Tuesday, September 08, 2015

വി ഡി സതീശൻ എം എൽ എ അവർകൾക്ക്

വടക്കൻ പറവൂർ എം എൽ എയും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ശ്രീ വി ഡി സതീശൻ അവർകൾക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയായും  ജി-മെയിൽ വിലാസത്തിലും 15/08/2015ന് സമർപ്പിച്ച പറവൂർ - കാക്കനാട് (വരാപ്പുഴ പാലം - കണ്ടെയ്നർ റോഡ്) റൂട്ടിലെ യാത്രാദുരതം സംബന്ധിക്കുന്ന പരാതിയുടെ പൂർണ്ണരൂപമാണ് ചുവടെ ചേർക്കുന്നത്. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് ഇവിടെ വായിക്കാം
പറവൂർ എം എൽ എ ശ്രീ V D Satheesan MLA ന്,
പറവൂരിനെ സംബന്ധിക്കുന്ന ഒരു ഗതാഗതപ്രശ്നം മുൻപും താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്, താങ്കൾക്ക് നേരിട്ട് അറിയാവുന്നതും ആണ്. വീണ്ടും വീണ്ടും ആ വിഷയം ഉന്നയിക്കുന്നത് അത് പരിഗണിക്കാത്തതുകൊണ്ടുമാത്രമാണ്. പറവൂരിൽ നിന്നും കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീപോർട്ട് എയർപോർട്ട് റോഡ് വഴി കാക്കനാട് സർവ്വീസ് നടത്തുന്ന ബസ്സുകൾ തന്നെയാണ് വിഷയം. കാക്കനാട് കളക്‌ടറേറ്റിൽ മാത്രമല്ല വ്യവസായമേഖലയിലും മറ്റും ജോലിചെയ്യുന്നവർക്കും കളമശ്ശേരിയിൽ ജോലിചെയ്യുന്നവർക്കും അതുപോലെ കളമശ്ശേരി പോളിടെക്നിക്, ഐ ടി ഐ, ഭാരത്‌മാതാ കോളേജ്, സെന്റ്പോൾസ് കോളേജ്, രാജഗിരി എന്നിങ്ങനെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും എല്ലാം ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് പറവൂർ - വരാപ്പുഴ - കളമശ്ശേരി - ബി എം സി -കാക്കനാട് റൂട്ട്. ഈ പാതയുടെ പ്രധാനപ്പെട്ട ഒരു ഗുണം പറവൂരിൽ നിന്നും കാര്യമായ ഗതാഗതക്കുരുക്കിൽ പെടാതെ 45 മിനിറ്റ് സമയം കൊണ്ട് കളമശ്ശേരിയിൽ എത്തിച്ചേരാം എന്നതാണ്. നിലവിൽ പലരും പറവൂർ -ആലുവ-കളമശ്ശേരി വഴിയാണ് യാത്രചെയ്യുന്നത്. കൂടുതൽ ബസ്സ് ചാർജ്ജും നൽകണം. മാത്രമല്ല മെട്രോ നിർമ്മാണം മൂലമുള്ള ഗതാഗത്ക്കുരുക്കിലെ സമയനഷ്ടവും. ഇതുരണ്ടും പറവൂരിൽ നിന്നും വരാപ്പുഴ - കണ്ടെയ്നർ റോഡ് കളമശ്ശേരി വഴി യാത്രചെയ്താൽ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ദൗർഭാഗ്യവശാൽ ഈ റൂട്ട് പൂർണ്ണമായും കെ എസ് ആർ ടി സിയ്ക്ക് തീറെഴുതിനൽകപ്പെട്ടിരികുന്നു. കെ എസ് ആർ ടി സി ആകട്ടെ ഏറ്റവും ലാഭകരമായ ഈ റൂട്ടിൽ താങ്കൾക്ക് അറിയാവുന്നതുപോലെ രണ്ട് ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ ഉപയോഗിച്ച് രാവിലേയും വൈകീട്ടും രണ്ട് "സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ പറവൂരിൽ നിന്നും 8:50നും 9:10 നും അതുപോലെ കാക്കനാട് നിന്നും വൈകീട്ട് 5:10നു, 5:20നും. ഇതല്ലാതെ മറ്റൊരു സർവ്വീസും ഈ റൂട്ടിൽ ഇല്ല. ലോ ഫ്ലോർ നോൺ എസി ബസ്സുകൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ യാത്രാ സൗജന്യം ലഭ്യമല്ല. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലോ ഫ്ലോർ ബസ്സിലെ 20% അധികം വരുന്ന യാത്രാക്കൂലി നൽകി യാത്രചെയ്യാൻ നിർബന്ധിതരാവുകയാണ്. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ ആവശ്യമായ ബസ്സുകൾ ഇല്ലെന്നതാണ് പ്രധാനപ്രശ്നം. കെ എസ് ആർ ട് സിയുടെ കഴിവുകേടിന് പാവം ജനം അല്ലല്ലൊ ഉത്തരവാദികൾ. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ സാധിക്കില്ലെങ്കിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കണം. വരാപ്പുഴ - കണ്ടെയ്നർ റോഡ് വഴി എറണാകുളം ജെട്ടി നേരത്തെ കെ എസ് ആർ ടി സി മാത്രമായിരുന്നില്ലെ? ഇപ്പോൾ മൂന്ന് സ്വകാര്യബസ്സുകൾക്ക് ഈ റൂട്ടിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ടല്ലൊ. അതുപോലെ പറവൂർ - വരാപ്പുഴ - കളമശ്ശേരി - കാക്കനാട് റൂട്ടിലും ഓർഡിനറി സർവ്വീസുകൾ അനുവദിക്കണം. കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസ്സുകളെ ഏല്പിക്കണം.
ഇനി സർക്കാർ അവധി ദിവസങ്ങളിലെ ഈ സർവ്വീസുകളുടെ കാര്യം പരിശോധിക്കാം. മിക്കവാറും ഒരു സർവ്വീസായി അവധിദിവസങ്ങളിൽ വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം (കർക്കിടകവാവിന്) വൈകീട്ട് കാക്കനാടു നിന്നുള്ള രണ്ട് സർവ്വീസുകളും റദ്ദ് ചെയ്തു. കുറെ നേരം കാത്തുനിന്ന് ബസ്സ് കാണാതായപ്പോൾ പറവൂരിൽ ഡിപ്പോയിൽ ഫോൺ ചെയ്ത് ചോദിച്ചു. രണ്ടാമത്തെ സർവ്വീസ് (5:20) ഇല്ല ആദ്യത്തെ സർവ്വീസ് ഉണ്ട് (5:10) എന്നായിരുന്നു മറുപടി. സാധാരണ കളമശ്ശേരിൽ ഈ ബസ്സ് 5:20നു എത്തുന്നതാണ് 6 മണിവരെ കാത്തുനിന്നു. കാണാതായപ്പോൾ വീണ്ടും വിളിച്ചു. ഇനിയും വന്നിട്ടില്ലെങ്കിൽ സർവ്വീസ് ഉണ്ടാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പറവൂരിൽ നിന്നല്ലെ ട്രിപ്പ് ഷെഡ്യൂൾ ചെയ്യുന്നത്, അപ്പോൾ നിങ്ങൾക്ക് അറിയില്ലെ സർവ്വീസിന്റെ കാര്യം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങൾ 4 മണിയുടെ ഷിഫ്റ്റിൽ കയറിയതാണ്, രാവിലെ എന്തൊക്കെ മാറ്റങ്ങൾ സർവ്വീസ് വരുത്തി എന്നത് അറിയില്ല എന്നായിരുന്നു. അതാണ് കെ എസ് ആർ ടി സിയുടെ അവസ്ഥ. പിന്നെ എങ്ങനെ യാത്രക്കാർ ഈ സർവ്വീസുകളെ വിശ്വസിക്കും. കർക്കിടകവാവ് സർക്കാർ അവധി ആയിരിക്കും എന്നാൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ആകെ ലഭിക്കുന്ന 13 അവധിദിവസങ്ങളിൽ കർക്കിടകവാവും ദീപാവലിയും മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും ഒന്നും ഉൾപ്പെടില്ല. കർക്കിടകവാവ് ദിവസം കാക്കനാടു നിന്നും സീപോർട്ട് എയർ പോർട്ട് റോഡ് - കണ്ടെയ്നന്ര് റോഡ് വരാപ്പുഴ വഴിയുള്ള 3 സർവ്വീസുകളും (മൂന്നാമത്തേത് കണ്ടെയ്നർ റോഡ് - ഗോശ്രീപാലം - പറവൂർ) റദ്ദാക്കിയിരുന്നു.
കേരളം ഭരിക്കുന്ന സഖ്യത്തിലെ പ്രധാനപാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് താങ്കൾ. താങ്കളുടെ പാർട്ടിയുടെ തന്നെ പ്രതിനിധിയാണ് കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി. മൂന്നു തവണ വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്ത എം എൽ എ കൂടിയാണ് താങ്കൾ. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ താങ്കൾക്ക് സാധിച്ചില്ലെങ്കിൽ അത് താങ്കളുടെ നിസ്സഹായാവസ്ഥയല്ല, മറിച്ച് ഈ വിഷയത്തിൽ താങ്കൾക്കുള്ള ആത്മാർത്ഥതക്കുറവാണെന്ന് ഞാൻ കരുതുന്നു. ഇനിയെങ്കിലും ഈ വിഷത്തിൽ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ പരാതിയ്ക്ക് ഇന്നുവരെ ഒരു മറുപിടിയും ലഭിച്ചില്ല എന്നു മാത്രമല്ല, ഈ വിഷയത്തിൽ ദീർഘനാളുകളായുള്ള പരാതികൾ തുടരുകയാണ്. ആലുവ - കാക്കനാട് - തൃപ്പൂണിത്തുറ റൂട്ട് കെ എസ് ആർ ടി സിയ്ക്ക് നല്ല വരുമാനമുള്ള റൂട്ടാണ്. നല്ലതിരക്കുള്ള സമയങ്ങളിൽ പരമാവധി ലോ ഫ്ലോർ ബസ്സുകൾ തന്നെ ഓടിച്ച് ആളുകളെ പിഴിഞ്ഞ് കളക്ഷൻ വർദ്ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ ഇൻഫോ പാർക്ക് മുതൽ കളമശ്ശേരി എച്ച് എം ടി ജങ്ഷൻ വരെ ഒരു സ്വകാര്യബസ്സിനുകൂടി പെർമിറ്റ് നൽകിയതായ ശുഭവാർത്ത കിട്ടി. ഇത് ആശാവഹമാണ്. പറവൂരിലേയ്ക്കും ഇതുപോലെ സ്വകാര്യബസ്സിന് പെർമിറ്റ് നൽകി കെ എസ് ആർ ടി സിയുടെ കൊള്ളയിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ എം എൽ എ നടപടി സ്വീകരിക്കും എന്ന് കരുതുന്നു. 

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.