Wednesday, May 28, 2014

നരേന്ദ്ര മോദി സർക്കാരിന് ആശംസകൾ

നീണ്ട മുപ്പതു വർഷങ്ങൾക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു പാർട്ടി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നു. ഇത് ഏറ്റവും സന്തോഷകരമായ കാര്യം തന്നെ. രാഷ്‌ട്രീയപ്പാർട്ടി എന്നനിലയിലും പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കുന്നതിനുള്ള അംഗസംഖ്യ ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉണ്ട്. അതുകൊണ്ട് ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവും എന്ന് കരുതുന്നു. കഴിഞ്ഞ മുപ്പതുവർഷക്കാലം ഇന്ത്യ ഭരിച്ചിരുന്നത് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സർക്കാരുകൾ ആണ്. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ പരാജയപ്പെട്ടു. പലപ്പോഴും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ അധികാരമേറ്റെടുത്തിരിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയുടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അത്തരം പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് കരുതുന്നു. ദേശീയ ജനാധിപത്യ മുന്നണിയും അതിന് നേതൃത്വം നൽകുന്ന ഭാരതീയ ജനതാ പാർട്ടിയും ഒറ്റക്കെട്ടായി ശരിയായ, ശക്തമായ തീരുമാനങ്ങൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശീക കക്ഷികളും സങ്കുചിത മനോഭാവമുള്ള ചെറുകക്ഷികളും ചേർന്നുള്ള കൂട്ടുകക്ഷി ഭരണം ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ദേശീയപാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാർ തന്നെ കേന്ദ്രത്തിൽ ഉണ്ടാകണം എന്നതാണ് എന്നും എന്റെ അഭിപ്രായം. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഉണ്ടായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ശരിയായ തീരുമാനങ്ങളിലൂടെ അഴിമതിരഹിതമായ ഒരു ഭരണം കാഴ്ചവെയ്ക്കാൻ നരേന്ദ്ര മോദി സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇത്രയും ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ആ സർക്കാരിൽ നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തെ പ്രതിനിധാനം ചെയ്യാൻ ആരും ഇല്ലെന്നതിൽ സങ്കടവുമുണ്ട്. 

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.