കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും ആനുപാതികമായി ബസ്സ് ചാർജ്ജ് കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ച (ന്യൂസ് അവർ, 12/02/2015) ആണ് താഴെയുള്ള വീഡിയോ
ഈ വിഷയത്തിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു
സാധാരണജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്ത് ഏഷ്യാനെറ്റിനു നന്ദി. ബസ്സ് ചാർജ്ജ് വർദ്ധന സംബന്ധിക്കുന്ന വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒറ്റക്കെട്ടാണ്. കെ എസ് ആർ ടി സിയുടെ പേരു പറഞ്ഞാണ് ബസ്സ് ചാർജ്ജ് പലപ്പോഴും സർക്കാർ വർദ്ധിപ്പിക്കുന്നത്. അതിന്റെ ഗുണം ഉണ്ടാകുന്നത് സ്വകാര്യ ബസ്സുടമകൾക്കും. ഡിജോ കാപ്പനെ പോലുള്ളവരുടെ പരിശ്രമങ്ങൾ മാത്രമാണ് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. എന്റെ അനുഭവത്തിൽ മറ്റൊരു കൊള്ള അശാസ്ത്രീയമായ ഫെയർ സ്റ്റേജ് സംവിധാനം ആണ്. കിലോമീറ്റരിനു 64 പൈസ എന്ന നിരക്ക് നിശ്ചയിച്ചിട്ടുള്ള നാട്ടിൽ വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പിള്ളി വരെയുള്ള 17 കിലോമീറ്റർ യാത്രചെയ്യാൻ 18രൂപ ഓർഡിനറി ബസ്സിൽ ടിക്കെറ്റെടുക്കേണ്ട ഗതികേടിലാണ് (http://goo.gl/P0Gtiw) നാട്ടുകാർ. പല സംഘടനകളും റസിഡൻസ് അസ്സോസിയേഷനും പരാതിപ്പെട്ടതനൂസരിച്ച് എറണാകുളം ആർ ടി എ ഒരു പോയിന്റ് എടുത്തുകളഞ്ഞ് ബസ്സ് ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചു എങ്കിലും ബസ്സുടമകൾ അതിനെതിരെ ഹൈക്കോടതിയിൽ പോയി. ഇത്തരം കേസുകളിൽ എങ്ങനെയാണ് ബസ്സുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്. ആരാണ് ബസ്സുടമകൾക്ക് വേണ്ടി തോറ്റുകൊടുക്കുന്നത്? വടക്കൻ പറവൂർ - വൈറ്റില റൂട്ടിൽ നിലവിലുള്ള ഫെയർ സ്റ്റേജുകൾ ഏതെന്ന എന്റെ ചോദ്യത്തിനു വിവരാവകാശനിയമപ്രകാരം എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ 03/09/2014-ൽ നൽകിയ നൽകിയ മറുപടിയിൽ (http://goo.gl/MbZL0P) പറയുന്നത് ഫെയർ സ്റ്റേജ് പോയിന്റുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും പ്രസ്തുത വിഷയം അന്വേഷിക്കാൻ എറണാകുളം മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് എന്നെ അറിയിക്കാം എന്നുമാണ്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ വ്യക്തമായ മറുപടി എനിക്ക് തന്നിട്ടില്ല. ഒരു റൂട്ടുലെ ഫെയർ പോയിന്റുകളും അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കും ബസ്സിൽ പ്രദർശിപ്പിക്കണം എന്നാണ് നിയമം. എത്ര ബസ്സുകളിൽ ഫെയർ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബസ്സുകൾക്കെതിരെ നടപടി ഉണ്ടാകാത്തത്? ഇതെല്ലാം ഒരു കൊള്ളസംഘമാണ് എന്നതാണ് എന്റെ ഉത്തരം.
എറണാകുളത്ത് വാതിലുകൾ ഇല്ലാത്ത സ്വകാര്യബസ്സുകളിൽ നിന്നും ആളുകൾ വീണ്ട് ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കൂടിയ അവസരത്തിൽ എറണാകുളം ആർ ടി എ എല്ലാ ബസ്സുകൾക്കും വാതിലുകൾ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ബസ്സുടമകൾ ഈ ഉത്തരവിനെതിരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടിയെ സമീപിക്കുകയും എറണാകുളം ആർ ടി എയുടെ ഉത്തർന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടി സ്റ്റെ ചെയ്യുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എറണാകുളം ആർ ടി എ സർക്കാരിനോട് അനുവാദം അഭ്യർത്ഥിച്ചിട്ടും ഇതുവരെ നൽകിയിട്ടില്ലെന്നാണ് എന്റെ അറിവ്.
സ്വകാര്യ ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടാലും അതു നൽകാൻ പലപ്പോഴും ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ തയ്യാറാവില്ല. ലഭ്യമല്ല, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു, സമയക്രമം സൂക്ഷിക്കുന്ന പതിവില്ല ഇങ്ങനെയുള്ള മറുപടികൾ (http://goo.gl/vXIuGD) ആണ് പലപ്പോഴും ലഭിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവിടം ഭരിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരല്ല, ബസ്സ് മുതലാളിമാർക്ക് ഒത്താശചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥരും ആണ് ഇവിടെ ഉള്ളതെന്നാണ്. അതിനാൽ സർക്കാർ വിചാരിച്ച് ഇവിടെ ജനങ്ങൾക്ക് ഡീസൽ വിലയിടിവുകൊണ്ടുള്ള ഗുണം ലഭിക്കും എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ഡിജോ കാപ്പനെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ മാത്രമാണ് ഇത്തരം ജനോപകാരപ്രദമായ നടപടികൾക്ക് സഹായകമാവൂ. അദ്ദേഹം പറഞ്ഞത് പോലെ ജനം ചൂലെടുക്കണം എന്നാലെ ഈ നാട്ടിലെ രാഷ്ട്രിയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പാഠം പഠിക്കൂ.
Good
ReplyDelete