Thursday, August 27, 2015

ഫോർട്ട്കൊച്ചി ബോട്ടപകടം

കടപ്പാട് www.ibtimes.co.in

ഇന്ന് കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും പ്രാധാന്യത്തോടെ ചർച്ച ചെയ്ത ഒരു വിഷയമാണ് ഫോർട്ട്കൊച്ചിയിലെ ബോട്ട് അപകടം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് നമ്മുടെ സംവിധാനങ്ങളും അധികാരസ്ഥാപനങ്ങളും ഉണരുന്നത്. പക്ഷെ ആ ഉണരൽ താൽകാലികം മാത്രമാണ് ദുരന്തത്തിന്റെ വാർത്തയോടൊപ്പം ആ ദുരന്തം പഠിപ്പിക്കുന്ന പാഠങ്ങളും നാം മറക്കുന്നു. അല്ലെങ്കിൽ മുൻപ് ഉണ്ടായ ദുരന്തങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഇത്തരം ഒരു ദുരന്തം ഉണ്ടാവുന്നത് തടയാൻ സഹായിക്കേണ്ടതാണ്. തേക്കടിയിലും, തട്ടേക്കാടും, കണ്ണമാലിയിലും, കുമരകത്തും, വല്ലാർപാടത്തും എല്ലാം ഉണ്ടായ ബോട്ട് അപകടങ്ങൾ നൽകിയ പാഠങ്ങളിൽ നിന്നും അധികാരികൾ ഒന്നും പഠിച്ചില്ല എന്നുവേണം മനസ്സിലാക്കാൻ. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും അന്വേഷണകമ്മീഷനുകൾ വരുന്നു. അവരിൽ ചിലർ വിഷയങ്ങൾ ആത്മാർത്ഥമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു, സർക്കാരിന് സമർപ്പിക്കുന്നു. സർക്കാരുകൾ ചെയ്യേണ്ടത് ഈ റിപ്പോർട്ടുകളിൽ നടപടികൾ സ്വീകരിക്കുകയും ഇത്തരം അപകടങ്ങൾ വീണ്ടും ഉണ്ടാകാതെ നോക്കുകയും ആണ്. കുമരകത്ത് ഇതുപോലൊരു കടത്തുബോട്ട് 2002 ജൂലയ് 7ന് മണൽതിട്ടയിൽ ഇടിച്ച് 29 പേരാണ് കൊല്ലപ്പെട്ടത്. ബോട്ടിന്റെ കാലപ്പഴക്കവും അനുവദനീയമായതിലും ഇരട്ടി ആളുകൾ കയറിയതും ആണ് അന്ന് മരണസംഖ്യ കൂടാൻ കാരണമായത്. ഇതിനെ തുടർന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് അദ്ധ്യക്ഷനായ ഒരു സമിതിയെ അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ പഠിക്കുന്നതിനും ജലഗതാഗതരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനും ഒരു കമ്മീഷനായി സർക്കാർ നിയോഗിച്ചു. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ഇന്നും റിപ്പോർട്ടിൽ തന്നെ ഒതുങ്ങുന്നു.

ഞാൻ ഒരു വൈപ്പിൻ സ്വദേശിയാണ്. എന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടന്നുള്ള അഞ്ചുവർഷം എറണാകുളത്തും കളമശ്ശേരിയിലും പഠിക്കുമ്പോൾ ഞാൻ ആശ്രയിച്ചിരുന്നത് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ / കെ എസ് ആർ ടി സിയുടെ ബോട്ടുകൾ ആണ്. അന്നും (1991-1996‌) ജലഗതാഗതവകുപ്പ് ഉപയോഗിച്ചിരുന്ന പല ബോട്ടുകളും വളരെ പഴക്കം ചെന്നവ ആയിരുന്നു. അനുവദനീയമായതിലും വളരെ അധികം ആളുകളെയും കൊണ്ടാണ് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്ക് യാത്ര ചെയ്തിരുന്നത്. പലപ്പോഴും രാവിലെയുള്ള 20 മിനിറ്റ് യാത്ര വളരെ ഭീതിനിറഞ്ഞതായിരുന്നു. പല ബോട്ടുകളും എറണാകുളം എത്തുമ്പോഴേയ്ക്കും അകത്ത് വെള്ളം കയറിയിട്ടുണ്ടാകും. പിന്നെ അത് പമ്പ് ചെയ്ത് കളഞ്ഞാണ് അടുത്ത ട്രിപ്പ് തുടങ്ങുക. ഗംഗയും, ജലജയും, നിർമ്മലയും, കേരളകുമാരിയും, കോമളകുമാരിയും എല്ലാം അങ്ങനെ കാര്യമായ അപകടങ്ങൾ ഇല്ലാതെ ഞങ്ങളെ അക്കരെയും ഇക്കരെയും എത്തിച്ചിരുന്നു. ചിലപ്പോഴെല്ലാം യന്ത്രത്തകരാർ മൂലം നടുക്കായലിൽ വെച്ച് എഞ്ചിൻ ഓഫായിപ്പോവുകയും ബോട്ട് ഒഴുകി പോവുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അത്തരം ഒരു അപകടത്തിൻ ഞാൻ കയറിയ ബോട്ട് ഉൾപ്പെട്ടിരുന്നു. മറ്റേതെങ്കിലും ബോട്ട് വന്ന് കെട്ടിവലിച്ച് അടുത്ത കരയിൽ കെട്ടിയിടുകയാണ് ചെയ്തിരുന്നത്. ഇങ്ങനെ എഞ്ചിൻ നിലച്ച ബോട്ട് അഴിമുഖത്തേയ്ക്ക് ഒഴുകിപ്പോയാൽ വലിയ ദുരന്തം ഉണ്ടാകും എന്നതിൽ തർക്കമില്ല. കാരണം കായൽ യാത്രയ്ക്കും അഴിമുഖത്തെ യാത്രയ്ക്കും ഉള്ള ബോട്ടുകളുടെ നിർമ്മാണരീതിയിലെ വ്യത്യാസം ആണ്. കായൽ യാത്രയിൽ ഉപയോഗിക്കുന്ന മേല്പറഞ്ഞ ബോട്ടുകൾ അഴിമുഖത്തെ യാത്രയ്ക്ക് യോജിച്ചവയല്ല.

ആ കാലഘത്തിലും വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്കുള്ള കടത്തിനുണ്ടായിരുന്നത് ഇപ്പോഴും സർവ്വീസ് നടത്തുന്ന ഭരതയും ഹർഷയും തന്നെയാണ്. കുട്ടിയായിരുന്ന അവസരത്തിൽ അച്ഛനൊപ്പം ഫോർട്ട്കൊച്ചിയിൽ പോകുമ്പോഴും അന്നും ഞങ്ങൾ കയറിയിരുന്നത് കൊച്ചി കോർപ്പറേഷന്റെ ഈ ബോട്ടിൽ തന്നെയാണ്. അതിനാൽ തന്നെ വാർത്തകളിൽ പറഞ്ഞപോലെ 35 വർഷം പഴക്കമുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട് എന്നതിൽ തർക്കമില്ല. വൈപ്പിൻ - ഐലന്റ് - എറണാകുളം സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മരത്തിൽ നിർമ്മിച്ച ബോട്ടുകൾക്ക് പകരം സ്റ്റീൽ ബോട്ട് എന്ന ആശയം കൊണ്ടുവന്നതും നടപ്പിലാക്കിയതും ശ്രീ ഗണേഷ് കുമാർ ഗതാഗതമന്ത്രി ആയിരുന്ന സമയത്താണ്.  ആദിത്യ എന്ന പേരുള്ള സ്റ്റീൽ ബോട്ട് ആദ്യമായി നീറ്റിലിറക്കിയതും അദ്ദേഹം തന്നെ. എന്നാൽ എല്ലാ വിഭാഗക്കാരിൽ നിന്നും ധാരാളം വിമർശനങ്ങൾ അതിനുണ്ടായി. പക്ഷെ ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു പരിഷ്കാരത്തിനുള്ള ശ്രമം വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിൽ ഉണ്ടായിട്ടില്ലെന്നത് ദുഃഖകരമാണ്. 


ഇന്നത്തെ അപകടം മനുഷ്യസൃഷ്ടിയാണെന്ന് തന്നെ പറയാം. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്ക് യാത്രക്കാരുമായി വരുകയായിരുന്ന ഭരത എന്ന ബോട്ടിൽ ഫോർട്ട് കൊച്ചിയിലെ പമ്പിൽ നിന്നും ഡീസൽ നിറച്ച ശേഷം അമിതവേഗത്തിൽ വന്ന മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു. യാത്രാബോട്ടിന്റെ കാലപ്പഴമാകാം ബോട്ട് തകരുന്നതിനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുങ്ങിപ്പോവുന്നതിനും കാരണമായത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് മരണസംഖ്യ ഇത്രയെങ്കിലും കുറവായത്. ഒന്ന് ഉച്ച സമയത്ത് തിരക്കൊഴിഞ്ഞ നേരത്താണ് അപകടം ഉണ്ടായത് എന്നതും കരയിൽ നിന്നും നൂറുമീറ്റർ മാത്രം അകലത്തിൽ ആണ് അപകടം സംഭവിച്ചത് എന്നതും മരണസംഖ്യ കുറയുന്നതിന് കാരണമായി. എന്നാലും ആറു ജീവനുകൾ നഷ്ടപ്പെട്ടു. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഫോർട്ട് വൈപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗത്താണ് ബോട്ട് സർവ്വീസ് നടക്കുന്നത്. കടലിൽ നിന്നും കൊച്ചിക്കായലിലേയ്ക്കും അതു പോലെ കൊച്ചി കായലിൽ നിന്നും കടലിലേയ്ക്കും പോകുന്ന മത്സ്യബന്ധന ബോട്ടുകളും, ചരക്ക് കപ്പലുകളും, ഓയിൽ ടാങ്കറുകളും, നേവിയുടെയും കോസ്റ്റ് ഗാർഡിന്റേയും കപ്പലുകളും ബോട്ടുകളും, ചെറുവള്ളങ്ങളും എല്ലാം സഞ്ചരിക്കുന്ന വളരെ തിരക്കേറിയ ജലപാതയെ ക്രോസ് ചെയ്താണ് ഈ ഫെറി സർവ്വീസ് നടക്കുന്നത്. ഇതുവരെ ഇത്തരം ഒരു കൂട്ടിയിടി ഉണ്ടാവാതെ പോയത് ആരുടെയൊക്കയോ ഭാഗ്യം എന്നേ പറയാനുള്ളു. പക്ഷെ സമാനമായ പല അപകടങ്ങളും ഇതിനു മുൻപും തലനാരിഴവ്യത്യാസത്തിൽ ഒഴിഞ്ഞു പോയിട്ടുണ്ട്. പലപ്പോഴും വലിയ കപ്പലുകൾ കടന്നു പോകുമ്പോഴും ശക്തമായ തിരയിൽ ഈ ബോട്ടുകൾ ആടിയുലഞ്ഞിട്ടുണ്ട്. കൂട്ടിയുടെ വക്കത്തുവരെ എത്തിയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഈ സംഭവം കൂടുതൽ കാര്യക്ഷമമായ / സുരക്ഷിതമായ ബോട്ട് സർവീസ് രൂപപ്പെടുത്തുന്നതിനുള്ള പ്രേരകം ആവട്ടെ എന്ന് ആശിക്കുന്നു.

ഇന്ന് അപകടത്തിൽപെട്ട ബോട്ടിൽ മൂന്ന് ലൈഫ് ബോയകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വാർത്തകളിൽ കണ്ടു. തട്ടേക്കാടും, തേക്കടിയിലും, കുമരകത്തും ബോട്ടപകടം ഉണ്ടായപ്പോൾ ഇതുതന്നെ ആയിരുന്നു അവസ്ഥ. ആവശ്യത്തിനുള്ള ലൈഫ് ബോയകൾ ബോട്ടിൽ ഉണ്ടായിരുന്നില്ല. അന്നും അപകടം കഴിഞ്ഞ് കുറച്ചുനാൾ ഈ പരിശോധനകൾ കർശ്നമായി കൊണ്ടുനടുന്നു. പിന്നെ എല്ലാം പഴയപടിയായി. 25 വർഷത്തിൽ അധികം പഴക്കമുള്ള ബോട്ടുകൾ (മരത്തിൽ നിർമ്മിച്ചത്) ഇതുപോലുള്ള ഗതാഗതത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം എന്ന് ചിലർ പറയുന്നു. പിന്നെ എങ്ങനെ 35 വർഷം പഴക്കമുള്ള ഈ ബോട്ടിനും ഫിറ്റ്നസ്സ് സെർട്ടിഫിക്കറ്റ് കിട്ടി. ജലഗതാഗതവകുപ്പും കൊച്ചിൻ പോർട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരിശോധിച്ച ശേഷമാണ്  കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ ബോട്ടിന് എല്ലാ വർഷവും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും ലൈസൻസും ലഭിക്കുന്നത്. സാങ്കേതികകാരണങ്ങൾ കൊണ്ടല്ല, കൂട്ടിയിടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെങ്കിലും കാലപ്പഴക്കം ഇത്രപെട്ടന്ന് ബോട്ട് തകരുന്നതിനും മുങ്ങുന്നതിനും കാരണമായി എന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും രക്ഷപെട്ടവരും പറയുന്നു. ഇതെല്ലാം അന്വേഷണപരിധിയിൽ വരുമെന്നും കുറ്റക്കാരുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും എന്നു കരുതാം. അപകടത്തിനിടയാക്കിയ മത്സ്യബന്ധനബോട്ട് ഓടിച്ചിരുന്നത് വേണ്ടത്ര പരിചയം ഇല്ലാത്ത ആളാണെന്നും വാർത്തകൾ ഉണ്ട്. സ്രാങ്ക് ഡീസൽ അടിക്കുമ്പോൾ ഇറങ്ങിയെന്നും പിന്നീട് മെക്കാനിക്ക് ആണ് ബോട്ട് ഓടിച്ചതെന്നും പറയപ്പെടുന്നു. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടീകൾ അധികാരികളിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ്  ചുരുക്കുന്നു.

Saturday, May 23, 2015

മാഗി ആശങ്കപ്പെടുത്തുന്ന വാർത്തകൾ

1999-2000 കാലഘട്ടത്തിൽ ആണ് എറണാകുളത്ത് ബാന്ര്ജി റോഡിൽ ഉള്ള ചിയാങ് എന്ന ചൈനീസ് ഫുഡ്സ് റസ്റ്റോറന്റിൽ നിന്നും ആദ്യമായി നൂഡിൽസും, ചില്ലി ഗോപിയും, ചില്ലി പോർക്കും, അതുപോലുള്ള മറ്റ് ചൈനീസ് വിഭവങ്ങളും കഴിക്കുന്നത്. ചിയാങിനെ പരിചയപ്പെടുത്തുന്നത് സുഹൃത്തായ തോമസ് ആണ്. അന്നും ചൈനീസ് ഫാസ്റ്റ് ഫുഡ്സിൽ ആരോഗ്യത്തിനു ഹാനികരമായ ചില രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴെ കൃത്രിമ നിറങ്ങളും മറ്റും കഴിവതും ഒഴിവാക്കണം എന്നൊരു നിർദ്ദേശവും നൽകുമായിരുന്നു. ചൈനീസ് വിഭവങ്ങളുടെ സ്വാദ് അന്നും ഇഷ്ടമായിരുന്നു എങ്കിലും മാസത്തിൽ രണ്ട് തവണ എന്നതിൽ അധികമൊന്നും ചൈനീസ് വിഭവങ്ങൾ കഴിക്കുമായിരുന്നില്ല.

ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡിൽസ്. പാക്കറ്റുകളിൽ വരുന്ന രണ്ടുമിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് നൂഡിൽസാണ് പല കുട്ടികൾക്കും പ്രഭാതഭക്ഷണവും  ഉച്ചഭക്ഷണവും എല്ലാം. നിർമ്മാതാക്കൾ വളരെ ആരോഗ്യപ്രദമാണെന്ന് അവകാശപ്പെടുന്നതിനാലും രുചികരമായ, പാചകം ചെയ്യാൻ വളരെ എളുപ്പമായ ഒരു വിഭവം എന്ന രീതിയിലും എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നായതിനാലും ഇത്  ഇന്ന് ഞാൻ ഉൾപ്പടെ പലർക്കും ഇഷ്ടവിഭവമായി മാറിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി വിവിധ മാധ്യമങ്ങളിൽ നൂഡിൽസിനെ കുറിച്ച് പുറത്തുവരുന്ന ചില വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. നിലവിൽ വാർത്തകൾ പുറത്തുവരുന്നത് Nestle India Limited ഉല്പാദിപ്പിക്കുന്ന Maggi എന്ന ഇൻസ്റ്റന്റ് നൂഡിൽസിൽ അപകടകരമായ അളവിൽ കണ്ടെത്തിയ രാസവസ്തുക്കളെ കുറിച്ചാണ്. ഉത്തർപ്രദേശിലെ ലഖ്നൗ Food Safety and Drug Administration മാഗിയുടെ ഏതാനും ചില സാമ്പിളുകളിൽ നടത്തിയ പഠനം വെളിവാക്കുന്നത് അവർ പരിശോധിച്ച സാമ്പിളുകളിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (Mono Sodium Glutamate / MSG), ലെഡ് എന്നീ രാസപദാർത്ഥങ്ങളുടെ അളവ് അപകടകരമായ രീതിയിൽ കൂടുതൽ ആണെന്നാണ്.

Mono Sodium Glutamate (MSG) പ്രകൃതിയിൽ സുലഭമായുള്ളതും ചില പച്ചക്കറികളിലും ഫലവർഗ്ഗങ്ങളിലും പ്രകൃത്യാടങ്ങിയിട്ടുള്ളതുമായ, ശരീരത്തിന് അവശ്യം വേണ്ടാത്ത അമിനോ ആസിഡ് ആണ്. ഇത് കൂടാതെ ചൈനീസ് ഫുഡിലും മറ്റും ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി എം എസ് ജി ചേർക്കുകയും ചെയ്യുന്നു. ഇതിന്റെ അമിതമായ ഉപഭോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു എന്നാണ് ചില സൈറ്റുകൾ നൽകുന്ന വിവരങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. മാഗിയിൽ കണ്ടെത്തിയ എം എസ് ജി യുടെ അളവ് എത്രയാണെന്നോ, ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാവുന്ന എം എസ് ജിയുടെ അനുവദനീയമായ അളവ് എത്രയാണെന്നോ ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളിൽ കണ്ടില്ല. തങ്ങളുടെ ഉല്പന്നങ്ങളിൽ എം എസ് ജി കണ്ടെത്തിയ വാർത്തിയെ തുടർന്ന് Nestle India Limited പുറത്തിറക്കിയ പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു.


We are aware of reports that tests by the local authorities have detected Monosodium Glutamate (MSG) in a sample of MAGGI Noodles and that they are continuing their investigation. We have submitted product samples to an independent accredited laboratory and will share the results with the authorities.We do not add MSG to our MAGGI Noodles sold in India and this is stated on the concerned product. However, we use hydolysed groundnut protein, onion powder and wheat flour to make MAGGI Noodles sold in India, which all contain glutamate. We believe that the authorities’ tests may have detected glutamate, which occurs naturally in many foods.
രണ്ടാമതായി മാഗിയിൽ കണ്ടെത്തിയ ഘടകം ലെഡ് ആണ്. ലെഡിന്റെ ഉപഭോഗം സംബന്ധിച്ച് ആർക്കും തർക്കമുള്ളതായി അറിവില്ല. ലഡ് ശരീരത്തിന് ഹാനികരമായ പദാർത്ഥം ആണെന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ആരോഗ്യത്തിന് ഹാനികരം അല്ലാത്ത ഒരു പരിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 0.5 - 2.5ppm (parts per million) എന്ന അളവിൽ ആണ്. എന്നാൽ മാഗിയിൽ പരിശോധിക്കപ്പെട്ട സാമ്പിളുകളിൽ ഇതിന്റെ അളവ് 17.2ppm ആയിരുന്നു എന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. അതായത് അനുവദനീയമായ പരമാവധി അളവിനേക്കാൾ 7 മടങ്ങ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്നു. ഭക്ഷണപദാർത്ഥങ്ങളിലൂടെ അമിതമായ അളവിൽ ലെഡ് ശരീരത്തിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം, പേശികളുടെ ബലക്കുറവ്, കേൾവിയും കാഴ്ചയും കുറയ്ക്കുക എന്നിങ്ങനെ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. തങ്ങളുടെ ഉല്പന്നത്തിൽ ലെഡിന്റെ സാന്നിദ്ധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനെ കുറിച്ച് Nestle അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്.
We are also aware of the reports of elevated levels of lead in a pack of MAGGI Noodles analysed by the authorities. We regularly monitor for lead as part of our stringent quality control processes, including testing by accredited laboratories. These tests have consistently shown lead levels in MAGGI Noodles to be within permissible limits. We have submitted product samples to an independent accredited laboratory and will share the results with the authorities.
ഈ വാർത്തകൾ എല്ലാം ഇന്ന് വിപണിയിൽ ലഭ്യമായ നിരവധി ഇൻസ്റ്റന്റ് നൂഡിൽസിൽ ഒന്നുമാത്രമായ മാഗി എന്ന ഉല്പന്നത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. സമാനമായ നിരവധി ഉല്പന്നങ്ങളിൽ ഇത്തരത്തിലുള്ള അപകടകരമായ പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധനകൾ നടത്തിയതായി പറയുന്നില്ല. അതിനാൽ തന്നെ ഇത് ഒരു ഉല്പന്നത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണോ എന്നും സംശയം ഉണ്ട്.  2013-ൽ മാഗി വിപണിയിൽ എത്തിച്ച ഒരു പ്രത്യേക ബാച്ചിലെ സാമ്പിൾ പരിശോധനയിൽ ആണ് ഇപ്പോൾ പുറത്തുവരുന്ന കണ്ടെത്തലുകൾ ഉള്ളത്. ആ ബാച്ചിന്റെ സുരക്ഷിതമായ ഉപയോഗകാലാവധി കഴിഞ്ഞതിനാൽ ആ ബാച്ചിൽ പെടുന്ന ഉല്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഇല്ലെന്നാണ് Nestle അവകാശപ്പെടുന്നത്. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മാഗിയിലെ രാസഘടകങ്ങൾ  സംബന്ധിക്കുന്ന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. മാഗി പൂർണ്ണമായും നിരോധിക്കണം എന്ന ചില ആവശ്യങ്ങളും പല ഭാഗത്തുനിന്നും ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ അതാവില്ലെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾക്കും അതിനു നൽകുന്ന വ്യാപകമായ പ്രചാരണത്തിനു പിന്നിലും എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.

ഇനി മറ്റൊരു പരിശോധനാഫലം കൂടി നോക്കാം. അഹമ്മദാബാദ് കേന്ദ്രമായ ഒരു Consumer Education Research Society 15 ബ്രാന്റുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി ഇന്ത്യാടുഡെ 2012-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലേതാണ് ഈ പരാമർശങ്ങൾ. അവർ പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി, ടോപ്പ് റാമൻ, ക്നോർ, ഫൂഡിൽസ്, യെപ്പി എന്നിങ്ങനെ വിവിധ ബ്രാന്റുകൾ ആണ്. പരിശോധയ്ക്ക് വിധേയമാക്കിയ എല്ലാ ബ്രാൻഡുകളിലും ഉയർന്ന് അളവിൽ സോഡിയം, കൊഴുപ്പ്, എന്നിവ കണ്ടെത്തി. എല്ലാത്തിലും നാരുകൾ വളരെ കുറവും ആയിരുന്നു. എല്ലാ ബ്രാൻഡുകളിലും ഉണ്ടായിരുന്ന് സോഡിയത്തിന്റെ അളവ് ശരാശരി 100ഗ്രാമിൽ 821മില്ലി ഗ്രാം എന്ന തോതിൽ ആയിരുന്നു. ഇത് സുരക്ഷിതമായ അളവിനേക്കാൾ വളരെ ഉയർന്നതാണെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതൽ സോഡിയം ഉണ്ടായിരുന്നത് Knor Soupy Noodles-ൽ ആണ് 1943മില്ലി ഗ്രാം. അന്ന് ഏറ്റവും കുറവ് സോഡിയം കണ്ടെത്തിയത് Maggi Meri Masala-യിൽ ആയിരുന്നു 821 മില്ലി ഗ്രാം. 

ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാണ്. ഇതുപോലെ പാക്ക് ചെയ്തുവരുന്ന ഇൻസ്റ്റന്റ് ഫുഡ്സിൽ എല്ലാത്തിലും പൊതുവായി ആരോഗ്യത്തിനു ഹാനികരമാവുന്ന രാസഘടകങ്ങൾ കണ്ടെത്താൻ സാധിക്കും. എന്നാൽ അത്തരത്തിൽ സമഗ്രമായ പരിശോധനനകൾ നടത്താതെ ഏതെങ്കിലും ഒരു പ്രത്യേക ബ്രാന്റിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രചരണങ്ങൾ സദുദ്ദേശപരമാണെന്ന് ഞാൻ കരുതുന്നില്ല.

Wednesday, May 13, 2015

ഉപഭോക്തൃസൗഹൃദമല്ലാത്ത സർക്കാർ ബാങ്കുകൾ


നമ്മുടെ സർക്കാർ ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കളോട് സൗഹാർദ്ദമായ നിലപാടല്ല സ്വീകരിക്കുന്നത് എന്ന് ഇതിനു മുൻപും പലരും ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്നത്തെ അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കുന്നു. എനിക്ക് State Bank of India യുടെ ചെറായി ബ്രാഞ്ചിൽ (SBIN0008604) ഒരു അക്കൗണ്ട് ഉണ്ട്. സർക്കാർ ബാങ്കിൽ ഒരു അക്കൗണ്ട് വേണം എന്ന ആഗ്രഹത്തിൽ ഞങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ബാങ്ക് എന്നതിനാലാണ് ചെറായി എസ് ബി ഐ തിരഞ്ഞെടുത്തത്. നല്ല തിരക്കുള്ള ബ്രാഞ്ചാണ് ചെറായി. രണ്ടു പഞ്ചായത്തുകളിലെ മിക്കവാറും പെൻഷൻകാരും, സർക്കാർ ജീവനക്കാരുടെ സാലറി അക്കൗണ്ടുകൾ, സർക്കാർ സബ്സിഡിയുള്ള പദ്ധതികളിലെ പണം ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ ഉള്ളവരും പാൽ സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നിരവധി ആളുകൾ ഈ ബാങ്കിനെ ആശ്രയിക്കുന്നു. അങ്ങനെ എപ്പോൾ ചെന്നാലും നല്ല തിരക്കാവും അവിടെ. പണം പിൻവലിക്കാൻ ഒരിക്കലും ബ്രാഞ്ചിനെ ആശ്രയിക്കാറില്ല. എ ടി എം സേവനം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പണം നിക്ഷേപിക്കാൻ അവിടെ പോയല്ലെ മതിയാവൂ. അങ്ങനെ പോവുമ്പോഴെല്ലാം പലപ്പോഴും നീണ്ട ക്യു ആയിരിക്കും കൗണ്ടറുകളിൽ. തിരക്ക് അല്പം കുറവുള്ളത് ഉച്ചസമയത്താണ്. ഇന്നും ഉച്ചയ്ക്ക് 1:35നു ഞാൻ അവിടെ എത്തുമ്പോൾ ആകെ ഒരു കൗണ്ടറിൽ മാത്രമാണ് ട്രാൻസാക്ഷൻ നടക്കുന്നത്. മറ്റൊരു കൗണ്ടറിൽ ആരും ഇല്ല. പക്ഷെ അവിടെ അന്യസംസ്ഥനക്കാരായ എട്ടോളം ആളുകളുടെ ഒരു ക്യു ഉണ്ട്. ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിൽ 10 പേരുടെ ക്യുവും മറ്റാവശ്യങ്ങൾക്ക് വന്ന് കുറെ പേർ കാലിയായ സീറ്റുകളിൽ ജീവനക്കാർ എത്തുന്നതും പ്രതീക്ഷിച്ച് അവിടവിടെ ആയി ഇരിക്കുന്നുണ്ട്. ഞാൻ ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിലെ ക്യുവിൽ പതിനൊന്നാമനായി ചേർന്നു. എനിക്ക് മുൻപ് ക്യു വിന്റെ നടുവിലായി നിന്ന രണ്ടു പേർ അന്യസംസ്ഥാനക്കാരായിരുന്നു. അവരുടെ ഊഴം എത്തിയപ്പോൾ അവരേയും നേരത്തെ പറഞ്ഞ ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യു വിലേയ്ക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ കൗണ്ടറിൽ എത്തുമ്പോൾ സമയം 1:50 ആവുന്നു. എന്റെ മുന്നിൽ നിന്ന ആളുടെ പക്കൽ നിന്നും പണം നിക്ഷേപിക്കുന്നതിനുള്ള സ്ലിപ്പും പണവും വാങ്ങി ആ കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥൻ കൗണ്ടർ അടച്ചു കൊണ്ട് ഒരു ബോർഡ് വെച്ചു "Lunch Break 1:45 to 2:15PM" എന്റെ മുന്നിൽ നിന്ന ആൾ പണം അടച്ചു പോയി. ഞാൻ കൗണ്ടറിൽ എത്തിയപ്പോൾ "അപ്പുറത്തെ കൗണ്ടരിൽ ഉടനെ ആൾ വരും അവിടത്തെ ക്യുവിൽ നിൽക്കാൻ" പറഞ്ഞ് ആ ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്റെ പുറകിൽ അപ്പോൾ നാലു പേർ വേറേയും നിൽപ്പുണ്ടായിരുനു.

ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യൂ അപ്പോഴേയ്ക്കും വളർന്നിരുന്നു. ഞാൻ ആ ക്യു വിൽ നിൽക്കണമെങ്കിൽ ഇനി പത്താമനോ പതിനൊന്നമനോ ആകണം. 1:45 മുതൽ 2:15 വരെ ബാങ്കിടപാടുകൾ നടക്കില്ല എന്ന് ഒരു ബോർഡും അവിടെ എങ്ങും പ്രദർശിപ്പിച്ചിരുന്നുമില്ല. അങ്ങനെ എങ്കിൽ ക്യു വിൽ ആൾ നിൽക്കുന്ന സമയത്ത് പറയണം. ഇത് കൗണ്ടറിൽ ആൾ എത്തുമ്പോൾ ജീവനക്കാരൻ എഴുന്നേറ്റു പോകുന്ന നടപടി ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. നല്ല ദേഷ്യം വന്നു. നേരെ മാനേജറുടെ ക്യാബിനിൽ ചെന്നു അദ്ദേഹത്തോട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപ "അവർ ഊണുകഴിച്ചു വന്നാലെ ഇനി പണം സ്വീകരിക്കാൻ പറ്റൂ. സ്റ്റാാഫില്ല. ഇവിട ഇതൊക്കെയേ നടക്കൂ"

ജീവനക്കാരുടെ കുറവുകാരണം മുൻപ് പാസ്സ്ബുക്ക് പതിപ്പിക്കാൻ 3 പ്രാവശ്യം പോകേണ്ടിവന്നു. അത് പാസ്സ്പോർട്ട് എടുക്കുന്നതിന് (തത്കാലിൽ) 2 അഡ്രസ്സ് പ്രൂഫ് വേണമായിരുന്നു. അതിൽ ഒന്ന് സർക്കാർ ബാങ്കിൽ നിന്നുള്ള പാസ്സ്ബുക്കിന്റെ കോപ്പിയാണ്. ഈ അവസ്ഥയ്ക്കെതിരെ പരാതി പറയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അത്തരം പരാതികൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? സമാന അനുഭവസ്ഥരുടെ അഭിപ്രയങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിലും ഫേസ്ബുക്കിലും നടന്ന ചർച്ചകൾ

  1. ഗൂഗിൾ പ്ലസ്സ്
  2. ഫേസ്ബുക്ക്