Monday, February 02, 2015

സഖാവ് എം വി ജയരാജനും കോടതിയലക്ഷ്യവും

ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഒന്നാണല്ലൊ സഖാവ് എം വി ജയരാജനെതിരായ കോടതിയലക്ഷ്യ നടപടികൾ. എന്റെ അഭിപ്രായത്തിൽ സഖാവ് എം വി ജയരാജൻ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന് ഞാൻ പറയും. കാരണം സ്വന്തം പരമാർശത്തിൽ ഉറച്ചു നിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ട് വള്ളത്തിൽ കാലുവെയ്ക്കുന്നതുപോലെ ആയിപ്പോയി ജയരാജന്റെ പ്രവർത്തി. ശുംഭൻ എന്ന വാക്കിന് സ്വയംപ്രകാശിക്കുന്നവൻ എന്ന് അർത്ഥം നൽകി അത് സാധൂകരിക്കാൻ സംസ്കൃതപണ്ഡിതരെ വരെ കോടതിയിൽ എത്തിച്ചു. അങ്ങനെ കേരളഹൈക്കോടതിയേയും സുപ്രീംകോടതിയേയും തെറ്റിദ്ധരിപ്പിക്കാനാണ് ജയരാജൻ ശ്രമിച്ചത്. പാർട്ടി സെക്രട്ടറി പോലും ശുംഭനിശുംന്മാരെ വച്ച് വിശദീകരിക്കാൻ ശ്രമിച്ചതും മറക്കുന്നില്ല. ആദ്യം അദ്ദേഹത്തിന്റെ വിവാദമായ പ്രസംഗം  ഉള്ള രണ്ട് വീഡിയോകൾ കണ്ടു നോക്കാം.

സഖാവ് എം വി ജയരാജന്റെ പ്രസംഗത്തെക്കുറിച്ച് കൈരളി വാർത്ത. ഈ വീഡിയോയിൽ വീഡിയോയിൽ അദ്ദേഹം പറയുന്ന വിവാദമായ ഭാഗം കോടതിവിധികൾ നാടിനും ജനങ്ങൾക്കും എതിരായി മാറുമ്പോൾ കോടതിവിധികൾ തന്നെ പുല്ലായി മാറുകയാണെന്നും അത്തരം വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർക്ക് ഇനിയെത്തുവിലയാണുള്ളതെന്നും, ആ ജഡ്ജിമാരുടെ വിധിവാചകങ്ങൾ കേൾക്കാതെ റോഡരികിൽ ആ വിധിവാക്യങ്ങൾ ലംഘിച്ചുകൊണ്ട്  ഇന്ന് കേരളത്തിൽ എല്ലായിടത്തും ജനങ്ങൾ പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നുവെന്നും ഇനിയെന്തിനാണ് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നതെന്നും ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവെച്ചൊഴിയണം എന്നുമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ വന്ന പ്രസംഗത്തിന്റെ ഭാഗം ഇതാണ്  http://youtu.be/9T6VpEEtqew ഈ വാർത്തയിൽ അദ്ദേഹം ശുംഭന്മാർ എന്ന് വിശേഷിപ്പിക്കുന്നതും കാണാം. ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് "നമ്മുടെ നീതിന്യായപീഠത്തിൽ ഇരുന്നുകൊണ്ട് ഏതാനും ചില ശുംഭന്മാർ പറയുന്നത് മറ്റൊന്നുമല്ല യഥാർത്ഥത്തിൽ പറയുന്നത് അവർ തന്നെ നിയമം നിർമ്മിക്കുന്നു അവർതന്നെ ഉത്തരവുകൾ ഇറക്കുന്നു................. ഇനിയെന്തിന് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നു, ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവച്ചൊഴിയണം" രണ്ട് വീഡിയോകൾ അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ഏകദേശചിത്രം വ്യക്തമാക്കുന്നു.

ഈ പരാമർശങ്ങൾ ആണ് കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് നയിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതിൽ ശുംഭന്മാർ എന്ന പദപ്രയോഗത്തിന് പ്രകാശിക്കുന്നവൻ എന്നർത്ഥമുണ്ടെന്നും ജഡ്ജിമാരെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്നുമെല്ലാം സഖാവ് ജയരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചതായി മാദ്ധ്യമവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. സഖാവ് എം വി ജയരാജനെ കോടതിയലക്ഷ്യകുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടർന്ന്  ഡോക്‌ടർ തോമസ് ഐസക് ദേശാഭിമാനിയിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ജസ്റ്റിസ് മാർക്കാണ്ഡേയ കഡ്ജുവിന്റെ പുസ്തകത്തിലെ ഒരു ഭാഗം പരാമർശിച്ചുകൊണ്ട് ഡോക്‌ടർ തോമസ് ഐസക് ഇങ്ങനെ പറയുന്നു 
"ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു. പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" (YOU FOOLS!) എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന് എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍" 
 ഇതേലേഖനത്തിൽ മറ്റൊരിടത്ത് അദ്ദേഹം നടത്തുന്ന പരാമർശം നോക്കാം

"അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു"
ശുംഭൻ എന്ന വാക്കിന്റെ അർത്ഥം സ്വയം പ്രകാശിക്കുന്നവൻ എന്നല്ല വിഢി എന്നാണെന്ന് സഖാവ് എം വി ജയരാജന്റെ സഹപ്രവർത്തകനും പാർട്ടി നേതാവും ആയ ഡോക്‌ടർ തോമസ് ഐസക് പോലും സമ്മതിക്കുന്നു. പക്ഷെ സഖാവ് ജയരാജനു വേണ്ടി കോടതിയിൽ വാദിച്ചവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.

സഖാവ് എം വി ജയരാജന് നാലാഴ്ചത്തെ തടവു ശിക്ഷ വിധിച്ച സുപ്രീംകോടതിയും ശുംഭൻ എന്ന പദത്തിന് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം അംഗീകരിക്കുന്നില്ല. കോടതിവിധിയിൽ ഇപ്രകാരം പറയുന്നു

"Learned Senior Counsel has not addressed any arguments or given any extenuating explanation with regard to his utterance that if the Judges have any self respect they should step down from their office. We are also unable to accept the meaning sought to be given to the word ‘sumbhan’/ ‘sumbhanmar’ since our inquiries reveal that they are pejorative or insulting epithets/abuses akin to calling a person a fool or idiot. The Appellant indubitably has exercised his freedom of speech insofar as he has dissected the Judgment and argued that it was contrary to law. He may also be excused in saying that Judges live in glass houses, and that the judgment’s worth is less than grass, since this is his perception. But it is not open to the Appellant or any person to employ abusive and pejorative language to the authors of a judgment and call upon them to resign and step down from their office if they have any self respect. The Appellant should have kept in mind the words of Lord Denning, in the Judgment upon which he has relied, that  those that criticise a judgment must remember that from the nature of the Judge’s office, he cannot reply to their criticism. In the case in hand, the Appellant had his remedy in the form of a Special Leave Petition to this Court, which he has exercised albeit without success. The speech was made within a couple of days of the passing of the ad interim injunction; no empirical evidence was referred to by the Appellant, nor has any been presented thereafter, to support his utterance that the Judgment/Order was being opposed by the public at large. Hence we see these parts of the speech as intending to scandalize and lower the dignity of the Court, and as an intentional and calculated obstruction in the administration of justice. This requires to be roundly repulsed and combated"
ഇതിൽ നിന്നും ഒന്ന് വ്യക്തമാണ് ജഡ്ജിമാരെ ശുംഭന്മാർ എന്ന് വിശേഷിപ്പിച്ചതിനു മാത്രമല്ല സഖാവ് എം വി ജയരാജനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്. മറിച്ച് സഖാവ് എം വി ജയരാജൻ നടത്തിയ പ്രസംഗം കോടതിയുടെ അന്തസ്സിനെ ഇടിച്ചുകാട്ടുന്നതും നീതി നടപ്പാക്കുന്നതിനുള്ള ശ്രമത്തെ തടയുന്നതിനുള്ള മനഃപൂർവ്വവും ദുരുദ്ദേശപരവുമായ പ്രവർത്തിയായിക്കണ്ടാണ്.  ജഡ്ജിമാർക്ക് ആത്മാഭിമാനമുണ്ടെങ്കിൽ അവർ രാജിവെച്ചൊഴിയണം എന്ന സഖാവ് എം വി ജയരാജന്റെ പ്രസ്താവനയ്ക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് സാധിച്ചില്ല. കോടതി വിധിയോടുള്ള വിയോജിപ്പ പ്രകടിപ്പിച്ച രീതിയിലും സുപ്രീംകോടതി അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ജഡ്ജിമാർ അവർക്കെതിരായ ആരോപണങ്ങൾക്ക് സ്വയം വിശദീകരണം നൽകാൻ നിർവാഹമില്ലാത്തവരാണെന്ന കാര്യം വിധിന്യായങ്ങളെ വിമർശിക്കുന്നവർ പ്രത്യേകം ഓർക്കണം എന്നും അതിനാൽ അത്തരം വിമർശനം ഉന്നയിക്കുന്നവർ അതിന് നിയമപ്രകാരമുള്ള വേദികളിൽ അവ ഉന്നയിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറയുന്നു. 

2 comments:

  1. തന്റെ പരാമർശങ്ങളിൽ ഒരിക്കൽ പോലും ഖേദം പ്രകടിപ്പിക്കുവാൻ സഖാവ് എം വി ജയരാജൻ തയ്യാറായിട്ടില്ല. സുപ്രീം കോടതി ഇക്കാര്യം ജയരാജന്റെ അഭിഭാഷകനോട് തിരക്കിയപ്പോൾ തന്റെ കക്ഷിയിൽ നിന്നും അത്തരത്തിലുള്ള ഒരു നിർദ്ദേശം ഇല്ലെന്നായിരുന്നു മറുപടി. തന്റെ നിലപാടുകളിൽ ഖദം പ്രകടിപ്പിക്കാത്ത സഖാവ് ജയരാജൻ ശിക്ഷാനടപടി ക്ഷണിച്ചുവരുത്തുകയാണ്.

    ReplyDelete
  2. ഈ വിഷയത്തിൽ എന്റെ ഗൂഗിൾ+ പോസ്റ്റ്
    https://plus.google.com/+ManikandanOV/posts/YqpyofejAPb

    ReplyDelete

Thank you for visiting my blog. Please leave your comments using DISQUS.