Friday, May 30, 2014

നന്നാക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടൂ ഈ വെള്ളാനയെ

"ലാഭകരമല്ലെങ്കിൽ കെ എസ് ആർ ടി സി പൂട്ടിക്കൂടെ?" എന്ന് ചോദിച്ച ഹൈക്കോടതിയ്ക്ക് അഭിവാദ്യങ്ങൾ.

എന്താണ് കെ എസ് ആർ ടി സിയുടെ പ്രാഥമീകമായ കർത്തവ്യം? എന്റെ അറിവിൽ കുറെ ആളുകൾക്ക് ജോലിയും പെൻഷനും കൊടുക്കുക എന്നതല്ല, മറിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാണ്. പക്ഷെ അതിൽ കെ എസ് ആർ ടി സി എത്രമാത്രം വിജയിക്കുന്നു എന്നതിലാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാനിരക്ക് കേരളത്തിൽ ആണെന്ന് പറയുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നഷ്ടത്തിൽ പോകുന്നു. ഇതിന്റെ തലപ്പത്തിരുന്നു ഇറങ്ങുന്ന എല്ലാവരും സമ്മതിക്കുന്ന കാര്യം കെ എസ് ആർ ടി സി യുടെ ദുരവസ്ഥയ്ക്ക് കാരണം കെടുകാര്യസ്ഥത ആണ് എന്നതാണ്. എന്നാൽ തലപ്പത്തിരിക്കുമ്പോൾ അതിനെ നേരെയാക്കാൻ ആർക്കും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നിരക്ക്, ഓടിക്കുന്ന സർവ്വീസുകളിൽ ഉയർന്ന നിരക്കിലുള്ള ഫാസ്റ്റ് പാസെഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, എയർബസ്സ് ഇങ്ങനെ നിരക്ക് കൂടുതലുള്ള സൗജന്യങ്ങൾ കുറവുള്ള സർവ്വീസുകൾ. ഓടിക്കുന്നതാവട്ടെ നിയമങ്ങൾ ലംഘിച്ചും ഫാസ്റ്റിനു മുകളിൽ പെർമിറ്റുഌഅ വണ്ടികൾ ആളുകൾ നിന്നു യാത്രചെയ്യരുതെന്നാണ്. എന്നാൽ സൂപ്പർ ഫാസ്റ്റിൽ പോലും നൂറോളം ആളുകളെ കയറ്റിപോകുന്നു. കാരണം യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ സർവ്വീസുകൾ ഇല്ല. സർവ്വീസ് എന്ന് പറയുമ്പോഴും ലാഭകരമല്ലാത്ത സർവ്വീസുകൾ നിറുത്തലാക്കും എന്ന് ഇടയ്ക്കിടെ മന്ത്രിമാർ പറയും. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാലും അപ്പോഴും ആനവണ്ടിയുടെ സാമ്പത്തികസ്ഥിതി പ്രശ്നം. എറണാകുളത്ത് എല്ലാ ബസ്സുകൾക്കും ഡ്രൈവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന്അ ഡോറുകൾ ഘടിപ്പിക്കണം എന്ന് നിർദ്ദേശം വന്നു. അപ്പോഴും ആനവണ്ടിയെ ഒഴിവാക്കണം. ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ ജി പി എസ് ഘടിപ്പിക്കണം അതിനും ആനവണ്ടിയെ ഒഴിവാക്കണം. അമിതവേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ്ചുമത്തുന്നതിലും ആനവണ്ടിയെ ഒഴിവാക്കണം. അങ്ങനെ ഒരു നിയമവും ആനവണ്ടിയ്ക്ക് ബാധകമല്ല.

ജീവനക്കാരുടെ കാര്യത്തിലും ഉണ്ട് പ്രശ്നം. പലപ്പോഴും ജീവനക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഉള്ള ജീവനക്കാർ മെഡിക്കൽ ലീവെടുത്ത് എം പാനൽ ജീവനക്കാരെ കൊണ്ട് ജോലിചെയ്യിക്കുന്ന അവസ്ഥ. അങ്ങനെയും ചില റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വണ്ടിയുടെ സ്പെയർ പാർട്സുകൾ, ചേസിസ്, ടയർ എന്നിങ്ങനെ പല കരാറുകളിലും അഴിമതിയും കമ്മീഷനും. കെ എസ് ആർ ടി സി നഷ്ടത്തിലാവാൻ ഇങ്ങനെയും പല കാരണങ്ങളും ഉണ്ട്. പക്ഷെ എല്ലാക്കാലവും ഔദ്യോഗികമായി പറയുമ്പോൾ വില്ലൻ ജീവനക്കാരുടെ പെൻഷൻ മാത്രം. അത് സർക്കാർ ഏറ്റെടുത്താൽ കെ എസ് ആർ ടി സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ഇപ്പോൾ തന്നെ കോടികൾ ഈ വെള്ളനായുടെ ജീവൻ പിടിച്ചുനിറുത്താൻ ചിലവിടുന്നുണ്ടല്ലൊ.

കഴിഞ്ഞ സർക്കാർ മറ്റൊരു അപരാധംകൂടി ചെയ്തു. ജെൻറം പദ്ധതിയിൽ കിട്ടിയ വണ്ടികൾ കൂടി ഈ വെള്ളാനയുടെ ചുമതലക്കാരെ ഏല്പിച്ചു. ഫലം എറണാകുളത്തെ പല ദേശസാൽകൃതറൂട്ടിലും ഇപ്പോൾ ഓർഡിനറി ബസ്സുകളേക്കാൾ കൂടുതൽ ഈ പച്ച ലോഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. ഓർഡിനറിയിലും കൂടിയ ചാർജ്ജ് വാങ്ങി അളുകളെ പിഴിയുന്നു. ദേശസാൽകൃതറൂട്ടായതിനാൽ യാത്രക്കാർക്ക് മറ്റ് ഉപാധികളും ഇല്ല. ഞാൻ ജോലിചെയ്യുന്ന കളമശ്ശേരി മേഖലയിൽ കാക്കനാട് നിന്നും സീ പോർട്ട് എയർ പോർട്ട് റോഡ് കളമശ്ശേരി, കണ്ടെയ്നർ റോഡ്, വരാപ്പുഴ വഴി പറവൂർക്ക് വൈകീട്ട് നാല് പച്ചവണ്ടികൾ ആണുള്ളത്. ഒരു ഓർഡിനറി ബസ്സു പോലും ഇല്ല. ഈ ബസ്സുകൾ നിന്നു യാത്രചെയ്യാൻ ഉദ്ദേശിച്ച് ഡിഅസൈൻ ചെയ്തവയല്ല്. എന്നാലും കുത്തിനിറച്ച് ആളുകളെ കയറ്റിയാണ് ഓടിക്കുന്നത്. ഈ പച്ചവണ്ടികൾക്ക് പകരം തിരുകൊച്ചി വണ്ടികൾ ഓടിച്ചാൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്ക് യാത്രചെയ്യാം. പച്ചവണ്ടിയിൽ യാത്രചെയ്യാൻ സാമ്പത്തികമുള്ളവർ അതിൽ പോകട്ടെ. പക്ഷെ ഓടിക്കില്ല ആളുകളെ പിഴിയാൻ പറ്റില്ലല്ലൊ. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ റൂട്ടിലും ഈ പച്ചവണ്ടികളുടെ ബാഹുല്യം ആണ്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഇനി ജൻറം പദ്ധതിയിൽ ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കിട്ടില്ല എന്ന് കേൾക്കുന്നു. ഇപ്പോൾ ഉള്ള വണ്ടികൾ വൈകാതെ കട്ടപ്പുറത്താവും. അങ്ങനെയെങ്കിലും ഈ റൂട്ടുകളിൽ ഓർഡിനറി സർവ്വീസ് വരുമല്ലൊ.  വൈകുന്നേരം കളമശ്ശേരിയിൽ നിന്നും ഈ പച്ചവണ്ടിയിൽ കയറി ഒരു മണിക്കൂർ യാത്രചെയ്ത് പറവൂരിൽ ഇറങ്ങുമ്പോൾ മസ്സുകൊണ്ട് നൂറുവട്ടമെങ്കിലും ശപിക്കും ഈ വകുപ്പിനേയും ജനങ്ങലെ ഇങ്ങനെ ദ്രോഹിക്കുന്നവരേയും. സേവനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഈ വകുപ്പും ഇതിന്റെ തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കുന്നവരും ഒരിക്കലും ഗുണം പിടിക്കില്ല. 

7 comments:

  1. ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലും ഈ പോസ്റ്റ് ലൈക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവർക്കും നന്ദി. പക്ഷെ ഇവിടെ ഒറിജിനൽ പോസ്റ്റിൽ ആരും കമന്റ് രേഖപ്പെടുത്തി കണ്ടില്ല. അതിൽ അല്പം പരിഭവം ഉണ്ട് ഫേസ് ബുക്ക് ഉപയോഗിക്കുന്നവർക്കും കമന്റ് ചെയ്യാനുള്ള സൗകര്യത്തിനാണ് Disqus കമന്റ് ഓപ്ഷൻ ഇട്ട് പുതിയ ബ്ലോഗ് തുടങ്ങിയതു തന്നെ. അതിനായി പഴയ ബ്ലോഗ് ക്ലോസ് ചെയ്ത് അറിയിപ്പും ഇട്ടു. എല്ലാം വെറുതെ ആയീന്നു തോന്നുന്നു

    ReplyDelete
  2. അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ല. പൊതുഗതാഗതരംഗത്ത് കെ എസ് ആർ ടി സി യുടെ സാന്നിധ്യം ആവശ്യമാണ്. സ്വകാര്യബസ്സുടമകൾ ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യും

    ReplyDelete
  3. KSRTC ഇപ്പോൾ ചെയ്യുന്നതും ചൂഷണം തന്നെയല്ലെ. കേരളത്തിൽ എല്ലാക്കാലവും ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിന് സർക്കാർ പറയുന്ന ന്യായീകരണം കെ എസ് ആർ ടി സിയുടെ സാമ്പത്തിക നഷ്ടമാണ്. കെ എസ് ആർ ടി സിയുടെ നഷ്ടം നികത്താൻ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുമ്പോൾ ലാഭം കൊയ്യുന്നത് സ്വകാര്യ ബസ്സ് മുതലാളിമാരാണ്. ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന ബസ്സ്ചാർജ്ജുള്ള സംസ്ഥാനം എന്ന നിലയിലേയ്ക്ക് കേരളത്തെ എത്തിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കെ എസ് ആർ ടി സി ജനങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങൾ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  4. എന്തായാലും കേരള ഹൈക്കോടതി ഇന്ന് വീണ്ടും ഈ ചോദ്യം ആവർത്തിച്ചു http://www.mathrubhumi.com/story.php?id=474173

    ReplyDelete
  5. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയുടെ ലിങ്കും അതിൽ രേഖപ്പെടുത്തിയ കമന്റും.
    http://www.asianetnews.tv/news/article/15094_ksrtc
    വാദത്തിനിടയിൽ
    നടത്തിയ പരാമർശം ആണെങ്കിലും ഇതിൽ വാസ്തവമുണ്ട്. ഇന്ന് കെ എസ് ആർ ടി സി
    ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ പല
    സർവ്വീസുകളും വെട്ടിക്കുറയ്ക്കന്നത് ബാധിക്കുന്നത് യാത്രക്കാരെയാണ്.
    എറണാകുളം നഗരത്തിൽ ഇന്ന് സർവ്വീസ് നടത്തുന്ന തിരു-കൊച്ചി ബസ്സുകൾ
    എത്രയുണ്ട് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. 70 ബസ്സുകൾ
    ഉണ്ടായിരുന്നത് 50 ആയി കുറഞ്ഞിട്ട് നാളേറെയായി. ഇപ്പോഴത്തെ കണക്ക് അതിലും
    കുറവാണെന്ന് പറയപ്പെടുന്നു. എന്റെ നാടായ വൈപ്പിനിൽ നിന്നും 22 ബസ്സുകൾക്ക്
    (തിരു-കൊച്ചി) പെർമിറ്റ് ഉള്ളതിൽ 11 എണ്ണം മാത്രമാണ് സർവ്വീസ്
    നടത്തുന്നതെന്ന് വിവരാവകാശനിയമം അനുസരിച്ചുള്ള മറുപടിയിൽ കെ എസ് ആർ ടി സി
    തന്നെ സമ്മതിച്ചിട്ടുണ്ട്. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ - മൂവാറ്റുപുഴ
    മുതലായ ദേശസാൽകൃതറൂട്ടുകളിൽ തിരക്കുള്ള സമയങ്ങളിൽ അധികവും സർവ്വീസ്
    നടത്തുന്നത് ജെൻറം ബസ്സുകൾ ആണ്. കാക്കനാട് നിന്നും തിരക്കുള്ള അഞ്ചുമണി
    കഴിഞ്ഞ സർവ്വീസ് നടത്തുന്ന ബസ്സുകൾ (സീ പോർട്ട് - എയർപോർട്ട് റോഡ്)
    അങ്കമാലി, പെരുമ്പാവൂർ, പറവൂർ(ആലുവ വഴി), പറവൂർ (വരാപ്പുഴ വഴി), പറവൂർ
    (ഗോശ്രീപാലം വഴി) ഇവയെല്ലാം ജൻറം നോൺ എ സി ബസ്സുകൾ തന്നെ. ഇവയിൽ
    ആളുകറവാണെന്ന് ധരിക്കരുത്. തിങ്ങിനിറഞ്ഞാണ് നിന്നു യാത്രചെയ്യാൻ
    സൗകര്യമില്ലാത്ത ഈ ബസ്സുകളിൽ ആളുകൾ യാത്രചെയ്യുന്നത്. അതുപോലെ കെ എസ് ആർ ടി
    സി ഏറ്റെടുത്ത പല റൂട്ടുകളിലും സർവ്വീസുകൾ കുറച്ചിട്ടുണ്ട് (കൊടുങ്ങല്ലൂർ,
    ചമ്രവട്ടം വഴി കോഴിക്കോട്, കണ്ടെയ്നർ റോഡ് വഴിയുള്ള സർവ്വീസുകൾ ഉദാഹരണം)
    ഇങ്ങനെ നിലവിൽ ഏറ്റെടുത്തിരിക്കുന്ന സർവ്വീസുകൾ തന്നെ നടത്താൻ സാധിക്കാത്ത
    അവസരത്തിലാണ് സ്വകാര്യബസ്സുകൾ നിലവിൽ നന്നായി സർവ്വീസ് നടത്തുന്ന
    ചിലറൂട്ടുകൾ കൂടി ദേശസാൽകരിച്ച് കെ എസ് ആർ ടി സിയെ ഏല്പിക്കണം എന്ന
    വാദിക്കുന്നത്. ആറുമാസം കൊണ്ട് കെ എസ് ആർ ടി സിയെ ലാഭത്തിലാക്കും എന്നാണ്
    മന്ത്രി പറയുന്നത്. അതിനായി ഇനിയും ദേശസാൽകൃതറൂട്ടുകളിൽ സർവ്വീസ്
    വെട്ടിക്കുറയ്ക്കും എന്ന് കരുതേണ്ടിവരും. നിലവിൽ 25 രൂപയ്ക്ക് മുകളിൽ ഉള്ള
    ടിക്കറ്റിന് 1രൂപ ഇൻഷുറൻസ് സെസ്സായി പിരിക്കുന്നുണ്ട്. ഈ തുകയും കെ എസ് ആർ
    ടി സി അടയ്ക്കുന്നില്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ കഴിഞ്ഞ ദിവസം
    ഉണ്ടായതുപോലുള്ള ഒരു വിധി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ
    നിന്നും കെ എസ് ആർ ടി സിയ്ക്ക് എതിരായി ഉണ്ടാകുമായിരുന്നില്ല. (എയർ പോർട്ട്
    അഥോറിറ്റി ജീവനക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ച സംഭവത്തിൽ
    75.78ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തിരുവനന്തപുരം എം എ സി ടി കോടതി വിധി
    ഉണ്ടായത്) ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും ഭൂരിഭാഗം ജീവനക്കാരും
    പിന്നോക്കം ആണെന്ന് പറയാതെ വയ്യ. സ്റ്റോപ്പുള്ള സ്ഥലങ്ങളിൽ പോലും ഫാസ്റ്റും
    സൂപ്പർ ഫാസ്റ്റും നിറുത്താതെ പോകുന്ന അനുഭവങ്ങൾ ധാരാളം. ജീവനക്കാരുടെയും
    മാനേജ്മെന്റിന്റെയും മനോഭാവത്തിൽ മാറ്റം വരാതെ ഈ പ്രസ്ഥാനം മുന്നോട്ട്
    കൊണ്ടുപോകാൻ സാധിക്കില്ല. കുറച്ചുപേർക്ക് പെൻഷനും ജോലിയും നൽകുക എന്നതല്ല
    ജനങ്ങൾക്ക് കുറഞ്ഞചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാവണം
    കെ എസ് ആർ ടി സിയുടെ പ്രാഥമികമായ കർത്തവ്യം.

    ReplyDelete
  6. എടൊ അറിവ് കേട്ടവനെ കെ എസ ആര്‍ ടി സി കൂടി ഇല്ലാതായാല്‍ പിന്നെ ബസ് ചാര്‍ജ് തോന്നിയ പോലെ ആയിരിക്കും ....ഡീസല്‍ വില കൂടുമ്പോള്‍ ഒക്കെ പ്രൈവറ്റ് കാര്‍ വില കൂട്ടും ....ഇപ്പോള്‍ കെ എസ ആര്‍ ടി സി മിനിമം ടിക്കറ്റ് ഏഴു രൂപ ആണ് ...അത് കൊണ്ട് മാത്രം ആണ് എല്ലാ പ്രൈവറ്റ് ബസ്സുകളിലും മിനിമം ഏഴു രൂപ ...കെ എസ ആര്‍ ടി സി എട്ടു ആക്കിയാല്‍ മാത്രമേ അവര്‍ക്കും ആക്കാന്‍ കഴിയൂ ....പെട്രോള്‍ വില ഡീസല്‍ വില അരി വില ഒന്നും കൂടിയാല്‍ നിനക്കൊന്നും ഒന്നും ഇല്ല ..വണ്ടിയില്‍ ഡീസല്‍ ഒഴിച്ചാലെ ബസ് ഓടൂ .....ലാഭം മാത്രം നോക്കി ബസ് അയച്ചിരുന്നു എങ്കില്‍ എന്നെ കെ എസ ആര്‍ ടി സി ഒക്കെ നന്നായേനെ .....നാളെ ലാഭം ഇല്ലാത്തതിനാല്‍ പോലിസ് സ്റേഷന്‍ വേണ്ടാ എന്ന് നീ പറയുമോ ? നിന്നെ പോലെ ഉള്ള വിവര ടോഷികള്‍ ആണ് ഈ നാടിന്‍റെ ശാപം ....കുത്തിയിരുന്ന് കുറ്റം എഴുതാന്‍ അല്ലാതെ നീ ഇന്ന് വരെ ഒരു പിച്ചക്കാരന് എങ്കിലും ഒരു നേരം ആഹാരം വാങ്ങി കൊടുത്തിട്ടുണ്ടോ ?? അവന്റെ ബ്ലോഗ്‌ ....................ഒരു പ്രൈവറ്റ് ബസ്സുകാരന് എതിരെ എങ്കിലും നീ പ്രതികരിക്കുമോ ?ബസ്സ് കുറവാണ് എന്ന് നീ പറയുന്നു ....പ്രൈവറ്റ് കാര്‍ അവര്‍ക്ക് തോന്നിയ പോലെ അല്ലെ ഓടുന്നത് ....ചോദിക്കാതെ എന്താ ? ആയിരക്കണക്കിന് പേര്‍ ഇതില്‍ ജോലി ചെയ്യുന്നു ...നിനക്ക് കെ എസ ആര്‍ ടി സി പൂട്ടിച്ചു ഒരാള്‍ക്ക് എങ്കിലും ജോലി കൊടുക്കാന്‍ കഴിയോ ?? നിനക്ക് ഒക്കെ കാര്‍ കാണും ...കെ എസ ആര്‍ ടി സി ബസ്സും കാത്തു ഞങ്ങള്‍ എത്ര പേര്‍ റോഡില്‍ നിക്കുന്നു എന്ന് നിനക്ക് അറിയാമോ ....അതും കൂടി നീ നിര്‍ത്തുമോ ? നാട്ടിന്‍പുറങ്ങളില്‍ ആളില്ലാത്ത ബൈ റൂട്ടുകളില്‍ പോയി നോക്കഡാ ഒരു ഓട്ടോ പോലും കിട്ടില്ല ...പക്ഷെ ഞങ്ങള്‍ക്ക് ബസ്സ് കിട്ടും ...അത് കെ എസ ആര്‍ ടി സി ഉള്ളത് കൊണ്ടാണ് .....കുറ്റം പറയുന്ന നേരത്ത് പോയി വല്ല പണിയും ചെയ്യടാ ...............

    ReplyDelete
  7. നമ്മുടെ സംസ്ഥാനം ഇന്ന് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ബസ്സ് ചാർജ്ജ് ഈടാക്കുന്ന ഒരു സംസ്ഥാനമാണ്. ഈ സ്ഥിതി എങ്ങനെ വന്നു എന്ന് നോക്കിയാൽ മാത്രം മതി കെ എസ് ആർ ടി സി എന്ന വെള്ളാന നമുക്ക് ചെയ്യുന്ന ദ്രോഹം മനസ്സിലാക്കാൻ. ഓരോ തവണയും സ്വകാര്യബസ്സുടമകൾ ചാർജ്ജ് വർദ്ധനവിനായി സമരം ചെയ്യുന്നത് അനുഗ്രഹമായാണ് അതാത് കാലഘട്ടത്തിലെ സർക്കാരുകൾ കാണുന്നത്. കാരണം സ്വകാര്യബസ്സുടമകളുടെ ആവശ്യത്തിന്റെ മറപറ്റി കെ എസ് ആർ ടി സിയ്ക്കും നിരക്ക് കൂട്ടാം. ഇപ്പോൾ പല റൂട്ടുകളിലും ദീർഘദൂരയാത്രയിൽ സ്വകാര്യബസ്സിനേക്കാൾ കൂടുതൽ പണം കെ എസ് ആർ ടി സിയ്ക്ക് കൊടുക്കണം എന്നത് സുഹൃത്ത് മറന്നുപോയി എന്ന് തോന്നുന്നു. കാരണം 14 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളിൽ സെസ്സ് ഏർപ്പെടുത്തി ഈ വെള്ളാനയുടെ ഭാരം കൂടുതലായി ജനങ്ങളിൽ അടിച്ചേല്പിക്കുകയാണ് സർക്കാർ. കേരളത്തിൽ കൂടൂതൽ സാമൂഹ്യപ്രതിബദ്ധതയും സ്വകാര്യബസ്സുകൾ തന്നെയാണ് കാണിക്കുന്നത്. ഒരു സ്വകാര്യബസ്സിൽ നിന്നും ഒരു വർഷം ഒരു ലക്ഷം രൂപയോളം നികുതി ഇനത്തിൽ പൊതുഖജനാവിനു ലഭിക്കുമ്പോൾ കോടികൾ ആണ് വീവിധ ഇനങ്ങളിലായി കെ എസ് ആർ ടി സി എന്ന വെള്ളാന പൊതുഖജനാവിൽ നിന്നും അടിച്ചുമാറ്റുന്നത്.

    പിന്നെ സ്വകാർയബസ്സുകൾക്കെതിരെ പരാതി നൽകാമോ എന്നും സുഹൃത്ത് ചോദിച്ചല്ലൊ, എന്റെ നാട്ടിൽ സർവ്വീസ് മുടക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ നിരന്തരമായി അധികാരികളുടെ മുന്നിൽ പരാതിപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ. രണ്ടാഴ്ചമുൻപും ഇത്തരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്താത്ത രണ്ട് കെ എസ് ആർ ടി സി ബസ്സുകൾക്കും, നാൽ സ്വകാര്യബസ്സുകൾക്കും എതിരായപരാതി എറണാകുളം ജില്ലാകൾക്‌ടറും ജില്ലാ പോലീസ് മേധാവിയും ഉൾപ്പടെയുള്ള അധികാരികൾക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഒരു സ്ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു. കൂടൂതൽ അറിയാൻ ഈ ബ്ലോഗ് സന്ദർശിച്ചാൽ മതിയാകും http://manikandanov.blogspot.in/ സമയമുണ്ടെങ്കിൽ ഈ പോസ്റ്റും നോക്കാം http://ovmanikandan.blogspot.in/2014/08/chuvarezhuthukal-busfare-private-bus.html

    പിന്നെ ജോലിയുടെ കാര്യം സ്വകാര്യബസ്സുകളും ജോലി നൽകുന്നുണ്ട്. അവിടെ 12 മുതൽ 16 മണിക്കൂർ വരെ നിത്യവും ആളുകൾ പണിയെടുക്കുന്നുണ്ട്. അവർക്ക് ശംബളം അല്ലാതെ പെൻഷനു മറ്റാനുകൂല്യങ്ങളും ഒന്നും ലഭിക്കുന്നില്ല. 5500 കെ എസ് ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തുമ്പോൾ സസ്ഥാനത്ത് 15000 സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.



    സ്വകാര്യബസ്സുകളെ ഞാൻ അന്ധമായി പിന്തുണയ്ക്കുന്നില്ല എന്നത് മനസ്സിലായിക്കാണുമല്ലൊ. അതുപോലെ കെ എസ് ആർ ടി സിയെ വെള്ളപൂശാനും ഞാൻ തയ്യാറല്ല. കേരളത്തിലെ പല പ്രധാന റൂട്ടുകളും കൈയ്യടിക്കി വെച്ച് ആവശ്യത്തിനു സർവ്വീസ് നടത്താൻ സാധിക്കാത്ത കെ എസ് ആർ ടി സി തന്നെയാണ് ഏറ്റവും വലിയ ശാപം. പൂർണ്ണമായും പൊതുഗതാഗതസംവിധാനത്തെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന ആളാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് കെ എസ് ആർ ടി സിയുടെ കൊള്ളരുതായ്മകൾ നല്ലപോലെ മനസ്സിലാക്കി തന്നെയാണ് ഈ ബ്ലോഗ് എഴുതിയതും

    ReplyDelete

Thank you for visiting my blog. Please leave your comments using DISQUS.