Wednesday, September 23, 2015

Indane ചില സംശയങ്ങൾ

         ഒരു Indane ഉപഭോക്താവ് എന്ന നിലയിൽ എന്റെ ഒരു അനുഭവം കുറിച്ചിടുന്നു. ഇത് ആദ്യതവണ അല്ല. എന്നും ഇതൊക്കെത്തന്നെ. ഓരോ തവണയും എഴുതണം എന്ന് കരുതും പിന്നെ വേണ്ടെന്നു വെയ്ക്കും. കഴിഞ്ഞ തവണ റിഫിൽ ബുക്ക് ചെയ്തത് 17/08/2015ന് ആണ്. ഞാൻ ഐ വി ആർ സ് സംവിധാനം ഏതാനും മാസങ്ങൾ ആയി ഉപയോഗിക്കാറില്ല. അതിനേക്കാൾ മെച്ചപ്പെട്ട മാർഗ്ഗം ഓൺസൈറ്റ് ബുക്ക് ചെയ്യുന്നതാണെന്ന് തോന്നിയതിനാൽ ആണ് അങ്ങനെ ചെയ്യുന്നത്. ബുക്കിങ്ങ്, ബില്ല് തയ്യാറാക്കിയത്, ഡെലിവറി ആയത്, ബുക്കിങ് ക്യാൻസൽ ചെയ്തെങ്കിൽ അതിന്റെ കാരണം എന്നിവയെല്ലാം ഇ-മെയിൽ ആയി കിട്ടും. മൊബൈൽ വഴി ബുക്ക് ചെയ്യുമ്പോൾ എല്ലാം എം എം എസ് ആയിമാത്രമേ ലഭിക്കൂ എന്ന് തോന്നുന്നു. 

          ഇത്തവണയും 17/08/2015-ൽ ഗ്യാസ് ബുക്ക് ചെയ്തത് സംബന്ധിക്കുന്ന അറിയിപ്പ് കിട്ടി. പലപ്പോഴും 40 ദിവസം കഴിഞ്ഞാണ് പുതിയ സിലിണ്ടർ കിട്ടാറ്. അതിനാൽ തന്നെ ഒരു മാസം കഴിയുന്നതുവരെ പ്രത്യേകിച്ച് അന്വേഷണങ്ങൾ ഒന്നും നടത്താറില്ല. 19/09/2015-ൽ ഒരു ഇ-മെയിൽ വന്നു. ഡിസ്ട്രിബ്യൂട്ടർ 16/09/2015-ൽ ക്യാഷ് മെമ്മോ അടിച്ചിട്ടുണ്ട് എന്ന അറിയിപ്പായിരുന്നു അത്. കൺഫ്യൂഷൻ വേണ്ട. ഡിസ്ട്രിബ്യൂട്ടർ ക്യാഷ് മെമ്മോ അടിച്ചത് 16/09/2015ന്, ഇതു സംബന്ധിക്കുന്ന അറിയിപ്പ് ഇമെയിലിൽ കിട്ടിയത് മൂന്നു ദിവസം കഴിഞ്ഞ് 19/09/2015ന്. പിറ്റേദിവസവും (20/09/2015) സിലിണ്ടർ വീട്ടിൽ എത്തിയില്ല. ഒന്നു രണ്ടുവട്ടം വിളിച്ചു ചോദിച്ചു. വ്യക്തമായ മറുപടി ഇല്ല. ഓൺലൈനിൽ ഡിസ്ട്രിബ്യൂട്ടർക്ക് കത്തെഴുതാനുള്ള സൗകര്യം ഉണ്ട്. അതുവെച്ച് ക്യാഷ് മെമ്മോ അടിച്ച് 4 ദിവസം ആയിട്ടും സിലിണ്ടർ തന്നിട്ടില്ലെന്നും എത്രയും പെട്ടന്ന് സിലിണ്ടർ തരണം എന്നും കാണിച്ച് 20 നു ഉച്ചയോടെ ഡിസ്ട്രിബ്യൂട്ടർക്ക് മെയിൽ അയച്ചു. . 21നു ഉച്ചയായപ്പോൾ ദാ വരുന്നു മറുപടി നിങ്ങളുടെ ബുക്കിങും ക്യാഷ് മെമ്മോയും ക്യാൻസൽ ആയെന്നും പറഞ്ഞ്. അതിനുള്ള കാരണം ആണ് വിചിത്രം ആയി തോന്നിയത്; വിലാസം തെറ്റാണത്രെ! (Wrong Address). കഴിഞ്ഞ 23 വർഷമായി തെറ്റാതെ ഈ വിലാസത്തിൽ തന്നെ ഗ്യാസ് കിട്ടിക്കൊണ്ടിരുന്നതാണ്. പിന്നെ ഇപ്പോൾ വിലാസം തെറ്റാൻ കാരണം എന്താണാവോ?  ശ്ശെടാ വെളുക്കാൻ തേച്ചത് പാണ്ടായൊ! നേരെ ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു. ബുക്കിങ്ങ് ക്യാൻസൽ ആയിട്ടില്ലെന്ന് മറുപടി. ഒടുവിൽ 22 വൈകുന്നേരം 5 മണിയോടെ സിലിണ്ടർ വീട്ടിലെത്തി. 

        ഇനിയാണ് ഏറ്റവും രസകരമായ  സംഭവം. സിലിണ്ടർ വിതരണം ചെയ്തപ്പോൾ തന്ന ബില്ലിൽ അടിച്ചിരിക്കുന്ന തീയതി 11/09/2015 ! അപ്പോൾ 16/09/2015-ൽ അടിച്ചു എന്ന് പറയുന്ന ക്യാഷ് മെമ്മോ ഏതാണ്! 11/09/2015നു ബില്ലടിച്ചു എങ്കിൽ 22/09/2015 വരെയുള്ള 11 ദിവസം എന്തുകൊണ്ട് സിലിണ്ടർ തന്നില്ല. സിലിണ്ടർ ഡെലിവർ ആയ വിവരം ഇപ്പോഴും സൈറ്റിൽ അപ്ഡേറ്റ് ആയിട്ടില്ല. ഇനിയും അതിന് ഒരാഴ്ചയെങ്കിലും എടുക്കും. സൈറ്റിൽ (ഐ വി ആർ എസിൽ വിളിച്ചാലും വ്യത്യാസമില്ല) ഇപ്പോഴത്തെ അവസ്ഥ ബുക്കിങ് ക്യാൻസൽ Wrong Address എന്നതാണ്. എന്നാൽ പുതിയ ബുക്കിങ്ങ് നടത്താം എന്നു കരുതിയാൽ അതും പറ്റില്ല. നിങ്ങളുടെ 17/08/2015-ലെ ബുക്കിങ് അനുസരിച്ചുള്ള സിലിണ്ടർ ഇപ്പോഴും വിതരണം ചെയ്തിട്ടില്ല എന്ന് മറുപടിയാണ് കിട്ടുക. സൈറ്റിൽ സിലിണ്ടർ ഡെലിവറി ആയകാര്യം അപ്ഡേറ്റ് ആയി ഒരാഴചയെങ്കിലും കഴിഞ്ഞാലെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ പറ്റൂ. എന്താണ് ഈ വിതരണത്തിലെ കള്ളക്കളി. അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ?

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.