"ലാഭകരമല്ലെങ്കിൽ കെ എസ് ആർ ടി സി പൂട്ടിക്കൂടെ?" എന്ന് ചോദിച്ച ഹൈക്കോടതിയ്ക്ക് അഭിവാദ്യങ്ങൾ.
എന്താണ് കെ എസ് ആർ ടി സിയുടെ പ്രാഥമീകമായ കർത്തവ്യം? എന്റെ അറിവിൽ കുറെ ആളുകൾക്ക് ജോലിയും പെൻഷനും കൊടുക്കുക എന്നതല്ല, മറിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാണ്. പക്ഷെ അതിൽ കെ എസ് ആർ ടി സി എത്രമാത്രം വിജയിക്കുന്നു എന്നതിലാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാനിരക്ക് കേരളത്തിൽ ആണെന്ന് പറയുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നഷ്ടത്തിൽ പോകുന്നു. ഇതിന്റെ തലപ്പത്തിരുന്നു ഇറങ്ങുന്ന എല്ലാവരും സമ്മതിക്കുന്ന കാര്യം കെ എസ് ആർ ടി സി യുടെ ദുരവസ്ഥയ്ക്ക് കാരണം കെടുകാര്യസ്ഥത ആണ് എന്നതാണ്. എന്നാൽ തലപ്പത്തിരിക്കുമ്പോൾ അതിനെ നേരെയാക്കാൻ ആർക്കും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നിരക്ക്, ഓടിക്കുന്ന സർവ്വീസുകളിൽ ഉയർന്ന നിരക്കിലുള്ള ഫാസ്റ്റ് പാസെഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, എയർബസ്സ് ഇങ്ങനെ നിരക്ക് കൂടുതലുള്ള സൗജന്യങ്ങൾ കുറവുള്ള സർവ്വീസുകൾ. ഓടിക്കുന്നതാവട്ടെ നിയമങ്ങൾ ലംഘിച്ചും ഫാസ്റ്റിനു മുകളിൽ പെർമിറ്റുഌഅ വണ്ടികൾ ആളുകൾ നിന്നു യാത്രചെയ്യരുതെന്നാണ്. എന്നാൽ സൂപ്പർ ഫാസ്റ്റിൽ പോലും നൂറോളം ആളുകളെ കയറ്റിപോകുന്നു. കാരണം യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ സർവ്വീസുകൾ ഇല്ല. സർവ്വീസ് എന്ന് പറയുമ്പോഴും ലാഭകരമല്ലാത്ത സർവ്വീസുകൾ നിറുത്തലാക്കും എന്ന് ഇടയ്ക്കിടെ മന്ത്രിമാർ പറയും. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാലും അപ്പോഴും ആനവണ്ടിയുടെ സാമ്പത്തികസ്ഥിതി പ്രശ്നം. എറണാകുളത്ത് എല്ലാ ബസ്സുകൾക്കും ഡ്രൈവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന്അ ഡോറുകൾ ഘടിപ്പിക്കണം എന്ന് നിർദ്ദേശം വന്നു. അപ്പോഴും ആനവണ്ടിയെ ഒഴിവാക്കണം. ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ ജി പി എസ് ഘടിപ്പിക്കണം അതിനും ആനവണ്ടിയെ ഒഴിവാക്കണം. അമിതവേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ്ചുമത്തുന്നതിലും ആനവണ്ടിയെ ഒഴിവാക്കണം. അങ്ങനെ ഒരു നിയമവും ആനവണ്ടിയ്ക്ക് ബാധകമല്ല.
ജീവനക്കാരുടെ കാര്യത്തിലും ഉണ്ട് പ്രശ്നം. പലപ്പോഴും ജീവനക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഉള്ള ജീവനക്കാർ മെഡിക്കൽ ലീവെടുത്ത് എം പാനൽ ജീവനക്കാരെ കൊണ്ട് ജോലിചെയ്യിക്കുന്ന അവസ്ഥ. അങ്ങനെയും ചില റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വണ്ടിയുടെ സ്പെയർ പാർട്സുകൾ, ചേസിസ്, ടയർ എന്നിങ്ങനെ പല കരാറുകളിലും അഴിമതിയും കമ്മീഷനും. കെ എസ് ആർ ടി സി നഷ്ടത്തിലാവാൻ ഇങ്ങനെയും പല കാരണങ്ങളും ഉണ്ട്. പക്ഷെ എല്ലാക്കാലവും ഔദ്യോഗികമായി പറയുമ്പോൾ വില്ലൻ ജീവനക്കാരുടെ പെൻഷൻ മാത്രം. അത് സർക്കാർ ഏറ്റെടുത്താൽ കെ എസ് ആർ ടി സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ഇപ്പോൾ തന്നെ കോടികൾ ഈ വെള്ളനായുടെ ജീവൻ പിടിച്ചുനിറുത്താൻ ചിലവിടുന്നുണ്ടല്ലൊ.
കഴിഞ്ഞ സർക്കാർ മറ്റൊരു അപരാധംകൂടി ചെയ്തു. ജെൻറം പദ്ധതിയിൽ കിട്ടിയ വണ്ടികൾ കൂടി ഈ വെള്ളാനയുടെ ചുമതലക്കാരെ ഏല്പിച്ചു. ഫലം എറണാകുളത്തെ പല ദേശസാൽകൃതറൂട്ടിലും ഇപ്പോൾ ഓർഡിനറി ബസ്സുകളേക്കാൾ കൂടുതൽ ഈ പച്ച ലോഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. ഓർഡിനറിയിലും കൂടിയ ചാർജ്ജ് വാങ്ങി അളുകളെ പിഴിയുന്നു. ദേശസാൽകൃതറൂട്ടായതിനാൽ യാത്രക്കാർക്ക് മറ്റ് ഉപാധികളും ഇല്ല. ഞാൻ ജോലിചെയ്യുന്ന കളമശ്ശേരി മേഖലയിൽ കാക്കനാട് നിന്നും സീ പോർട്ട് എയർ പോർട്ട് റോഡ് കളമശ്ശേരി, കണ്ടെയ്നർ റോഡ്, വരാപ്പുഴ വഴി പറവൂർക്ക് വൈകീട്ട് നാല് പച്ചവണ്ടികൾ ആണുള്ളത്. ഒരു ഓർഡിനറി ബസ്സു പോലും ഇല്ല. ഈ ബസ്സുകൾ നിന്നു യാത്രചെയ്യാൻ ഉദ്ദേശിച്ച് ഡിഅസൈൻ ചെയ്തവയല്ല്. എന്നാലും കുത്തിനിറച്ച് ആളുകളെ കയറ്റിയാണ് ഓടിക്കുന്നത്. ഈ പച്ചവണ്ടികൾക്ക് പകരം തിരുകൊച്ചി വണ്ടികൾ ഓടിച്ചാൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്ക് യാത്രചെയ്യാം. പച്ചവണ്ടിയിൽ യാത്രചെയ്യാൻ സാമ്പത്തികമുള്ളവർ അതിൽ പോകട്ടെ. പക്ഷെ ഓടിക്കില്ല ആളുകളെ പിഴിയാൻ പറ്റില്ലല്ലൊ. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ റൂട്ടിലും ഈ പച്ചവണ്ടികളുടെ ബാഹുല്യം ആണ്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഇനി ജൻറം പദ്ധതിയിൽ ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കിട്ടില്ല എന്ന് കേൾക്കുന്നു. ഇപ്പോൾ ഉള്ള വണ്ടികൾ വൈകാതെ കട്ടപ്പുറത്താവും. അങ്ങനെയെങ്കിലും ഈ റൂട്ടുകളിൽ ഓർഡിനറി സർവ്വീസ് വരുമല്ലൊ. വൈകുന്നേരം കളമശ്ശേരിയിൽ നിന്നും ഈ പച്ചവണ്ടിയിൽ കയറി ഒരു മണിക്കൂർ യാത്രചെയ്ത് പറവൂരിൽ ഇറങ്ങുമ്പോൾ മസ്സുകൊണ്ട് നൂറുവട്ടമെങ്കിലും ശപിക്കും ഈ വകുപ്പിനേയും ജനങ്ങലെ ഇങ്ങനെ ദ്രോഹിക്കുന്നവരേയും. സേവനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഈ വകുപ്പും ഇതിന്റെ തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കുന്നവരും ഒരിക്കലും ഗുണം പിടിക്കില്ല.