Thursday, August 27, 2015

ഫോർട്ട്കൊച്ചി ബോട്ടപകടം

കടപ്പാട് www.ibtimes.co.in

ഇന്ന് കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും പ്രാധാന്യത്തോടെ ചർച്ച ചെയ്ത ഒരു വിഷയമാണ് ഫോർട്ട്കൊച്ചിയിലെ ബോട്ട് അപകടം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് നമ്മുടെ സംവിധാനങ്ങളും അധികാരസ്ഥാപനങ്ങളും ഉണരുന്നത്. പക്ഷെ ആ ഉണരൽ താൽകാലികം മാത്രമാണ് ദുരന്തത്തിന്റെ വാർത്തയോടൊപ്പം ആ ദുരന്തം പഠിപ്പിക്കുന്ന പാഠങ്ങളും നാം മറക്കുന്നു. അല്ലെങ്കിൽ മുൻപ് ഉണ്ടായ ദുരന്തങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഇത്തരം ഒരു ദുരന്തം ഉണ്ടാവുന്നത് തടയാൻ സഹായിക്കേണ്ടതാണ്. തേക്കടിയിലും, തട്ടേക്കാടും, കണ്ണമാലിയിലും, കുമരകത്തും, വല്ലാർപാടത്തും എല്ലാം ഉണ്ടായ ബോട്ട് അപകടങ്ങൾ നൽകിയ പാഠങ്ങളിൽ നിന്നും അധികാരികൾ ഒന്നും പഠിച്ചില്ല എന്നുവേണം മനസ്സിലാക്കാൻ. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും അന്വേഷണകമ്മീഷനുകൾ വരുന്നു. അവരിൽ ചിലർ വിഷയങ്ങൾ ആത്മാർത്ഥമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു, സർക്കാരിന് സമർപ്പിക്കുന്നു. സർക്കാരുകൾ ചെയ്യേണ്ടത് ഈ റിപ്പോർട്ടുകളിൽ നടപടികൾ സ്വീകരിക്കുകയും ഇത്തരം അപകടങ്ങൾ വീണ്ടും ഉണ്ടാകാതെ നോക്കുകയും ആണ്. കുമരകത്ത് ഇതുപോലൊരു കടത്തുബോട്ട് 2002 ജൂലയ് 7ന് മണൽതിട്ടയിൽ ഇടിച്ച് 29 പേരാണ് കൊല്ലപ്പെട്ടത്. ബോട്ടിന്റെ കാലപ്പഴക്കവും അനുവദനീയമായതിലും ഇരട്ടി ആളുകൾ കയറിയതും ആണ് അന്ന് മരണസംഖ്യ കൂടാൻ കാരണമായത്. ഇതിനെ തുടർന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് അദ്ധ്യക്ഷനായ ഒരു സമിതിയെ അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ പഠിക്കുന്നതിനും ജലഗതാഗതരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനും ഒരു കമ്മീഷനായി സർക്കാർ നിയോഗിച്ചു. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ഇന്നും റിപ്പോർട്ടിൽ തന്നെ ഒതുങ്ങുന്നു.

ഞാൻ ഒരു വൈപ്പിൻ സ്വദേശിയാണ്. എന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടന്നുള്ള അഞ്ചുവർഷം എറണാകുളത്തും കളമശ്ശേരിയിലും പഠിക്കുമ്പോൾ ഞാൻ ആശ്രയിച്ചിരുന്നത് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ / കെ എസ് ആർ ടി സിയുടെ ബോട്ടുകൾ ആണ്. അന്നും (1991-1996‌) ജലഗതാഗതവകുപ്പ് ഉപയോഗിച്ചിരുന്ന പല ബോട്ടുകളും വളരെ പഴക്കം ചെന്നവ ആയിരുന്നു. അനുവദനീയമായതിലും വളരെ അധികം ആളുകളെയും കൊണ്ടാണ് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്ക് യാത്ര ചെയ്തിരുന്നത്. പലപ്പോഴും രാവിലെയുള്ള 20 മിനിറ്റ് യാത്ര വളരെ ഭീതിനിറഞ്ഞതായിരുന്നു. പല ബോട്ടുകളും എറണാകുളം എത്തുമ്പോഴേയ്ക്കും അകത്ത് വെള്ളം കയറിയിട്ടുണ്ടാകും. പിന്നെ അത് പമ്പ് ചെയ്ത് കളഞ്ഞാണ് അടുത്ത ട്രിപ്പ് തുടങ്ങുക. ഗംഗയും, ജലജയും, നിർമ്മലയും, കേരളകുമാരിയും, കോമളകുമാരിയും എല്ലാം അങ്ങനെ കാര്യമായ അപകടങ്ങൾ ഇല്ലാതെ ഞങ്ങളെ അക്കരെയും ഇക്കരെയും എത്തിച്ചിരുന്നു. ചിലപ്പോഴെല്ലാം യന്ത്രത്തകരാർ മൂലം നടുക്കായലിൽ വെച്ച് എഞ്ചിൻ ഓഫായിപ്പോവുകയും ബോട്ട് ഒഴുകി പോവുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അത്തരം ഒരു അപകടത്തിൻ ഞാൻ കയറിയ ബോട്ട് ഉൾപ്പെട്ടിരുന്നു. മറ്റേതെങ്കിലും ബോട്ട് വന്ന് കെട്ടിവലിച്ച് അടുത്ത കരയിൽ കെട്ടിയിടുകയാണ് ചെയ്തിരുന്നത്. ഇങ്ങനെ എഞ്ചിൻ നിലച്ച ബോട്ട് അഴിമുഖത്തേയ്ക്ക് ഒഴുകിപ്പോയാൽ വലിയ ദുരന്തം ഉണ്ടാകും എന്നതിൽ തർക്കമില്ല. കാരണം കായൽ യാത്രയ്ക്കും അഴിമുഖത്തെ യാത്രയ്ക്കും ഉള്ള ബോട്ടുകളുടെ നിർമ്മാണരീതിയിലെ വ്യത്യാസം ആണ്. കായൽ യാത്രയിൽ ഉപയോഗിക്കുന്ന മേല്പറഞ്ഞ ബോട്ടുകൾ അഴിമുഖത്തെ യാത്രയ്ക്ക് യോജിച്ചവയല്ല.

ആ കാലഘത്തിലും വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്കുള്ള കടത്തിനുണ്ടായിരുന്നത് ഇപ്പോഴും സർവ്വീസ് നടത്തുന്ന ഭരതയും ഹർഷയും തന്നെയാണ്. കുട്ടിയായിരുന്ന അവസരത്തിൽ അച്ഛനൊപ്പം ഫോർട്ട്കൊച്ചിയിൽ പോകുമ്പോഴും അന്നും ഞങ്ങൾ കയറിയിരുന്നത് കൊച്ചി കോർപ്പറേഷന്റെ ഈ ബോട്ടിൽ തന്നെയാണ്. അതിനാൽ തന്നെ വാർത്തകളിൽ പറഞ്ഞപോലെ 35 വർഷം പഴക്കമുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട് എന്നതിൽ തർക്കമില്ല. വൈപ്പിൻ - ഐലന്റ് - എറണാകുളം സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മരത്തിൽ നിർമ്മിച്ച ബോട്ടുകൾക്ക് പകരം സ്റ്റീൽ ബോട്ട് എന്ന ആശയം കൊണ്ടുവന്നതും നടപ്പിലാക്കിയതും ശ്രീ ഗണേഷ് കുമാർ ഗതാഗതമന്ത്രി ആയിരുന്ന സമയത്താണ്.  ആദിത്യ എന്ന പേരുള്ള സ്റ്റീൽ ബോട്ട് ആദ്യമായി നീറ്റിലിറക്കിയതും അദ്ദേഹം തന്നെ. എന്നാൽ എല്ലാ വിഭാഗക്കാരിൽ നിന്നും ധാരാളം വിമർശനങ്ങൾ അതിനുണ്ടായി. പക്ഷെ ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു പരിഷ്കാരത്തിനുള്ള ശ്രമം വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിൽ ഉണ്ടായിട്ടില്ലെന്നത് ദുഃഖകരമാണ്. 


ഇന്നത്തെ അപകടം മനുഷ്യസൃഷ്ടിയാണെന്ന് തന്നെ പറയാം. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്ക് യാത്രക്കാരുമായി വരുകയായിരുന്ന ഭരത എന്ന ബോട്ടിൽ ഫോർട്ട് കൊച്ചിയിലെ പമ്പിൽ നിന്നും ഡീസൽ നിറച്ച ശേഷം അമിതവേഗത്തിൽ വന്ന മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു. യാത്രാബോട്ടിന്റെ കാലപ്പഴമാകാം ബോട്ട് തകരുന്നതിനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുങ്ങിപ്പോവുന്നതിനും കാരണമായത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് മരണസംഖ്യ ഇത്രയെങ്കിലും കുറവായത്. ഒന്ന് ഉച്ച സമയത്ത് തിരക്കൊഴിഞ്ഞ നേരത്താണ് അപകടം ഉണ്ടായത് എന്നതും കരയിൽ നിന്നും നൂറുമീറ്റർ മാത്രം അകലത്തിൽ ആണ് അപകടം സംഭവിച്ചത് എന്നതും മരണസംഖ്യ കുറയുന്നതിന് കാരണമായി. എന്നാലും ആറു ജീവനുകൾ നഷ്ടപ്പെട്ടു. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഫോർട്ട് വൈപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗത്താണ് ബോട്ട് സർവ്വീസ് നടക്കുന്നത്. കടലിൽ നിന്നും കൊച്ചിക്കായലിലേയ്ക്കും അതു പോലെ കൊച്ചി കായലിൽ നിന്നും കടലിലേയ്ക്കും പോകുന്ന മത്സ്യബന്ധന ബോട്ടുകളും, ചരക്ക് കപ്പലുകളും, ഓയിൽ ടാങ്കറുകളും, നേവിയുടെയും കോസ്റ്റ് ഗാർഡിന്റേയും കപ്പലുകളും ബോട്ടുകളും, ചെറുവള്ളങ്ങളും എല്ലാം സഞ്ചരിക്കുന്ന വളരെ തിരക്കേറിയ ജലപാതയെ ക്രോസ് ചെയ്താണ് ഈ ഫെറി സർവ്വീസ് നടക്കുന്നത്. ഇതുവരെ ഇത്തരം ഒരു കൂട്ടിയിടി ഉണ്ടാവാതെ പോയത് ആരുടെയൊക്കയോ ഭാഗ്യം എന്നേ പറയാനുള്ളു. പക്ഷെ സമാനമായ പല അപകടങ്ങളും ഇതിനു മുൻപും തലനാരിഴവ്യത്യാസത്തിൽ ഒഴിഞ്ഞു പോയിട്ടുണ്ട്. പലപ്പോഴും വലിയ കപ്പലുകൾ കടന്നു പോകുമ്പോഴും ശക്തമായ തിരയിൽ ഈ ബോട്ടുകൾ ആടിയുലഞ്ഞിട്ടുണ്ട്. കൂട്ടിയുടെ വക്കത്തുവരെ എത്തിയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഈ സംഭവം കൂടുതൽ കാര്യക്ഷമമായ / സുരക്ഷിതമായ ബോട്ട് സർവീസ് രൂപപ്പെടുത്തുന്നതിനുള്ള പ്രേരകം ആവട്ടെ എന്ന് ആശിക്കുന്നു.

ഇന്ന് അപകടത്തിൽപെട്ട ബോട്ടിൽ മൂന്ന് ലൈഫ് ബോയകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വാർത്തകളിൽ കണ്ടു. തട്ടേക്കാടും, തേക്കടിയിലും, കുമരകത്തും ബോട്ടപകടം ഉണ്ടായപ്പോൾ ഇതുതന്നെ ആയിരുന്നു അവസ്ഥ. ആവശ്യത്തിനുള്ള ലൈഫ് ബോയകൾ ബോട്ടിൽ ഉണ്ടായിരുന്നില്ല. അന്നും അപകടം കഴിഞ്ഞ് കുറച്ചുനാൾ ഈ പരിശോധനകൾ കർശ്നമായി കൊണ്ടുനടുന്നു. പിന്നെ എല്ലാം പഴയപടിയായി. 25 വർഷത്തിൽ അധികം പഴക്കമുള്ള ബോട്ടുകൾ (മരത്തിൽ നിർമ്മിച്ചത്) ഇതുപോലുള്ള ഗതാഗതത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം എന്ന് ചിലർ പറയുന്നു. പിന്നെ എങ്ങനെ 35 വർഷം പഴക്കമുള്ള ഈ ബോട്ടിനും ഫിറ്റ്നസ്സ് സെർട്ടിഫിക്കറ്റ് കിട്ടി. ജലഗതാഗതവകുപ്പും കൊച്ചിൻ പോർട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരിശോധിച്ച ശേഷമാണ്  കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ ബോട്ടിന് എല്ലാ വർഷവും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും ലൈസൻസും ലഭിക്കുന്നത്. സാങ്കേതികകാരണങ്ങൾ കൊണ്ടല്ല, കൂട്ടിയിടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെങ്കിലും കാലപ്പഴക്കം ഇത്രപെട്ടന്ന് ബോട്ട് തകരുന്നതിനും മുങ്ങുന്നതിനും കാരണമായി എന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും രക്ഷപെട്ടവരും പറയുന്നു. ഇതെല്ലാം അന്വേഷണപരിധിയിൽ വരുമെന്നും കുറ്റക്കാരുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും എന്നു കരുതാം. അപകടത്തിനിടയാക്കിയ മത്സ്യബന്ധനബോട്ട് ഓടിച്ചിരുന്നത് വേണ്ടത്ര പരിചയം ഇല്ലാത്ത ആളാണെന്നും വാർത്തകൾ ഉണ്ട്. സ്രാങ്ക് ഡീസൽ അടിക്കുമ്പോൾ ഇറങ്ങിയെന്നും പിന്നീട് മെക്കാനിക്ക് ആണ് ബോട്ട് ഓടിച്ചതെന്നും പറയപ്പെടുന്നു. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടീകൾ അധികാരികളിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ്  ചുരുക്കുന്നു.

No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.