഈ പാലത്തെ കുറിച്ച് മാതൃഭൂമി 10/10/2013-ൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ ഫീച്ചർ ഞാൻ ചേർക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാലപ്പഴക്കം കൊണ്ടാവാം ഇത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പത്രമാദ്ധ്യമത്തിൽ ഈ വിഷയത്തിൽ വന്ന ഏറ്റവും നല്ല ലേഖനം മാതൃഭൂമിയിൽ വന്ന ഈ സ്പെഷ്യൽ ഫീച്ചർ ആണ്.
*********************************************************************************
മെട്രോ വേഗത്തില്‍ നഗരം കുതിക്കുകയാണ്. നിരനിരയായി മേല്‍പാലങ്ങള്‍, വര്‍ഷാവര്‍ഷം ഉയരുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റ് പോലെ ഒരു പാലം നിലയുറപ്പിച്ചിട്ടുണ്ട് ഗോശ്രീ റോഡില്‍. പണിതുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ട്രയല്‍ റണ്ണിനായി ഈ റെയില്‍വേ മേല്‍പാലം തുറന്നിരുന്നു. അപ്പോഴേക്കും അപ്രോച്ച് റോഡ് ഇരുന്നതോടെ എന്നെന്നേക്കുമായി അടയ്‌ക്കേണ്ട സ്ഥിതിയായി. ഗോശ്രീയില്‍ ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലത്തിന് സമാന്തരമായി വരുന്ന ഈ റെയില്‍വേ മേല്‍പാലം എന്നുതീരുമെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം എന്നതാണ് വൈപ്പിന്‍കരക്കാരുടെ പക്ഷം. ഗോശ്രീ പാലങ്ങള്‍ വന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ നോക്കുകുത്തിയായി ഒരു വശത്തുനില്‍ക്കുന്ന ഈ 'പഞ്ചവടിപ്പാലം' കണ്ണിലെ കരടാകുകയാണ്. പാലം പണി അന്തമില്ലാതെ നീളുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പായുന്ന കണ്ടെയ്‌നര്‍ ലോറികളുടേയും ചരക്ക് ട്രെയിനുകളുടേയും ഇടയില്‍ ഇനിയും ഏറെ നാള്‍ ജനം വീര്‍പ്പുമുട്ടേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്.

നഷ്ടസ്വപ്നങ്ങള്‍
ഒരു വര്‍ഷം മുമ്പാണ് വേമ്പനാട് റെയില്‍വേ ക്രോസിന് മുകളിലൂടെ മേല്‍പാലം വന്നത്. 2010ഓടെ പാലം പണി തുടങ്ങി 2012ഓടെ തുറന്നെങ്കിലും മാസങ്ങള്‍ക്കകം ഇത് ഉപയോഗ ശൂന്യമായി. ചെറിയ വണ്ടികള്‍ കടന്നുപോകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതും നിര്‍ത്തി. രണ്ടാം ഗോശ്രീ പാലത്തിന് സമാന്തരമായി വന്ന ഈ പാലത്തിന്റെ ഒരു സ്പാന്‍ ഇരുന്നുപോയതാണ് പ്രശ്‌നമായത്. വല്ലാര്‍പാടം ഭാഗത്ത് അപ്രോച്ച് റോഡില്‍നിന്ന് പാലത്തിലേക്കുള്ള ഗ്യാപ് സ്ലാബാണ് ഇരുന്നുപോയത്. 50 സെ.മീറ്ററാണ് ആദ്യമിരുന്നുപോയതെങ്കിലും നികത്തിയെടുത്ത നിലത്ത് പിന്നീട് ദിവസവും പൈലുകള്‍ താഴുന്ന സ്ഥിതിയായി. ഇത് പരിഹരിക്കാന്‍ സമയക്രമം പറയാനാകില്ലെന്ന് അന്നേ ജോലി ഏറ്റെടുത്ത എന്‍.എച്ച്.എ.ഐ. പറഞ്ഞിരുന്നു. പൂഴിയായ മണ്ണ് ഉറപ്പിച്ച് പണിതതിനാല്‍ ഇത് പലയിടത്തും സാധാരണമാണെന്നായിരുന്നു ഇവരുടെ പക്ഷം. ഏതായാലും വല്ലാര്‍പാടത്തെഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പാലമിപ്പോള്‍ യാതൊരു ഉപയോഗവുമില്ലാതായിരിക്കുകയാണ്. 27 സ്പാനുകളായി 836 മീ. നീളമാണ് മേല്‍പാലത്തിനുള്ളത്. ഭൂമി നികത്തിയെടുത്ത പ്രദേശമായിരുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ ഓരോ 20 സെ.മീ ഉറപ്പാണെന്ന് ബോദ്ധ്യപ്പെട്ടായിരുന്നു പണി നടന്നത്. പാലം തുറന്ന ശേഷം നിലവിലുള്ള ഗോശ്രീ പാലത്തിന്റെ മൂന്ന് സ്പാനുകള്‍ ഉയര്‍ത്തി പുതിയതുമായി കൂട്ടിച്ചേര്‍ത്ത് റയില്‍ പാളത്തിന് മുകളിലൂടെയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ റോഡില്‍ വല്ലാര്‍പാടത്ത് രണ്ടുപാലങ്ങളിലൂടെ നാലുനിര ഗതാഗതം സാധ്യമാകുമെന്നുള്ളത് പാഴ്‌വാക്കായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവാണ് പാലം തകരാന്‍ കാരണമായതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിതിയിലും പിഴവുണ്ടായിരുന്നു. പാലം വന്നുചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നുപോകുകയും സ്ലാബ് ഇടിഞ്ഞുതാഴുകയും ചെയ്തത് ഇങ്ങനെയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഗ്യാപ് സ്ലാബ് ഇരുന്നത്, പാലം നിര്‍മ്മിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കരാര്‍ ഏല്‍പിച്ചതോടെയായിരുന്നുവെന്ന നിലപാടിലായിരുന്നു അധികൃതര്‍.

കളമശ്ശേരിവരെ നീളുന്ന നാലുവരി ദേശീയ പാതയിലേക്ക് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലത്തോടൊപ്പം പാതനിര്‍മ്മാണവും നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഇപ്പോഴുള്ള ഗോശ്രീ പാലത്തിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി മേല്‍പാലത്തിന് ഒപ്പമാക്കുന്ന ജോലികളും നടക്കേണ്ടതുണ്ട്. മെയ് 2014 നകം ഇതോടൊപ്പമുള്ള രണ്ടുവരി ഹൈവേ പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. സോമ എന്റര്‍പ്രൈസസാണ് റോഡിന്റെ ജോലി നിര്‍വഹിക്കുന്നത്. 17.2 കി.മീറ്ററുള്ള മൂലമ്പിള്ളി-വല്ലാര്‍പാടം റോഡ് എന്‍.എച്ച് 17ഉം 47ഉം ആയി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. 

പൊറുതിമുട്ടി ഗോശ്രീ യാത്ര
മേല്‍ പാലം പണി എങ്ങുമെത്താതെ നീളുന്നത് വൈപ്പിന്‍കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ബോള്‍ഗാട്ടി-വല്ലാര്‍പാടം ഗോശ്രീക്ക് സമാന്തരമായുള്ള മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് സുഗമ സഞ്ചാരം ഒരുക്കാന്‍ എന്‍.എച്ച്.എ.ഐ. പണിയുന്ന പാലം വൈപ്പിന്‍, വല്ലാര്‍പാടം, പുതുവൈപ്പ്, കൊടുങ്ങല്ലൂര്‍ യാത്രകള്‍ക്കുള്ള ബദല്‍ പാതകൂടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. 

പാലം തുറക്കാത്തത് ഗോശ്രീയിലൂടെയുള്ള യാത്ര ഇപ്പോള്‍ നരകതുല്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കിട്ട് കണ്ടെയ്‌നര്‍ റോഡ് സംഗമിക്കുന്ന ഭാഗത്ത് ട്രാഫിക് നിയന്ത്രണം നടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ വരെ നീളുന്ന ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടാകാറുണ്ട്. രാവിലെയും വൈകീട്ടും ഡി.പി. വേള്‍ഡിലേക്കെത്തുന്ന കണ്ടെയ്‌നര്‍ ട്രെയിനിനായി വേമ്പനാട് റെയില്‍വേ ക്രോസ് അടയ്ക്കുന്നതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ കണ്ടെയ്‌നര്‍ ലോറികള്‍ ബ്രേക്ക്ഡൗണാകുന്നതും റോഡിലെ കുരുക്കിന് കാരണമാകുന്നുണ്ട്. അടുത്തിടെ റെയില്‍വേയുടെ 25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന കേബിളുകള്‍ താങ്ങി നിര്‍ത്തുന്ന ദണ്ഡില്‍ ലോറിയിടിച്ച് വന്‍ ദുരന്തം നടക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഹൈക്കോടതി 
ജങ്ഷന്‍, ഗോശ്രീ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വരെ നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയും കുരുക്കിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍,പറവൂര്‍, മുനമ്പം, വടക്കോട്ടുള്ള ജില്ലകള്‍ എന്നിവിടങ്ങളിലേക്ക് അണുവിട ചലിക്കാനാകാതെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകളും കുരുങ്ങാറുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവരുന്ന അത്യാസന്ന രോഗികളും ഈ കുരുക്കില്‍ വലയുകയാണ്. മേല്‍പാലം നിര്‍മ്മാണം തുടങ്ങിയതോടെ പ്രവര്‍ത്തനം നിലച്ച മറ്റ് ഗോശ്രീ പാലങ്ങളിലെ വഴിവിളക്കുകളും ശരിയാക്കേണ്ടതുണ്ട്. 120ഓളം ലൈറ്റുകളുള്ളതില്‍ വിരലിലെണ്ണാവുന്ന വിളക്കുകള്‍ പോലും ഇപ്പോള്‍ തെളിയുന്നില്ല. റെയില്‍ക്രോസില്‍ പോലും ലൈറ്റ് തെളിയാത്തതും റോഡിലെ കുഴികളും ഈ 
റോഡിലൂടെയുള്ള രാത്രി ഗതാഗതം ഏറെ ക്ലേശകരമാക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പാര്‍ക്കിങ് ബ്രിഡ്ജ്
ഉപയോഗശൂന്യമായ പാലം തുണയായത് കണ്ടെയ്‌നര്‍ ലോറിക്കാര്‍ക്കാണ്. പാലത്തിന്റെ അപ്രോച്ച് റോഡിപ്പോള്‍ കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങ്ങ് ഏരിയയായിരിക്കുകയാണ്. പാലത്തിലേക്കുള്ള പ്രവേശനഭാഗം കല്ലുകെട്ടി തിരിച്ചുവെച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളിലുടെ വണ്ടി കയറ്റുന്നതിനാല്‍ ഈ ഭാഗം ഇടിയുന്നുമുണ്ട്. കൂടാതെ റോഡിന് കുറുകെ വന്ന് ലോറികള്‍ വളയ്ക്കുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. 
ചെറുവാഹനങ്ങള്‍ക്ക് പോകാന്‍സൗകര്യമൊരുക്കും - കളക്ടര്‍ മേല്‍പാലനിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അടിയന്തരമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടുന്ന രീതിയില്‍ നവീകരിക്കുമെന്നും കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. എന്‍.എച്ച്.എ.ഐ. ടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണിനടത്തുകയാണ്. പാലം ഉപയോഗ യോഗ്യമാക്കാന്‍ വല്ലാര്‍പാടം ഭാഗത്ത് 136 മീറ്ററോളം നീളം കൂട്ടേണ്ടതുമുണ്ട്. എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ സി.ടി എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. യുമായി സഹകരിച്ച് പഠനം നടത്തിയതനുസരിച്ചാണ് നിലവിലെ പരിഹാരമുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടെര്‍മിനലില്‍ വരുന്ന ചരക്കുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് പകലും ടെയിനുകള്‍ വരുന്നതിന് കാരണം. താത്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യമൊരുക്കി ഇത് പരിഹരിക്കാന്‍ ശ്രമമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
(കടപ്പാട് മാതൃഭൂമി)
*********************************************************************************
10/10/2013 നു ശേഷം പിന്നേയും ഒന്നരവർഷം കഴിഞ്ഞു ഈ പാലം ഗതാഗതയോഗ്യമാവാൻ. ഞാൻ സത്യത്തിൽ കരുതിയിരുന്നത് നല്ല തൊലിക്കട്ടിയുള്ള ഏതെങ്കിലും രാഷ്‌ട്രീയനേതാവ് ഈ പഞ്ചവടിപ്പാലം തുറന്നുകൊടുക്കാൻ എഴുന്നള്ളും എന്നാണ്. അങ്ങനെയെങ്കിൽ അറ്റകുറ്റപ്പണി കഴിഞ്ഞാലും പിന്നെയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വന്നേനെ. എന്നാൽ ഇന്ന് മനോരമയിലെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി 2012 മുതൽ മൂന്നുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോഴെങ്കിലും പാലം തുറന്നല്ലൊ. നല്ലത്. കുഴുപ്പിള്ളിയിലെ എന്റെ വീട്ടിൽ നിന്നും ഹൈക്കോടതി വഴിയാണ് കളമശ്ശേരിയിലെ ജോലിസ്ഥലത്തേയ്ക്ക് വർഷങ്ങളായി പോയിക്കൊണ്ടിരുന്നത്, ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്കും, മെട്രോ നിർമ്മാണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്കും മൂലം കഴിഞ്ഞ ഒരു വർഷമായി പറവൂർ - ആലുവ - കളമശ്ശേരി വഴിയാണ് യാത്ര. ഇനി മെട്രോ മൂലമുള്ള ഗതാഗതക്കുരുക്കിനും കൂടീ പരിഹാരമായാൽ വീണ്ടൂം പഴയ റൂട്ടിലേയ്ക്ക് മാറാം എന്ന ആശ്വാസം ഉണ്ട്.

ഈ വാർത്തയിൽ ഉള്ള മറ്റൊരു ആശങ്ക റെയിൽവെ മേല്പാലം തുറന്നതിനൊപ്പം ഇപ്പോൾ ഉപയോഗത്തിലുള്ള പാലം അടച്ചതായും അതിൽ ഉടൻ തന്നെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വാർത്തയിൽ പറയുന്നു. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിർമ്മിച്ച പാലങ്ങളിൽ മറ്റു രണ്ടെണ്ണം കൂടി ഇതുപോലെ ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതാണ് ചരിത്രം. രണ്ട് പാലങ്ങളിൽ കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ ഉണ്ടായതിനാൽ ഓരോ സ്പാനുകൾ വീതം മാറ്റിവെയ്ച്ചു. ആ പഴയ അനുഭവം ഉള്ളതിനാൽ നിലവിലെ പാലം പെട്ടന്ന് പുനർനിർമ്മാണത്തിനായി പൊളിക്കുന്നതിനോട് യോജിപ്പില്ല. പുതിയ ഓവർബ്രിഡ്ജിലൂടെ ഏതാനും മാസം വാഹനങ്ങൾ കടന്നു പോയി അതിന്റെ ഉറപ്പ് സംശയാതീതമായി തീർച്ചപ്പെടുത്തിയ ശേഷം മാത്രം നിലവിലെ രണ്ടാം ഗോശ്രീപാലം പൊളിച്ചാൽ മതി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.