വൈപ്പിൻ നിവാസികളെ ഒരു നിമിഷം!
മുഖം മിനുക്കിയ സുഭാഷ് പാർക്കിനെ കുറിച്ച് 24/09/2015-ലെ മെട്രോ മനോരമയിൽ വന്ന ലേഖനം |
ഇത് ഇന്നത്തെ 24/09/2015 മലയാള മനോരമ മെട്രോയിൽ വന്ന വാർത്തയാണ്. ആറരകോടിരൂപ ചിലവിൽ എറണാകുളം സുഭാഷപാർക്ക് നവീകരിച്ചിരിക്കുന്നു. നല്ല വാർത്ത അല്ലെ :) മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന എറണാകുളം മഹാനഗരത്തിലെ നിവാസികൾക്ക് അല്പം വ്യായാമവും വിശ്രമവും ചെയ്യാൻ നല്ല സ്ഥലം. എറണാകുളത്തെത്തുന്നവരുടേയും എറണാകുളം നിവാസികളുടെയും കുട്ടികൾക്ക് കളിക്കാൻ ഒരു ഉദ്യാനം. ഫ്ലാറ്റുകളിൽ വീർപ്പുമുട്ടുന്നവർക്ക് അല്പം മാനസീകോല്ലാസത്തിനു നല്ല അന്തരീക്ഷം ഒരുക്കുന്ന ഇത്തരം ഉദ്യാനങ്ങൾ തീർച്ചയായും നഗരത്തിന്റെ ആഢംബരമല്ല, ആവശ്യം തന്നെയാണ്.
എന്തിനാണ് ഇത് പറഞ്ഞതെന്നാണെങ്കിൽ നമ്മൾ ദ്വീപ് നിവാസികളുടെ കാര്യം ആലോചിക്കാനാണ്. ജോലിയ്ക്കും പഠനത്തിനും ആയിരക്കണക്കിനു ദ്വീപ് നിവാസികളാണ് നിത്യവും എറണാകുളം നഗരത്തിൽ എത്തുന്നത്. മുൻപ് ബോട്ടിൽ വളരെ കഷ്ടപ്പെട്ടും അപകടങ്ങൾ താണ്ടിയും ഒക്കെയാണ് നാം എറണാകുളത്ത് എത്തിയിരുന്നത്. ഇപ്പോൾ "ഗോശ്രീപാലങ്ങൾ" വന്നിട്ട് പത്തുവർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. ഇടതും വലതുമായ രണ്ട് സർക്കാരുകൾ ഈ കേരളം ഭരിച്ചു. ബോട്ടിൽ വന്നിറങ്ങി ഹൈക്കോടതി ജങ് ഷനിൽ നിന്നും എറണാകുളം ബോട്ട് ജട്ടിയ്ക്കു സമീപത്തുനിന്നും മറ്റ് ബസ്സുകളിൽ കയറി യാത്രചെയ്തിരുന്ന നമ്മൾ ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങി യാത്ര തുടരുന്നു. ദ്വീപിൽ നിന്നും നഗരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് യാത്രചെയ്യാൻ നേരിട്ടൊരു സംവിധാനം എന്ന നമ്മുടെ ആഗ്രഹം 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധികൊണ്ടെങ്കിലും സാധ്യമാകേണ്ടഹതായിരുന്നു. അന്ന് 23 തിരു-കൊച്ചി ബസ്സുകൾക്കാണ് ഹൈക്കോടതി നഗരപ്രവേശനം സാധ്യമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നിട്ടെന്തായി, ഇതുവരെ ആ 23 ബസ്സുകൾ ഓടിയ്ക്കാൻ കെ എസ് ആർ ടി സിയ്ക്ക് സാധിച്ചോ? ഇല്ല എന്നതാണ് ഉത്തരം. എറണാകുളം ആർ ടി എ അനുവദിച്ച സമയക്രമം അനുസരിച്ചുള്ള സർവ്വീസുകളും അല്ല അവർ നടത്തുന്നത്.
സ്വകാര്യബസ്സിന്റെ കാര്യം പരിശോധിക്കാം, നിലവിൽ നമ്മുടെ ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷനിൽ എത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു എന്ന് കാരണം പറഞ്ഞ് തിരക്കുള്ള രാവിലെയും വൈകീട്ടു പഴയഹൈക്കോടതി ജ്ങ്ഷൻ വരെ മാത്രമേ സിറ്റി പോലീസ് ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് പ്രവേശ്നം അനുവദിക്കുന്നുള്ളു. നൂറ്റിയമ്പതിലധികം ബസ്സുകളിലായി ആയിരക്കണക്കിനാളുകൾ നിത്യവും എത്തുന്നുണ്ട്. ഇവിടെ യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ സൗകര്യമള്ള ഒരു ബസ്റ്റേഷൻ നിർമ്മിക്കാൻ നമ്മുടെ അധികാരികൾക്ക് സാധിച്ചിട്ടുണ്ടോ? ഗോശ്രീപാലങ്ങൾ തുറന്ന അവസരത്തിൽ കളക്ടേഴ്സ് സ്ക്വയർ എന്ന് പേരിൽ ഒരു ബസ് സ്റ്റേഷൻ വരും എന്ന് മാധ്യമങ്ങൾ വെണ്ടയ്ക്ക് നിരത്തി. വർഷം പത്തുകഴിഞ്ഞു. നഗരപ്രവേശനമോ ബസ് സ്റ്റേഷനോ സാധ്യമായില്ല എന്നതുപോകട്ടെ നമ്മളെ നഗരപരിധിയിൽ നിന്നും വീണ്ടും വീണ്ടും പൊറകോട്ട് തള്ളുന്ന സമീപനം ആണ് അധികാരികളിൽ നിന്നും ഉണ്ടാകുന്നത്. ഇത് എഴുതാൻ കാരണം പഴയ ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിച്ചിരിക്കുന്ന സ്വകാര്യ ബസ്സ് സർവ്വീസുകൾ ഇന്നു മുതൽ വീണ്ടും പുറകോട്ട് മാറ്റിയിരിക്കുന്നു. ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ആളെ ഇറക്കിയാൽ ബസ്സുകൾ സി എം എഫ് ആർ ഐ യ്ക്കും അപ്പുറം പാർക്ക് ചെയ്യണം എന്നാണ് പോലീസ് പറയുന്നത്. പഴയ ഹൈക്കോടതി പരിസരത്തെ പാർക്കിങ് പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. സർവ്വീസ് ആരംഭിക്കേണ്ട സമയത്ത് നിലവിൽ ഹൈക്കോടതി ജ്ങഷനിൽ വന്ന് അവിടെ നിന്നും ആളെകയറ്റി സർവ്വീസ് തുടങ്ങണം എന്നാണ് പുതിയ രീതി.
വൈപ്പിൻ ദ്വീപിലെ യാത്രാദുരിതത്തെക്കുറിച്ച് 24/09/2015-ലെ മെട്രോ മനോരമയിലെ വാർത്ത |
ഇത്രയധികം ആളുകൾ നിത്യവും വന്നുചേരുന്ന ഹൈക്കോടതി ജങ്ഷനിൽ ഗോശ്രീ ബസ്സുകൾക്കായി ഒരു ബസ് സ്റ്റേഷൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്. മറൈൻ ഡ്രൈവിൽ പത്ത് ബസ്സുകൾക്കെങ്കിലും പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ യാത്രക്കാർക്ക് അത്യാവശ്യം മൂത്രമൊഴിക്കാൻ ഒരു മൂത്രപ്പുരയെങ്കിലും ഒരുക്കി മഴയും വെയിലും കൊള്ളാത്ത രീതിയിൽ ബസ് ഷെൽട്ടറോടെ ഒരു ചെറിയ ബെസ് സ്റ്റേഷൻ എങ്കിലും നമുക്ക് വേണ്ടതല്ലെ? ഗോശ്രീപാലങ്ങൾ വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും അധികാരികളിൽ നിന്നും ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നമുക്ക് പ്രതികൂലമായാണ് നഗരസഭയും കൊച്ചിയുടെ പോലീസും ശ്രമിക്കുന്നത്. നമുക്ക് വേണ്ടി ശബ്ദമുയത്തേണ്ട ജനപ്രതിനിധികൾ ഇതൊന്നും കാണുന്നില്ലെ?
ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ പോലൊരു സംവിധാനം ഉണ്ട്. നല്ല ഗംഭീരമായ ഒരു ഓഫീസും ഈ വെള്ളാനയ്ക്കുണ്ട്. ജിഡയിലെ ഫണ്ട് ഉപയോഗിച്ച് ഗോശ്രീ ബസ്സുകൾക്കായി മറൈൻഡ്രൈവിൽ ഒരു മിനി ബസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് എന്തുകൊണ്ടാണ് ഈ ജനപ്രതിനിധികൾ ആവശ്യപ്പെടത്തത്. വൈപ്പിൻ ജനതയ്ക്കു വേണ്ടി ഈ ആവശ്യങ്ങൾ നേടിത്തരേണ്ടത് നമ്മുടെ ജനപ്രതിനിധികളാണ്. ദ്വീപ് നിവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്ന പുതിയ സംവിധാനത്തോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിന് നമുക്ക് സാധിക്കണം.