Friday, October 02, 2015

വോട്ടില്ല വോട്ടില്ല വോട്ടില്ല

എന്റെ നാട്ടുകാരായ വൈപ്പിൻ നിവാസികൾക്ക്
വൈപ്പിൻ ഒരുകാലത്ത് പൊതുഗതാഗതരംഗത്ത് നമ്മുടെ സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. സ്വകാര്യബസ്സുകൾക്ക് ആദ്യമായി ടൈം പഞ്ചിങ്ങ് ഏർപ്പെടുത്തിയത് വൈപ്പിനിൽ ആണ്. ഫെയർ സ്റ്റേജ് സംവിധാനം കുറ്റമറ്റരീതിയിൽ നടപ്പിലായത് വൈപ്പിനിൽ ആണ്. ഇന്ന് എന്താണ് അവസ്ഥ. ആകെ താളം തെറ്റിയ പൊതുഗതാഗതം. മുൻപ് 10:40നുള്ള ലാസ്റ്റ് ബോട്ടിൽ വൈപ്പിനിൽ ഇറങ്ങിയാൽ 11:00 മണിയ്ക്ക് ബസ്സ് ഉണ്ടായിരുന്നു. ഇന്ന് 9 മണികഴിഞ്ഞാൽ ഹൈക്കോടതി ജങ്ഷനിൽ നിന്നും നാമമാത്രമായ സർവ്വീസുകൾ മാത്രം. പറവൂരിൽ നിന്നാണെങ്കിൽ 8:10നു ശേഷം 8:45നു ഒരു ബസ്സ് പിന്നെ 10:40നു കെ എസ് ആർ ടി സി. പെർമിറ്റുള്ള ബസ്സുകൾ പലതും പകലും രാത്രിയും ഓടുന്നില്ല. ഫോർട്ട് കൊച്ചി യാത്രയുടെ ദുരിതം വർദ്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവ്വീസ് അവതാളത്തിൽ ആയി, വൈപ്പിൻ സ്റ്റാന്റിലേയ്ക്ക് സർവ്വീസ് നടത്തേണ്ട ബസ്സുകൾ പലതും സ്റ്റാന്റിലേയ്ക്ക് പോകുന്നില്ല. ഐലന്റിൽ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നും ബോട്ടിൽ വരുന്നവർക്ക് വൈപ്പിനിലെത്തിയാൽ ബസ്സില്ലാത്ത അവസ്ഥ. ഗോശ്രീപാലങ്ങൾ വഴി നഗരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും സർവ്വീസ് നടത്തേണ്ട കെ എസ് ആർ ടി സി നിലവിൽ പെർമിറ്റുള്ള സർവ്വീസുകൾ പൂർണ്ണമായും നടത്തുന്നില്ല. സ്വകാര്യബസ്സുകളെ ഇപ്പോൾ ഹൈക്കോടതിയുടെ സമീപത്തുപോലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. ബസ്സിൽ ഇരുന്നു പോകണമെങ്കിൽ ഒന്നുകിൽ അത്യാവശ്യം ഇടിയിടണം അല്ലെങ്കിൽ ബസ്സിറങ്ങി ഒരു കിലോമീറ്റർ നടക്കണം എന്ന ദുരവസ്ഥയിലാണ് നമ്മൾ. മഴക്കാലമായാൽ ഈ ഒരു കിലോമീറ്റർ നടത്തം സാധ്യമാണോ? സംസ്ഥാനത്തിനു തന്നെ മാതൃകയായിരുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഇന്ന് എത്രമാത്രം അപകടകരമായ യാത്രയാണ് ലെവൽ അല്ലാത്ത നമ്മുടെ നിരത്തിലൂടെ നടത്തുന്നത്. പ്രതികരിക്കുന്നെങ്കിൽ ഇപ്പോൾ പ്രതികരിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുന്നത്. കഴുതകൾ എന്ന് പലപ്പോഴും രാഷ്ട്രീയനേതൃത്വം രഹസ്യമായി വിളിക്കുന്ന നമ്മൾ സമ്മതിദായകൾ രാജക്കന്മാരാകുന്ന സമയം. ഈ വിഷയങ്ങൾ വോട്ടഭ്യർത്ഥിച്ച് വരുന്ന സ്ഥാനാർത്ഥികളോടും രാഷ്ട്രീയ നേതൃത്വത്തോടും പറയാൻ നമുക്കാവണം. ഇലക്ഷൻ പ്രഖ്യാപിച്ചാൽ എന്റെ വീടിന്റെ ഗേറ്റിൽ തൂക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്ന ബോർഡാണ് ചിത്രത്തിൽ. എന്നോടൊപ്പം ഈ പ്രതിഷേധത്തിൽ ചേരാൻ നിങ്ങൾ തയ്യാറുണ്ടോ? എങ്കിൽ പ്രചരിപ്പിക്കൂ. പഠിക്കാനും, ജോലിചെയ്യാനും, ചികിത്സയ്ക്കും എല്ലാം നമുക്ക് യാത്രചെയ്യേണ്ടതുണ്ട്. യാത്രചെയ്യാനുള്ള നമ്മുടെ അവകാശം സംരക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകൂ.

കൂടുതൽ അറിയാൻ ഈ ലിങ്കുകൾ നോക്കൂ.


No comments:

Post a Comment

Thank you for visiting my blog. Please leave your comments using DISQUS.