Monday, May 11, 2015

പഞ്ചവടിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു

"പഞ്ചവടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു" എന്ന ഈ തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പം തോന്നുണ്ടോ? കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 1984-ലെ മലയാളസിനിമ നിങ്ങളുടെ ഓർമ്മയിൽ വന്നോ? എങ്കിൽ നിങ്ങൾ ആലോചിച്ചത് ശരിയാണ്. കോടികൾ മുടക്കിയ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതായി മാറിയ ഒരു പാലത്തിന്റെ കഥയാണ് ഇത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ഈ വാർത്ത ഞങ്ങൾ വൈപ്പിൻ നിവാസികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ്. നീണ്ടനാളത്തെ യാത്രാദുരിതത്തിന് ഇതോടേ അറുതിയാവും എന്ന് കരുതുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ൽ മലയാളമനോരമയിൽ വന്ന വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
പാലം തുറന്നുകൊടുത്തതായി 10/05/2015-ലെ മലയാളമനോരമയിൽ വന്ന വാർത്ത.

ഇനി ഈ പാലത്തിന്റെ ചരിത്രത്തിലേയ്ക്ക്.   ഈ പാലത്തെ കുറിച്ച് മാതൃഭൂമി 10/10/2013-ൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ ഫീച്ചർ ഞാൻ ചേർക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാലപ്പഴക്കം കൊണ്ടാവാം ഇത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പത്രമാദ്ധ്യമത്തിൽ ഈ വിഷയത്തിൽ വന്ന ഏറ്റവും നല്ല ലേഖനം മാതൃഭൂമിയിൽ വന്ന ഈ സ്പെഷ്യൽ ഫീച്ചർ ആണ്.
*********************************************************************************
മെട്രോ വേഗത്തില്‍ നഗരം കുതിക്കുകയാണ്. നിരനിരയായി മേല്‍പാലങ്ങള്‍, വര്‍ഷാവര്‍ഷം ഉയരുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റ് പോലെ ഒരു പാലം നിലയുറപ്പിച്ചിട്ടുണ്ട് ഗോശ്രീ റോഡില്‍. പണിതുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ട്രയല്‍ റണ്ണിനായി ഈ റെയില്‍വേ മേല്‍പാലം തുറന്നിരുന്നു. അപ്പോഴേക്കും അപ്രോച്ച് റോഡ് ഇരുന്നതോടെ എന്നെന്നേക്കുമായി അടയ്‌ക്കേണ്ട സ്ഥിതിയായി. ഗോശ്രീയില്‍ ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലത്തിന് സമാന്തരമായി വരുന്ന ഈ റെയില്‍വേ മേല്‍പാലം എന്നുതീരുമെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം എന്നതാണ് വൈപ്പിന്‍കരക്കാരുടെ പക്ഷം. ഗോശ്രീ പാലങ്ങള്‍ വന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ നോക്കുകുത്തിയായി ഒരു വശത്തുനില്‍ക്കുന്ന ഈ 'പഞ്ചവടിപ്പാലം' കണ്ണിലെ കരടാകുകയാണ്. പാലം പണി അന്തമില്ലാതെ നീളുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പായുന്ന കണ്ടെയ്‌നര്‍ ലോറികളുടേയും ചരക്ക് ട്രെയിനുകളുടേയും ഇടയില്‍ ഇനിയും ഏറെ നാള്‍ ജനം വീര്‍പ്പുമുട്ടേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്.

നഷ്ടസ്വപ്നങ്ങള്‍
ഒരു വര്‍ഷം മുമ്പാണ് വേമ്പനാട് റെയില്‍വേ ക്രോസിന് മുകളിലൂടെ മേല്‍പാലം വന്നത്. 2010ഓടെ പാലം പണി തുടങ്ങി 2012ഓടെ തുറന്നെങ്കിലും മാസങ്ങള്‍ക്കകം ഇത് ഉപയോഗ ശൂന്യമായി. ചെറിയ വണ്ടികള്‍ കടന്നുപോകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതും നിര്‍ത്തി. രണ്ടാം ഗോശ്രീ പാലത്തിന് സമാന്തരമായി വന്ന ഈ പാലത്തിന്റെ ഒരു സ്പാന്‍ ഇരുന്നുപോയതാണ് പ്രശ്‌നമായത്. വല്ലാര്‍പാടം ഭാഗത്ത് അപ്രോച്ച് റോഡില്‍നിന്ന് പാലത്തിലേക്കുള്ള ഗ്യാപ് സ്ലാബാണ് ഇരുന്നുപോയത്. 50 സെ.മീറ്ററാണ് ആദ്യമിരുന്നുപോയതെങ്കിലും നികത്തിയെടുത്ത നിലത്ത് പിന്നീട് ദിവസവും പൈലുകള്‍ താഴുന്ന സ്ഥിതിയായി. ഇത് പരിഹരിക്കാന്‍ സമയക്രമം പറയാനാകില്ലെന്ന് അന്നേ ജോലി ഏറ്റെടുത്ത എന്‍.എച്ച്.എ.ഐ. പറഞ്ഞിരുന്നു. പൂഴിയായ മണ്ണ് ഉറപ്പിച്ച് പണിതതിനാല്‍ ഇത് പലയിടത്തും സാധാരണമാണെന്നായിരുന്നു ഇവരുടെ പക്ഷം. ഏതായാലും വല്ലാര്‍പാടത്തെഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പാലമിപ്പോള്‍ യാതൊരു ഉപയോഗവുമില്ലാതായിരിക്കുകയാണ്. 27 സ്പാനുകളായി 836 മീ. നീളമാണ് മേല്‍പാലത്തിനുള്ളത്. ഭൂമി നികത്തിയെടുത്ത പ്രദേശമായിരുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ ഓരോ 20 സെ.മീ ഉറപ്പാണെന്ന് ബോദ്ധ്യപ്പെട്ടായിരുന്നു പണി നടന്നത്. പാലം തുറന്ന ശേഷം നിലവിലുള്ള ഗോശ്രീ പാലത്തിന്റെ മൂന്ന് സ്പാനുകള്‍ ഉയര്‍ത്തി പുതിയതുമായി കൂട്ടിച്ചേര്‍ത്ത് റയില്‍ പാളത്തിന് മുകളിലൂടെയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ റോഡില്‍ വല്ലാര്‍പാടത്ത് രണ്ടുപാലങ്ങളിലൂടെ നാലുനിര ഗതാഗതം സാധ്യമാകുമെന്നുള്ളത് പാഴ്‌വാക്കായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവാണ് പാലം തകരാന്‍ കാരണമായതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിതിയിലും പിഴവുണ്ടായിരുന്നു. പാലം വന്നുചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നുപോകുകയും സ്ലാബ് ഇടിഞ്ഞുതാഴുകയും ചെയ്തത് ഇങ്ങനെയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഗ്യാപ് സ്ലാബ് ഇരുന്നത്, പാലം നിര്‍മ്മിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കരാര്‍ ഏല്‍പിച്ചതോടെയായിരുന്നുവെന്ന നിലപാടിലായിരുന്നു അധികൃതര്‍.

കളമശ്ശേരിവരെ നീളുന്ന നാലുവരി ദേശീയ പാതയിലേക്ക് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലത്തോടൊപ്പം പാതനിര്‍മ്മാണവും നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഇപ്പോഴുള്ള ഗോശ്രീ പാലത്തിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി മേല്‍പാലത്തിന് ഒപ്പമാക്കുന്ന ജോലികളും നടക്കേണ്ടതുണ്ട്. മെയ് 2014 നകം ഇതോടൊപ്പമുള്ള രണ്ടുവരി ഹൈവേ പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. സോമ എന്റര്‍പ്രൈസസാണ് റോഡിന്റെ ജോലി നിര്‍വഹിക്കുന്നത്. 17.2 കി.മീറ്ററുള്ള മൂലമ്പിള്ളി-വല്ലാര്‍പാടം റോഡ് എന്‍.എച്ച് 17ഉം 47ഉം ആയി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. 

പൊറുതിമുട്ടി ഗോശ്രീ യാത്ര
മേല്‍ പാലം പണി എങ്ങുമെത്താതെ നീളുന്നത് വൈപ്പിന്‍കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ബോള്‍ഗാട്ടി-വല്ലാര്‍പാടം ഗോശ്രീക്ക് സമാന്തരമായുള്ള മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് സുഗമ സഞ്ചാരം ഒരുക്കാന്‍ എന്‍.എച്ച്.എ.ഐ. പണിയുന്ന പാലം വൈപ്പിന്‍, വല്ലാര്‍പാടം, പുതുവൈപ്പ്, കൊടുങ്ങല്ലൂര്‍ യാത്രകള്‍ക്കുള്ള ബദല്‍ പാതകൂടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. 

പാലം തുറക്കാത്തത് ഗോശ്രീയിലൂടെയുള്ള യാത്ര ഇപ്പോള്‍ നരകതുല്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കിട്ട് കണ്ടെയ്‌നര്‍ റോഡ് സംഗമിക്കുന്ന ഭാഗത്ത് ട്രാഫിക് നിയന്ത്രണം നടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ വരെ നീളുന്ന ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടാകാറുണ്ട്. രാവിലെയും വൈകീട്ടും ഡി.പി. വേള്‍ഡിലേക്കെത്തുന്ന കണ്ടെയ്‌നര്‍ ട്രെയിനിനായി വേമ്പനാട് റെയില്‍വേ ക്രോസ് അടയ്ക്കുന്നതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ കണ്ടെയ്‌നര്‍ ലോറികള്‍ ബ്രേക്ക്ഡൗണാകുന്നതും റോഡിലെ കുരുക്കിന് കാരണമാകുന്നുണ്ട്. അടുത്തിടെ റെയില്‍വേയുടെ 25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന കേബിളുകള്‍ താങ്ങി നിര്‍ത്തുന്ന ദണ്ഡില്‍ ലോറിയിടിച്ച് വന്‍ ദുരന്തം നടക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഹൈക്കോടതി 
ജങ്ഷന്‍, ഗോശ്രീ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വരെ നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയും കുരുക്കിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍,പറവൂര്‍, മുനമ്പം, വടക്കോട്ടുള്ള ജില്ലകള്‍ എന്നിവിടങ്ങളിലേക്ക് അണുവിട ചലിക്കാനാകാതെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകളും കുരുങ്ങാറുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവരുന്ന അത്യാസന്ന രോഗികളും ഈ കുരുക്കില്‍ വലയുകയാണ്. മേല്‍പാലം നിര്‍മ്മാണം തുടങ്ങിയതോടെ പ്രവര്‍ത്തനം നിലച്ച മറ്റ് ഗോശ്രീ പാലങ്ങളിലെ വഴിവിളക്കുകളും ശരിയാക്കേണ്ടതുണ്ട്. 120ഓളം ലൈറ്റുകളുള്ളതില്‍ വിരലിലെണ്ണാവുന്ന വിളക്കുകള്‍ പോലും ഇപ്പോള്‍ തെളിയുന്നില്ല. റെയില്‍ക്രോസില്‍ പോലും ലൈറ്റ് തെളിയാത്തതും റോഡിലെ കുഴികളും ഈ 
റോഡിലൂടെയുള്ള രാത്രി ഗതാഗതം ഏറെ ക്ലേശകരമാക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പാര്‍ക്കിങ് ബ്രിഡ്ജ്
ഉപയോഗശൂന്യമായ പാലം തുണയായത് കണ്ടെയ്‌നര്‍ ലോറിക്കാര്‍ക്കാണ്. പാലത്തിന്റെ അപ്രോച്ച് റോഡിപ്പോള്‍ കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങ്ങ് ഏരിയയായിരിക്കുകയാണ്. പാലത്തിലേക്കുള്ള പ്രവേശനഭാഗം കല്ലുകെട്ടി തിരിച്ചുവെച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളിലുടെ വണ്ടി കയറ്റുന്നതിനാല്‍ ഈ ഭാഗം ഇടിയുന്നുമുണ്ട്. കൂടാതെ റോഡിന് കുറുകെ വന്ന് ലോറികള്‍ വളയ്ക്കുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. 
ചെറുവാഹനങ്ങള്‍ക്ക് പോകാന്‍സൗകര്യമൊരുക്കും - കളക്ടര്‍ മേല്‍പാലനിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അടിയന്തരമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടുന്ന രീതിയില്‍ നവീകരിക്കുമെന്നും കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. എന്‍.എച്ച്.എ.ഐ. ടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണിനടത്തുകയാണ്. പാലം ഉപയോഗ യോഗ്യമാക്കാന്‍ വല്ലാര്‍പാടം ഭാഗത്ത് 136 മീറ്ററോളം നീളം കൂട്ടേണ്ടതുമുണ്ട്. എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ സി.ടി എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. യുമായി സഹകരിച്ച് പഠനം നടത്തിയതനുസരിച്ചാണ് നിലവിലെ പരിഹാരമുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടെര്‍മിനലില്‍ വരുന്ന ചരക്കുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് പകലും ടെയിനുകള്‍ വരുന്നതിന് കാരണം. താത്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യമൊരുക്കി ഇത് പരിഹരിക്കാന്‍ ശ്രമമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
(കടപ്പാട് മാതൃഭൂമി)
*********************************************************************************
10/10/2013 നു ശേഷം പിന്നേയും ഒന്നരവർഷം കഴിഞ്ഞു ഈ പാലം ഗതാഗതയോഗ്യമാവാൻ. ഞാൻ സത്യത്തിൽ കരുതിയിരുന്നത് നല്ല തൊലിക്കട്ടിയുള്ള ഏതെങ്കിലും രാഷ്‌ട്രീയനേതാവ് ഈ പഞ്ചവടിപ്പാലം തുറന്നുകൊടുക്കാൻ എഴുന്നള്ളും എന്നാണ്. അങ്ങനെയെങ്കിൽ അറ്റകുറ്റപ്പണി കഴിഞ്ഞാലും പിന്നെയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വന്നേനെ. എന്നാൽ ഇന്ന് മനോരമയിലെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി 2012 മുതൽ മൂന്നുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോഴെങ്കിലും പാലം തുറന്നല്ലൊ. നല്ലത്. കുഴുപ്പിള്ളിയിലെ എന്റെ വീട്ടിൽ നിന്നും ഹൈക്കോടതി വഴിയാണ് കളമശ്ശേരിയിലെ ജോലിസ്ഥലത്തേയ്ക്ക് വർഷങ്ങളായി പോയിക്കൊണ്ടിരുന്നത്, ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്കും, മെട്രോ നിർമ്മാണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്കും മൂലം കഴിഞ്ഞ ഒരു വർഷമായി പറവൂർ - ആലുവ - കളമശ്ശേരി വഴിയാണ് യാത്ര. ഇനി മെട്രോ മൂലമുള്ള ഗതാഗതക്കുരുക്കിനും കൂടീ പരിഹാരമായാൽ വീണ്ടൂം പഴയ റൂട്ടിലേയ്ക്ക് മാറാം എന്ന ആശ്വാസം ഉണ്ട്.

ഈ വാർത്തയിൽ ഉള്ള മറ്റൊരു ആശങ്ക റെയിൽവെ മേല്പാലം തുറന്നതിനൊപ്പം ഇപ്പോൾ ഉപയോഗത്തിലുള്ള പാലം അടച്ചതായും അതിൽ ഉടൻ തന്നെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വാർത്തയിൽ പറയുന്നു. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിർമ്മിച്ച പാലങ്ങളിൽ മറ്റു രണ്ടെണ്ണം കൂടി ഇതുപോലെ ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതാണ് ചരിത്രം. രണ്ട് പാലങ്ങളിൽ കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ ഉണ്ടായതിനാൽ ഓരോ സ്പാനുകൾ വീതം മാറ്റിവെയ്ച്ചു. ആ പഴയ അനുഭവം ഉള്ളതിനാൽ നിലവിലെ പാലം പെട്ടന്ന് പുനർനിർമ്മാണത്തിനായി പൊളിക്കുന്നതിനോട് യോജിപ്പില്ല. പുതിയ ഓവർബ്രിഡ്ജിലൂടെ ഏതാനും മാസം വാഹനങ്ങൾ കടന്നു പോയി അതിന്റെ ഉറപ്പ് സംശയാതീതമായി തീർച്ചപ്പെടുത്തിയ ശേഷം മാത്രം നിലവിലെ രണ്ടാം ഗോശ്രീപാലം പൊളിച്ചാൽ മതി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

Thursday, May 07, 2015

സൽമാൻ ഖാൻ ശിക്ഷിക്കപ്പെടുമ്പോൾ

സൽമാൻ ഖാൻ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയതയാണോ കാണിക്കുന്നത്? അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. കാരണം ഒരു കേസ് ദൃക്സാക്ഷികൾ ഉണ്ടായിട്ടും 13 വർഷം വേണ്ടിവന്നു ഒരാൾ കുറ്റക്കാരനെന്ന് കണ്ടെത്താൻ. എന്നാൽ ആ കുറ്റവാളിയ്ക്ക് ജാമ്യം കിട്ടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഹരീഷ് സാൽവെ എത്തുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കാൻ മുംബൈ ഹൈക്കോടതിയിൽ ജ്ഡ്ജി കാത്തുനിന്നു. രണ്ടുദിവത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതാകട്ടെ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞും. ജാമ്യാപേക്ഷകൊടുക്കാൻ സെഷൻസ്‌കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗത്തിനു കിട്ടിയിട്ടില്ല എന്നതാണ് രണ്ടു ദിവസത്തെ / പകർപ്പ് കിട്ടുന്നതു വരെ ജാമ്യം നൽകുന്നതിനുള്ള കാരണം. ഇത്തരം ഒരു 'നീതി' സാധാരണക്കാരനു ലഭിക്കുമോ എന്നതിൽ ആർക്കും സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.

ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെടാൻ കാരണം സൽമാന്റെ ഗണ്മാൻ ആയിരുന്ന പോലീസ് കോൺസ്റ്റ്രബിൽ രവീന്ദ്ര പാട്ടീലിനെ മൊഴിയും നിലപാടുകളും ആണ്. അപകടം നടന്ന് അവസരത്തിൽ വാഹനം ഓടിച്ചിരുന്നത് സാൽമാൻ ആണെന്നും വേഗം കുറയ്ക്കണമെന്ന തന്റെ അഭ്യർത്ഥന സൽമാൻ ചെവിക്കൊണ്ടില്ലെന്നും, അപകട സമയത്ത് സൽമാൻ മദ്യപിച്ചിരുന്നു എന്നു അദ്ദേഹം മൊഴി നൽകി. പല സമ്മർദ്ദങ്ങളെയും അതിജീവിച്ച് അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെടുകയും വീട്ടുകാർ പോലും ഉപേക്ഷിച്ച അദ്ദേഹം ക്ഷയം പിടിച്ച് മരിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

12 വർഷം കഴിഞ്ഞ ശേഷമാണ് അപകട സമയത്ത് താൽ അല്ല തന്റെ ഡ്രൈവർ ആണ് വണ്ടി ഓടിച്ചിരുന്നതെന്ന് അവകാശവാദവുമായി സൽമാൻ ഖാൻ കോടതിയിൽ എത്തുന്നതുന്ന്. അതിനിടയിൽ 304ആം വകുപ്പ് ചേർത്തത് സംബന്ധിച്ച (മനപൂർവ്വമല്ലാത്ത നരഹത്യ) തർക്കം സുപ്രീംകൊടതിയിൽ വരെ  എത്തുകയും സുപ്രീം കോടതി 304 ചേർത്തത് അംഗീകരിക്കുകയും ചെയ്തു. അതാണ് സൽമാൻ ഖാന് 5 വർഷം തടവുകിട്ടാൻ കാരണം.

ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ  ഈ അപകടത്തിന്റെ ഇരകൾ ആയവർക്ക് നഷ്ടപരിഹാരം ഒന്നും പരാമർശിച്ചിട്ടില്ല. 2002-ൽ മുംബൈ ഹൈക്കോടതി ഇടക്കാല നഷ്ടപരിഹാരമായി 19 ലക്ഷം രൂപ ഈ അപകടത്തിന്റെ ഇരകളായവർക്കും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുമായി കെട്ടിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖാൻ കുടുംബം ആ തുക കെട്ടിവെയ്ക്കുകയും ചെയ്തു. ആ തുക പോലും പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ല. ഈ കേസിൽ കുറ്റവാളിയായ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെടുക എന്നതുപോലെ തന്നെ പ്രധാനമാണ് ഇരകൾക്ക്  അർഹിക്കുന്ന നഷ്ടപരിഹാരം അപകടത്തിനുത്തരവാദിയായ വ്യക്തിയിൽ നിന്നും ഈടാക്കി നൽകുക എന്നത്. ആ വിഷയത്തിൽ സെഷൻസ് കോടതിയുടെ ഈ വിധി തികഞ്ഞ അനീതിയാണ് ഇരകളോട് കാണിച്ചതെന്ന് പറയേണ്ടി വരും. 

അതിലെല്ലാം പുറമെ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിൽ ബോളിവുഡിലേയും അതുപോലെ സാൽമാൻ ഖാന്റെ സുഹൃത്തുക്കളുടെയും ആയി വന്നിട്ടുള്ള പ്രതികരണങ്ങൾ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യത്വം എന്നത് ഇവരിൽ പലർക്കും തൊട്ടുതീണ്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മദ്യലഹരിയിൽ ലക്ക് കെട്ട് വാഹനം ഓടിച്ച സൽമാൻ ഖാനല്ല മറിച്ച് തലചായ്ക്കാൻ മറ്റിടം ഇല്ലാതെ വഴിവക്കിൽ കിടന്നുറങ്ങിയ ദരിദ്രരാണ് അവരിൽ പലരുടേയും കണ്ണിൽ കുറ്റക്കാൻ. Shame on you people.

References:
  1. http://www.thehindu.com/news/national/2002-hitandrun-case-salman-khan-sentenced-to-5-years-in-jail/article7176746.ece
  2. http://www.southlive.in/news-national/salman-khan-faces-verdict-today-2002-hit-and-run-case/7971
  3. http://www.thehindu.com/news/cities/mumbai/verdict-in-salman-khan-hit-and-run-case/article7175859.ece
  4. http://www.ndtv.com/video/player/the-buck-stops-here/the-salman-khan-verdict-bollywood-plays-victim-forgets-the-real-victims/366492
  5. http://www.asianetnews.tv/magazine/article/27062_The-story-of-a-bodyguard-who-died-alone--saying-it-was-Salman-behind-the-wheel
  6. http://www.asianetnews.tv/enews/article/27053_abhijeets-tweet-on-salman-verdict
  7. http://www.ndtv.com/opinion/salman-khan-let-down-most-by-his-lawyers-760911?utm_source=taboola-dont-miss
  8. http://bombayhighcourt.nic.in/generatenewauth.php?auth=cGF0aD0uL2RhdGEvY3JpbWluYWwvMjAxNS8mZm5hbWU9QVBFQUw1NTAxNTA2MDUxNS5wZGYmc21mbGFnPU4=
  9. http://www.southlive.in/news-national/salman-khan-convicted-we-just-want-compensation-says-wife-man-who-died/8015
  10. http://www.dnaindia.com/mumbai/report-salman-khan-hit-and-run-prove-you-are-legal-heirs-for-compensation-bombay-high-court-tells-victim-s-kin-2007182

Saturday, March 14, 2015

കേരളനിയമസഭയിൽ അപമാനിക്കപ്പെട്ട ജനാധിപത്യം


കേരളനിയമസഭയിലെ തനിതറകളായ സമാജികർക്ക്, ഇത് പഞ്ചവടിപ്പാലം 1984-ൽ ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചലച്ചിത്രം ആണ്. നിങ്ങളിൽ ഇതു കാണാത്തവർ ഇനിയും ഉണ്ടെങ്കിൽ കണ്ടിരിക്കണം. അല്ലെങ്കിൽ എല്ലാവർക്കും കൂടി കാണാൻ കൈരളിയിൽ ഒരു പ്രത്യേക പ്രദർശനം നടത്തിയാലും വിരോധമില്ല. ദുശ്ശാസന കുറുപ്പിനേയും, മണ്ഡോദരി അമ്മയേയും, പഞ്ചവടി റാഹേലിനേയും, ഇസഹാക്ക് തരകനേയും, ശിഖണ്ഡി പിള്ളയേയും നിങ്ങളിൽ തന്നെ ഇപ്പോഴും കാണാൻ സാധിക്കും. അല്പം ആത്മാഭിമാനം ഉള്ളിൽ ഉണ്ടെങ്കിൽ ഇതൊക്കെ കണ്ടാലെങ്കിലും സ്വയം ഒരു ആത്മനിന്ദ തോന്നണം. അതുണ്ടാവുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടുകാര്യമില്ല, ഞങ്ങൾ ജനങ്ങളുടെ ഗതികേട്.

ഞങ്ങൾ തിരഞ്ഞെടുത്തുപോയി എന്ന വലിയ തെറ്റിന്റെ പേരിൽ ഞങ്ങൾക്കില്ലാത്ത പല വിശേഷാവകാശങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ടല്ലൊ. ആ അവകാശങ്ങൾ ഉള്ളതുകൊണ്ടാണ് എന്തു തെമ്മാടിത്തരവും നിങ്ങൾ സഭയുടെ ഉള്ളിൽ കാണിച്ചാലും ഒന്നിനും ശിക്ഷ അനുഭവിക്കേണ്ടി വരാത്തത്. സാമജികർ ഓർക്കുന്നുണ്ടാവും കഴിഞ്ഞ സമ്മേളനത്തിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കുന്ന സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകളിലേയ്ക്ക് സഭയുടെ ശ്രദ്ധക്ഷണിക്കാൻ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം വിളിച്ച കെ എസ് ആർ ടി സി പെൻഷൻ‌കാരനായ സതീഷ് എന്ന തിരുവനന്തപുരം പേട്ട സ്വദേശിയെ. അന്ന് സഭയുടെ പ്രത്യേക അവകാശങ്ങളിൽ കടന്നുകയറിയതിന്, സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിന് അദ്ദേഹത്തെ ഒരു ദിവസത്തെ തടവിനാണ് നിങ്ങൾ സംഭാംഗങ്ങൾ ശിക്ഷിച്ചത്. ഇന്ന് നിങ്ങൾ കാണിച്ച അവകാശലംഘനങ്ങൾക്ക്, തെമ്മാടിത്തരത്തിന്, കേരളനിയമസഭയെ ഏറ്റവും അപഹാസ്യമാക്കിയതിന് എന്തു ശിക്ഷയാണ് നിങ്ങൾ ഓരോരുത്തരും അർഹിക്കുന്നതെന്ന് സ്വയം തീരുമാനിക്കുക. ഇത്രയും വൃത്തികെട്ട സംഭവങ്ങൾ ഉണ്ടായിട്ടും അല്പം പോലും ജാള്യതയില്ലാതെ പിന്നെയും മാദ്ധ്യമങ്ങളേയും ജനങ്ങളേയും അഭിമുഖീകരിക്കുന്ന നിങ്ങളുടെ മാനസികനിലയിൽ ആശങ്കയുണ്ട്. ഓർക്കുക ഈ അവകാശങ്ങൾ നിങ്ങളുടെ ജീവിതാന്ത്യം വരേയ്ക്കും ആരും നിങ്ങൾക്ക് തന്നതല്ല, കേവലം അഞ്ചുവർഷത്തേയ്ക്ക് മാത്രമാണ് ഈ അവകാശങ്ങൾ അതുകഴിഞ്ഞ് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ തെമ്മാടിത്തരങ്ങൾക്ക് മറുചോദ്യം ചോദിക്കാൻ കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.